വിടപറഞ്ഞത് സി.പി.എമ്മിന്റെ ദേശീയ ജനകീയമുഖം
സെയ്ഫുദ്ദീന്‍ ചൗധരി Posted on: 18 Jan 2010

പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി സി.പി.എം. നടത്തിയ പോരാട്ടത്തിലൂടെ പാര്‍ട്ടിയുടെ ജനകീയമുഖമായി ജ്യോതിബസു മാറിക്കഴിഞ്ഞ സന്ദര്‍ഭത്തിലാണ് എന്നെപ്പോലെയുള്ള യുവതലമുറ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ബംഗാളില്‍ മാത്രമല്ല, രാജ്യമൊട്ടുക്കും ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രതീകമായി അദ്ദേഹം മാറി. സി.പി.എമ്മിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ 27-ാം വയസ്സില്‍ ആദ്യമായി എം.പി.യായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും അംഗമാവുകയും ചെയ്തപ്പോഴാണ് ജ്യോതിബസുവുമായി അടുക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. പാര്‍ട്ടി കമ്മിറ്റികളില്‍ തന്റെ നിലപാടുകളും ആശയങ്ങളും ഫലപ്രദമായി അവതരിപ്പിച്ചപ്പോഴും എതിരഭിപ്രായം ഉന്നയിക്കുന്നവരോട് ഒരുവിധത്തിലുമുള്ള അപ്രീതിയും അദ്ദേഹം കാണിച്ചില്ല. എല്ലാ അര്‍ഥത്തിലും ആധുനികമായ ആശയക്കാരനായിരുന്നു അദ്ദേഹം. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനിന്നപ്പോഴും ജ്യോതിബസു ഒരു നിഷ്ഠക്കാരനെപ്പോലെ പെരുമാറുകയോ യാന്ത്രികമായി പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. തുറന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ താന്‍ ഉദ്ദേശിച്ച മാറ്റം കൊണ്ടുവരാന്‍ ബസുവിന് സാധിച്ചില്ലെങ്കിലും തന്റെ മനസ്സില്‍ ആ മാറ്റത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം വെച്ചുപുലര്‍ത്തി.
1996-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സി.പി.എമ്മിന് ലഭിച്ച അവസരം പാര്‍ട്ടി കേന്ദ്രകമ്മിറ്റി രണ്ടുതവണ ചര്‍ച്ചചെയ്ത് തള്ളിയപ്പോഴും ജ്യോതിബസുവിന്റെ മനസ്സില്‍ ആ വിഷയത്തിലുള്ള കാഴ്ചപ്പാട് വളരെ വ്യക്തമായിരുന്നു. പാര്‍ട്ടി അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച്, 'ചരിത്രപരമായ മണ്ടത്തരം' എന്ന് അദ്ദേഹം പിന്നീട് വിലയിരുത്തിയതും ആ വ്യക്തതകൊണ്ടായിരുന്നു. പ്രധാനമന്ത്രിപദം രാജ്യം അന്ന് ജ്യോതിബസുവിനു മുമ്പില്‍ വെച്ചുനീട്ടുകയാണുണ്ടായത്. ആ മഹത്ത്വത്തിലേക്ക് അദ്ദേഹം ഉയര്‍ന്നുകഴിഞ്ഞിരുന്നു. സി.പി.എം. അന്ന് അതില്‍ അഭിമാനം കൊള്ളുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, പുറമേനിന്നുള്ള പിന്തുണയില്ലാതെ സ്വന്തം നിലയ്ക്ക് ഭരണത്തെ മുന്നോട്ടു നയിക്കാന്‍ പറ്റുമെങ്കില്‍ മാത്രം സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ മതിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അത് തള്ളി. സി.പി.എം. എന്നനിലയില്‍ മാത്രമല്ല, ജ്യോതിബസുവിനു കൂടിയായിരുന്നു ആ ഓഫര്‍. ജ്യോതിബസുവിനെ ഒരു പാര്‍ട്ടി നേതാവിനപ്പുറം രാഷ്ട്രനേതാവായി അംഗീകരിച്ച സന്ദര്‍ഭം മുതലാക്കാന്‍ സി.പി.എമ്മിന് സാധിച്ചില്ല. പഴയതും പുതിയതും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേന്ദ്രകമ്മിറ്റിയുടെ ആ തീരുമാനത്തോടെ പ്രകടമായത്. ജ്യോതിബസു പ്രധാനമന്ത്രിയാവുന്നതിനെയും സി.പി.എം. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെയും ഒരു വിഭാഗം ശക്തമായി എതിര്‍ത്തു. എന്നാല്‍, നിലവിലുള്ള സംവിധാനത്തിനകത്തുനിന്നുകൊണ്ടുതന്നെ പ്രവര്‍ത്തിക്കണമെന്നും ലഭിച്ച അവസരം മുതലാക്കണമെന്നുമാണ് ജ്യോതിബസു വാദിച്ചത്.
റഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും തകര്‍ച്ചയ്ക്കുശേഷം ആഗോള കമ്യൂണിസം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സന്ദര്‍ഭമായിരുന്നു അത്. ആ കാലഘട്ടത്തില്‍ ഇന്ത്യയില്‍ സി.പി.എം. അധികാരമേറ്റെടുത്തിരുന്നെങ്കില് അത് ലോകത്തിന് നല്കുന്ന സന്ദേശം മറ്റൊന്നാകുമായിരുന്നു. ഒരു പക്ഷേ, ഇടതുപക്ഷം ഇന്ത്യയില്‍ നിര്‍ണായകശക്തിയായി മാറുകയും സി.പി.എം. പാര്‍ട്ടിയെന്ന നിലയില്‍ ഒട്ടേറെ വികാസം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ഉപേക്ഷിക്കേണ്ട ആശയങ്ങള്‍ നേരത്തേതന്നെ ഉപേക്ഷിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു. സി.പി.എമ്മിനകത്ത് തന്നെ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ അതുവഴി കഴിഞ്ഞേനെ. കര്‍ക്കശമായ ഉറച്ച നിലപാടുകള്‍ക്ക് പകരം ജനാധിപത്യ സോഷ്യലിസത്തിന്റെ സന്ദേശം പകരാന്‍ സാധിക്കുമായിരുന്ന അവസരം സി.പി.എം. അന്ന് കളഞ്ഞുകുളിച്ചു.
സി.പി.എമ്മിന്റെ കൂട്ടായ തീരുമാനങ്ങളിലുണ്ടാവുന്ന ഒട്ടേറെ പാളിച്ചകള്‍ നികത്തപ്പെട്ടിരുന്നത് ജ്യോതിബസുവിനെ പോലുള്ള നേതാക്കളുടെ സാന്നിധ്യംകൊണ്ടാണ്. ഇനി അതുണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടിരുന്ന നേതാവായിരുന്നു ജ്യോതിബസു. വര്‍ഗപരമായ പരിമിതികള്‍ മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ ദേശീയതലത്തില്‍ ഉയര്‍ന്ന നേതാവായിരുന്നു ഇ.എം.എസ്. ഇ.എം.എസ്സില്‍ പ്രത്യയശാസ്ത്രപരമായ വശമായിരുന്നു കൂടുതല്‍; ജ്യോതിബസുവില്‍ അതിന്റെ പ്രായോഗികതയും. ഇ.കെ. നായനാരെപ്പോലുള്ള പാര്‍ട്ടി നേതാക്കളാകട്ടെ പൂര്‍ണമായും ജനകീയരായിരുന്നുവെങ്കിലും ദേശീയതലത്തില്‍ വളരാന്‍ സാധിച്ചില്ല. ഇപ്പോള്‍ ജ്യോതിബസുവിന്റെ കാലഘട്ടംകൂടി അവസാനിക്കുമ്പോള്‍ പാര്‍ട്ടിയിലുള്ളവരെല്ലാം ചെറിയവരായി മാറിക്കഴിഞ്ഞു. പാര്‍ട്ടി നേതാക്കള്‍ മാത്രമാണവര്‍, ജനനേതാക്കളല്ല.
സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ലോക്സഭാംഗവും ആയിരുന്നു സെയ്ഫുദ്ദീന്‍ ചൗധരി. 1995-ല്‍ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് പുറത്താക്കി. 2000-ല്‍ അദ്ദേഹം പാര്‍ട്ടിവിട്ട് 'ജനാധിപത്യ സോഷ്യലിസത്തിനുവേണ്ടിയുള്ള പാര്‍ട്ടി' രൂപവത്കരിച്ചു