Home>Kids Health>First Month
FONT SIZE:AA

കണ്മണി രണ്ടാമത്തെ ആഴ്ചയിലേയ്ക്ക്‌

അതെ. സംഭവബഹുലമാവാനുള്ള ആ ജീവിതത്തില്‍ ഒരാഴ്ച പിന്നിട്ടിരിക്കുന്നു. വീട്ടില്‍, സുഖകരമായ അന്തരീക്ഷത്തില്‍ വേണ്ടത്ര കാറ്റും വെളിച്ചവുമുള്ള മുറിയിലാണ് അമ്മയും കുഞ്ഞും വിശ്രമിക്കുന്നത്. ഇതുവരെ തണുപ്പടിക്കാതെ കുഞ്ഞിനെ മൃദുവായ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നുവല്ലോ. ഇനി, മൃദുവായ പരുത്തിത്തുണികൊണ്ടുള്ള കുഞ്ഞുടുപ്പുകള്‍ അണിയിച്ചുതുടങ്ങാം.


പൊക്കിള്‍ക്കൊടി ഉണങ്ങിത്തുടങ്ങുന്നു. ഇതിനിടെ കുളിപ്പിക്കുമ്പോഴും മറ്റും അണുബാധയുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ചില പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനനേന്ദ്രിയത്തില്‍ രക്തംപൊടിഞ്ഞതുപോലെ കാണുന്നത് 7-10 ദിവസത്തിനകം സ്വയം ശരിയായിക്കൊള്ളും. മരുന്നൊന്നും വേണ്ട. ചില കുഞ്ഞുങ്ങളില്‍ ജനനേന്ദ്രിയത്തില്‍ വെളുത്ത കൊഴുത്ത സ്രവം കാണാറുണ്ട്. ഇതും പ്രശ്‌നമാക്കാനില്ല. ഏതാനും ദിവസത്തിനകം ശരിയായിക്കൊള്ളും.


കുഞ്ഞിനു തേനും വയമ്പും നല്‍കണമെന്ന് കാരണവന്മാര്‍ നിര്‍ബന്ധിച്ചെന്നു വരാം. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞ് അതു നല്‍കുന്നതാവും നല്ലത്. നല്ലതേനും നല്ല വയമ്പും ആയിരിക്കണം. അങ്ങേയറ്റം വൃത്തിയോടെ അരച്ചെടുത്ത് നാവില്‍ ഒരിത്തിരി ഇറ്റിച്ചുകൊടുക്കാനാവുമെങ്കില്‍ കുഴപ്പമൊന്നുമില്ല. തേനും വയമ്പും നല്‍കി കുഞ്ഞിനു വെറുതെ വയറ്റില്‍ അസുഖവും അണുബാധയും വരുത്തിവയ്ക്കരുത്.

പൊക്കിള്‍ക്കൊടി നന്നായി ഉണങ്ങിയിട്ടുണ്ടാവും. എങ്കിലും പൂര്‍ണമായി കൊഴിഞ്ഞു പോയിട്ടുണ്ടാവണമെന്നില്ല കുഞ്ഞിക്കൈയിലേയും കാലിലേയും വിരലുകളില്‍ നഖം നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അവ നീക്കണം. ചെറിയ നഖംവെട്ടിക്കൊണ്ട് ശ്രദ്ധിച്ചുവേണം നഖംമുറിക്കാന്‍. ബ്ലേഡ് ഉപയോഗിക്കരുത്. കടിച്ചുകളയാനും ശ്രമിക്കരുത്.

പൊക്കിള്‍ക്കൊടി വേര്‍പെടുന്നതേയുള്ളൂ. ഉണങ്ങിയിട്ടും വേര്‍പെടാതെ നില്‍ക്കുന്ന പൊക്കിള്‍ക്കൊടി അടര്‍ത്തിക്കളയാനോ ബലമായി നീക്കം ചെയ്യാനോ ശ്രമിക്കരുത്. ദിവസവും നാലോ അഞ്ചോ തവണയൊക്കെ മുലകുടിച്ച് കുഞ്ഞ് സുഖമായി കഴിയുന്നു.

മുലകുടിക്ക് ഒരു താളം കണ്ടെത്താന്‍ അമ്മയ്ക്കും കുഞ്ഞിനും കഴിയുന്ന ദിവസങ്ങളാണിത്. പകല്‍സമയത്ത് രണ്ടോ മൂന്നോ മണിക്കൂറിടവിട്ട് കുഞ്ഞിന് മുലകൊടുക്കാം.


ഏതാണ്ട് രണ്ടാഴ്ച പ്രായമാകുമ്പോഴേക്കും പൊക്കിള്‍ക്കൊടി പൂര്‍ണമായും വേര്‍പെട്ടിട്ടുണ്ടാവും. തലയുടെ ആകൃതി ഒട്ടൊക്കെ ശരിയായിട്ടുണ്ടാവും.



ആഴ്ചയുടെ അവസാനദിനങ്ങളിലെത്തുന്നതോടെ ആദ്യദിനങ്ങളില്‍ കണ്ടയാളല്ല ഇതെന്നു തോന്നും. നീരുവന്നു വീര്‍ത്തതുപോലിരുന്ന തലയ്ക്ക് ശരിക്കും രൂപഭംഗിയായിക്കഴിഞ്ഞു. മുഖം കൂടുതല്‍ സുന്ദരമായി. കുഞ്ഞിന്റെ ജീവിതം കൂടുതല്‍ പ്രസന്നവും പ്രസാദപൂര്‍ണവുമായിത്തീരുന്നു.
Tags- Child development stages
Loading