Home>Kids Health>First Month
FONT SIZE:AA

കണ്മണി നാലാം ആഴ്ചയിലേയ്ക്ക്‌

രണ്ടാഴ്ച കഴിയുമ്പോഴേക്ക് കുഞ്ഞിക്കൈകളിലും കാല്‍കളിലുമൊക്കെ നഖം വീണ്ടും നീണ്ടുവന്നിരിക്കും. ഇത് ശ്രദ്ധാപൂര്‍വം നീക്കം ചെയ്യണം. നീണ്ടുനില്‍ക്കുന്ന നഖം മുഖത്തോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോ കൊണ്ടാല്‍ മുറിഞ്ഞുണ്ടാകുന്ന പാട് മായാതെ നിന്നെന്നു വരും.

പൊക്കിള്‍ക്കൊടി വേര്‍പെട്ട് 10-12 ദിവസം കഴിയുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ക്ക് പൊക്കിളിനുമേല്‍ ഒരു മുഴപോലെ കാണാറുണ്ട്. ഇതിന് അംബിലിക്കല്‍ ഹെര്‍ണിയ എന്നു പറയും. ആ ഭാഗത്തെ മാംസപേശികളുടെ ബലക്കുറവുമൂലം ഉണ്ടാകുന്നതാണ് ഈ പ്രശ്‌നം. ഒന്നുരണ്ടു വര്‍ഷത്തിനകം ഇതു തനിയെ ഭേദമാകാറുണ്ട്. ചികിത്സയൊന്നും ആവശ്യമില്ല. ഈ മുഴ അമര്‍ത്തിത്താഴ്ത്തുകയോ താഴ്ത്തിക്കെട്ടി വെക്കുകയോ ഒന്നും ചെയ്യരുത്.

കുഞ്ഞിനെ കാണാന്‍ സന്ദര്‍ശകര്‍ തിരക്കിട്ട് എത്തുന്നുണ്ടാവും. ജലദോഷം, പനി തുടങ്ങി ഏതെങ്കിലും അസുഖങ്ങളുള്ളവര്‍ കുഞ്ഞിനെ കാണാന്‍ പോവാതിരിക്കണം. കുഞ്ഞിന് പ്രതിരോധശേഷി കുറവാണ്. രോഗാണുക്കള്‍ അവരെ എളുപ്പം ബാധിക്കും. അപകടങ്ങളൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് സന്ദര്‍ശകര്‍ തന്നെയാണ്.

കുഞ്ഞിനെ കാണാനെത്തുന്നവര്‍ കാഴ്ചയായി പൗഡറും സോപ്പും കണ്മഷിയും സ്‌പ്രേയും ഒക്കെ കൊണ്ടുവരുന്നുണ്ടാവും. ആദ്യത്തെ നാലാഴ്ച ഇതൊന്നും തൊടുകയേയില്ല എന്നു തീരുമാനിക്കുന്നതാണ് കുഞ്ഞിനു കൂടുതല്‍ നല്ലത്.

കാണാനെത്തുന്നവര്‍ കുഞ്ഞിനെ എടുത്ത് ഉമ്മ വെയ്ക്കുന്നതും കവിളില്‍ പിടിച്ച് ഓമനിക്കുന്നതുമൊന്നും അത്ര നന്നല്ല. ഇത്തരം കാര്യങ്ങളിലൊക്കെ മര്യാദ പാലിക്കേണ്ടതു സന്ദര്‍ശകരാണ്.
Tags- Child development stages
Loading