Home>Kids Health>First Month
FONT SIZE:AA

കുഞ്ഞ് അഞ്ചാമത്തെ ആഴ്ചയിലേയ്ക്ക്‌

നാലാഴ്ച പിന്നിടുന്നതോടെ കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യഘട്ടം കഴിയുകയാണ്. നവജാതശിശു ഇനി മുതല്‍ വെറും ശിശു ആയിരിക്കും. തലച്ചോറിന്‍േറയും ആന്തരാവയവങ്ങളുടേയും വളര്‍ച്ചയില്‍ ഏറെ പ്രാധാന്യമുള്ളൊരു ഘട്ടമാണ് നമ്മുടെ ശിശു വിജയകരമായി പിന്നിട്ടിരിക്കുന്നത്.

ഭൂമിയിലെ ജീവിതസാഹചര്യങ്ങളോട്, ഇവിടുത്തെ ചൂടിനോട്, തണുപ്പിനോട്, വായുവിനോട്, വെളിച്ചത്തോട്, ഇരുട്ടിനോട്, ശബ്ദത്തോട്, ഗന്ധത്തോട് ഒക്കെ പൊരുത്തപ്പെടാന്‍ കുഞ്ഞ് ശീലിച്ചിരിക്കുന്നു. അച്ഛനമ്മമാരുടേയും അടുത്ത ബന്ധുക്കളുടേയും പൊന്നോമനയായി പുതിയ ജീവിതത്തിലേക്കു ചുവടു വയ്ക്കുകയായി കുഞ്ഞ്.

കുഞ്ഞ്പാല്‍ കുടിച്ചുകഴിയുമ്പോള്‍ കുറച്ചു കക്കിക്കളയുന്നത് സ്വാഭാവികമാണ്. പേടിക്കാനൊന്നുമില്ല. പാല്‍കൊടുത്തശേഷം കുഞ്ഞിനെ കമിഴ്ത്തിപ്പിടിച്ചോ വലത്തേക്കു ചരിച്ചുകിടത്തിയോ പതുക്കെ പുറത്തു തട്ടിക്കൊടുക്കുക. പാല്‍ കക്കുന്നതുപോലുള്ള അസ്വാസ്ഥ്യങ്ങള്‍ കുറയും.

നവജാതശിശുവിന്റെ അരഭാഗത്തും പുറത്തുമൊക്കെ ചില നീല അടയാളങ്ങള്‍ പടര്‍ന്നുകിടക്കുന്നതായി ചിലപ്പോള്‍ കാണാറുണ്ട്. മംഗോളിയന്‍ പാടുകള്‍ എന്നറിയപ്പെടുന്ന ഇവ കാര്യമായ പ്രശ്‌നമൊന്നും ഉള്ളവയല്ല. ഏതാനും മാസങ്ങള്‍ക്കകം ഈ പാടുകള്‍ താനേ മാറിക്കോളും. ചികിത്സയൊന്നും വേണ്ട.

കുഞ്ഞ് കിടക്കുന്ന മുറിയില്‍ കൊതുകുതിരിയും മറ്റും കത്തിക്കാതിരിക്കുക. കൊതുകില്‍നിന്ന് രക്ഷിക്കാന്‍ കുഞ്ഞിന് ഒരു വല നല്‍കിയാല്‍ മതി. ഫാന്‍ ഇട്ട് ശീലിപ്പിക്കാതിരിക്കുകയാണ് നല്ലത്. എയര്‍ കണ്ടീഷന്‍ മുറിയും അത്ര നന്നല്ല. കുഞ്ഞിനു ശ്വാസസംബന്ധമായ വിഷമതകളുണ്ടാകാന്‍ ഇവ കാരണമായേക്കും.

നവജാതശിശുവിനെ എടുക്കാനും നല്ല പരിചയം വേണം. കുഞ്ഞിന്റെ കഴുത്ത് ഉറച്ചിട്ടില്ലെന്നതു മറക്കരുത്. ഒരുകൈകൊണ്ട് കഴുത്തിനു പിന്നിലൂടെ തലതാങ്ങിപ്പിടിക്കണം. മറുകൈ കുഞ്ഞിന്റെ ഊരയിലും താങ്ങണം. അങ്ങനെ കുഞ്ഞുശരീരത്തിലെ മുഴുവന്‍ ഭാഗവും സുരക്ഷിതമായി താങ്ങി കുഞ്ഞിനു സുഖകരമായിരിക്കും വിധത്തിലേ എടുക്കാവൂ. തോളില്‍ ചേര്‍ത്തുകിടത്തുന്നത് സുഖകരമായിരിക്കും. അപ്പോഴും തലയ്ക്കു പിന്നില്‍ താങ്ങ് ഉണ്ടായിരിക്കണം.

. ഒരു മാസത്തിനകം ഒരു കിലോഗ്രാമോളം തൂക്കംകൂടും. അതോടൊപ്പംത്തന്നെ ബലവും വര്‍ധിക്കും. ഏറെ നേരം ഉണര്‍ന്നിരിക്കാനും തുടങ്ങുന്നു. ചില ശിശുക്കള്‍ ദിവസം 10 മണിക്കൂര്‍ ഉണര്‍ന്നിരിക്കാറുണ്ട്. കഴുത്ത് ഉറയ്ക്കാറായിട്ടില്ലെങ്കിലും തലയുയര്‍ത്താനുള്ള ശ്രമം തുടങ്ങുന്നു.

കുഞ്ഞിനെ പരിചരിക്കുന്നതില്‍ അമ്മയ്ക്ക് കൂടുതല്‍ ആത്മവിശ്വാം കിട്ടിക്കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും രാത്രിയിലെ കുഞ്ഞിന്റെ മുലകുടി നിര്‍ത്തണമെന്ന് അമ്മ അതിയായി ആഗ്രഹിക്കുന്നു. ഇതിന് പെട്ടന്ന് ഒരു പരിഹാരം ഉണ്ടാകില്ലെങ്കിലും, പകല്‍ കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അമ്മയും ഉറങ്ങാന്‍ ശ്രമിക്കണം. അമ്മയുടെ പരിശ്രമങ്ങള്‍ക്ക് ആശ്വസമായി കുഞ്ഞ് പുഞ്ചിരിക്കാന്‍ തുടങ്ങുന്നത് ആഹ്ലാദമുണ്ടാക്കും.


Tags- Child development stages
Loading