Mathrubhumi Logo
  JyothiBasu_MainBanner

വംഗനാടിന്റെ പ്രിയസഖാവ്‌

എസ്. ഭബാനി Posted on: 18 Jan 2010

'മനുഷ്യനാണ്, മനുഷ്യന്‍ മാത്രമാണ് ചരിത്രം സൃഷ്ടിക്കുന്നത്'-ജ്യോതിബസു പറഞ്ഞു. ആ വാക്കുകളോട് സ്വന്തം ജീവിതത്തിലും അദ്ദേഹം നീതിപുലര്‍ത്തി. ചരിത്രം സൃഷ്ടിച്ച് ബസു ചരിത്രത്തിന്റെ ഭാഗമായി. അത്രപെട്ടെന്നൊന്നും തിരുത്തിക്കുറിക്കാനാവാത്ത ചരിത്രം.
ആ യാത്രയിലാണ് ദൈവവിശ്വാസമില്ലാത്ത അദ്ദേഹം പശ്ചിമ ബംഗാളിലെ ഗ്രാമീണരുടെ ദൈവമായി മാറിയത്. 23 വര്‍ഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലിരുന്നത്. ബഹുകക്ഷി രാഷ്ട്രീയ സംവിധാനമുള്ള ഇന്ത്യയില്‍ തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് വിജയം നേടിയത്. എഴുന്നേറ്റ് നടക്കാനാവാത്ത കാലത്തും സി.പി.എം. പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും പ്രത്യേക ക്ഷണിതാവായിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ കല്‍ക്കട്ടയില്‍ ഡോ. നിഷികാന്ത ബസുവിന്റെയും ഹേമലതാ ബസുവിന്റെയും മകനായി 1914 ജൂലായ് എട്ടിന് ജ്യോതീന്ദ്ര ബസു ജനിക്കുമ്പോള്‍ ബംഗാളിന്റെ നിറം കടും ചുവപ്പായിരുന്നില്ല. ആറാം വയസ്സില്‍ ജ്യോതീന്ദ്രയുടെ പേര് ജ്യോതി എന്നു ചുരുക്കുമ്പോഴും ബംഗാളില്‍ ചെങ്കൊടി പാറിയിരുന്നില്ല. ഗണ എന്ന ഓമനപ്പേരില്‍ ജ്യോതി വളര്‍ന്നു. സെന്റ് സേവ്യേഴ്‌സ് കോളേജിലും കല്‍ക്കട്ട പ്രസിഡന്‍സി കോളേജിലും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. ഓണേഴ്‌സ് നേടി. 21-ാം വയസ്സില്‍ ലണ്ടനിലേക്ക് കപ്പല്‍ കയറി. മിഡില്‍ ടെമ്പിളില്‍ നിന്ന് ബാര്‍ അറ്റ് ലോ നേടാന്‍. ജ്യോതിബസു എന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്റെ രൂപപ്പെടല്‍ അവിടെത്തുടങ്ങി.
ഭൂപേഷ് ഗുപ്ത വഴിയാണ് ബ്രിട്ടനിലെ കമ്മ്യൂണസ്റ്റുകാരുമായി അടുക്കുന്നത്. മാര്‍ക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായ ബസു ലണ്ടനിലെ ഇന്ത്യാ ലീഗിലും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഇന്‍ ഗ്രേറ്റ് ബ്രിട്ടന്‍ എന്ന സംഘടനയിലും അംഗമായി. ലണ്ടന്‍ മജ്‌ലിസിന്റെ സെക്രട്ടറിയായി.

കോട്ടിടാത്ത വക്കീല്‍


രണ്ടാം ലോകമഹാ യുദ്ധത്തിനൊപ്പമാണ് ബസു ഇന്ത്യയിലെത്തിയത്. കമ്യൂണിസത്തെ സ്വീകരിക്കാന്‍ നാട്ടുകാര്‍ അറച്ചുനിന്ന കാലം. ബസു ഗ്രാമങ്ങളിലേക്കിറങ്ങി. ബാരിസ്റ്റര്‍ ബിരുദവുമായി ഇന്ത്യയിലെത്തിയ അദ്ദേഹം അഭിഭാഷക വേഷം അണിഞ്ഞില്ല. ഇംഗ്ലണ്ടില്‍ പരിചയിച്ച മാര്‍ക്‌സിസം, അതിന്റെ ഗതിവിഗതികള്‍, ജയപരാജയങ്ങള്‍, ഇന്ത്യന്‍ ജനതയുടെ ദൈനംദിന പ്രശ്‌നത്തില്‍ അതിനുള്ള സ്ഥാനം ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിച്ചത്. കമ്യൂണിസ്റ്റ് സഹയാത്രികന്‍, സംഘാടകന്‍, തൊഴിലാളി സംഘടനാ രൂപകര്‍ത്താവ് എന്നൊക്കെയാണ് അദ്ദേഹം പേരെടുത്തത്.

1943ല്‍ കൊല്‍ക്കത്തയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ പ്രവിശ്യാ കമ്മിറ്റി മീറ്റിങ് നടന്നു. അതിന്റെ സംഘാടകനായിരുന്ന ജ്യോതി ബസുവിന് റെയില്‍വേ തൊഴിലാളികള്‍ക്കിടയില്‍ യൂണിയനുണ്ടാക്കാനുള്ള ചുമതല കിട്ടി. ബസുവിന്റെ ആശയത്തിലും പ്രവര്‍ത്തനത്തിലും ബംഗാള്‍ അസം റെയില്‍ റോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പിറന്നു. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം യൂണിയന്‍ രൂപവത്കരിച്ചത്. റെയില്‍വേത്തൊഴിലാളികളുമായുള്ള ബസുവിന്റെ ബന്ധം അവിടെ തീര്‍ന്നില്ല. റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ എന്നും അദ്ദേഹത്തിനു സ്വാധീനമുണ്ടായിരുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ജനിച്ചെങ്കിലും ഒരു സ്വാതന്ത്ര്യപ്പോരാട്ടത്തിലും പങ്കാളിയായിട്ടില്ല അദ്ദേഹം. കൊല്‍ക്കത്തയിലെ ഒക്ടര്‍ലോണിമൈതാനത്ത് സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗം കേള്‍ക്കാന്‍ ചെന്നപ്പോള്‍ തല്ലുകൊണ്ടതാണ്‌സ്വാതന്ത്ര്യ സമരാനുഭവം.

ഒരേയൊരു തോല്‍വി


1946ലായിരുന്നു ബസുവിന്റെ ആദ്യ തിരഞ്ഞെടുപ്പ് ജയം. ബംഗാള്‍ നിയമസഭയലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹുമയൂണ്‍ കബീറിനെ തോല്‍പ്പിച്ചു. അന്നുതുടങ്ങിയതാണ് വിജയപരമ്പര. തോല്‍വിയറിഞ്ഞത് ഒരിക്കല്‍ മാത്രം, 1972ല്‍.
'ജനാധിപത്യത്തിലെ നാണംകെട്ട നാടകം' എന്ന് ബസു തന്നെ വിശേഷിപ്പിച്ച ആ തിരഞ്ഞടുപ്പില്‍ 3800 വോട്ടിനായിരുന്നു തോല്‍വി. കോണ്‍ഗ്രസ്സിന്റെ സിദ്ധാര്‍ഥ ശങ്കര്‍ റായി അന്ന് മുഖ്യമന്ത്രിയായി.

എല്ലാ പ്രമുഖ നേതാക്കളെയും പോലെ ജനകീയസമരങ്ങളാണ് ബസുവിനെയും ബംഗാളികളുടെ പ്രിയ നേതാവാക്കിയത്. ട്രാം യാത്രക്കൂലി കൂട്ടിയിതിനെതിരെ 1953ലും ബംഗാള്‍ -ബിഹാര്‍ ലയനത്തിനെതിരെ ,56ലും നടത്തിയ സമരങ്ങളും '54ലെ ഭക്ഷ്യസമരവുമൊക്കെയാണ് അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളില്‍ പതിപ്പിച്ചത്.

നാല്പതുകള്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലമായിരന്നു. '51ല്‍ നിരോധനം നീങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ബംഗാളി മുഖപത്രം 'സ്വാധീനത' പുനഃപ്രസിദ്ധീകരണം തുടങ്ങി. അതിന്റെ പത്രാധിപ സമിതി അംഗമായി ബസു. '53ല്‍ സി.പി.ഐ. സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി അദ്ദേഹം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. '54ലെ മധുര കേണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റിയിലേക്കും ബസുവിനെ ഉയര്‍ത്തി. '64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ 31അംഗങ്ങള്‍ക്കൊപ്പം ഇറങ്ങിപ്പോയി. ബസു അന്നുമുതല്‍ അന്ത്യംവരെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലുമുണ്ടായിരുന്നു.

അവിടെയൊതുങ്ങിയില്ല ബസുവിന്റെ സംഘടനാ പ്രവര്‍ത്തനം. സി. ഐ.ടി.യു. രൂപവത്ക്കരിക്കപ്പെട്ടപ്പോള്‍ അതില്‍ ചേര്‍ന്നുഅദ്ദേഹം. സംഘടനയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന സമിതിയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളും അഖിലേന്ത്യാ സി.ഐ.ടി.യു. കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരിലൊരാളുമായി തിരഞ്ഞെടുക്കപ്പെട്ടു.

'67ല്‍ പശ്ചിമ ബംഗാളിന്റെ ഉപമുഖ്യമന്ത്രിയായി. ധനകാര്യവകുപ്പും ഗതാഗത വകുപ്പും ഒരേ സമയം കൈകാര്യം ചെയ്തു. '69ല്‍ വീണ്ടും ഉപമുഖ്യമന്ത്രി. പൊതുഭരണവും ആഭ്യന്തര വകുപ്പുമായിരുന്നു ഇത്തവണ. 1977ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ അധികാരത്തിലേറ്റിയ ജ്യോതിബസു ആദ്യമായി ബംഗാള്‍ മുഖ്യമന്ത്രിയായി. 2000 നവംബര്‍ മൂന്നിന് അദ്ദേഹം അനാരോഗ്യത്തെത്തുടര്‍ന്ന് സ്വയം വിരമിക്കുംവരെ മറ്റൊരു മുഖ്യമന്ത്രിയെപ്പറ്റി ചിന്തിച്ചില്ല, ബംഗാള്‍ ജനത. തന്റെ ഭരണം കുറവുകുറ്റങ്ങളില്ലാത്തവയായിരുന്നെന്ന് ഒരിക്കല്‍ പോലും അദ്ദേഹം അവകാശപ്പെട്ടില്ല. എന്നിട്ടും വിജയമെപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നു.

'ചരിത്രപരമായ മണ്ടത്തരം'


'പക്ഷേ അതൊരു രാഷ്ട്രീയ മണ്ടത്തരമായിരുന്നു. ചരിത്രപരമായ മണ്ടത്തരം' 1997 ജനവരി രണ്ടിന് 'ഏഷ്യന്‍ എയ്ജി'ല്‍ വന്ന അഭിമുഖത്തില്‍ ബസുവിന്റെതന്നെ ഈ വാക്കുകള്‍ കണ്ട് പാര്‍ട്ടിയും ജനങ്ങളും ഒരുപോലെ ഞെട്ടി. 1996 മെയ് മാസത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ തുടര്‍ന്നപ്പോള്‍ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ വിവിധ കക്ഷികള്‍ ബസുവിനെ നിര്‍ബന്ധിച്ചു. എന്നാല്‍ പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും തീരുമാനം അതു വേണ്ടെന്നായിരുന്നു. രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ വേണ്ടെന്നുവെച്ച സംഭവത്തെയാണ് ചരിത്രപരമായ മണ്ടത്തരമെന്ന് ബസു വിശേഷിപ്പിച്ചത്. ബസുവിന്റെ അഭിപ്രായപ്രകടനം തെറ്റായില്ലെന്നതിന് പിന്നീടുള്ള ഇന്ത്യാചരിത്രം സാക്ഷി.
ബസു എന്നും മിതവാദിയായിരുന്നു. എല്ലാ സഖാക്കളെയും ഒന്നിച്ച് നിര്‍ത്താന്‍ യത്‌നിച്ച സംഘാടകന്‍. ചിലപ്പോഴെല്ലാം 'പ്രായോഗികവാദി'യെന്ന് വിളിക്കപ്പെട്ടു. അതൊരിക്കലും അദ്ദേഹം സമ്മതിച്ചുതന്നിരുന്നില്ലെങ്കിലും.
ഇ.എം.എസ്., ഹര്‍കിഷന്‍സിങ് സുര്‍ജിത്, എ.കെ. ഗോപാലന്‍, പി. സുന്ദരയ്യ, ബി.ടി. രണദിവെ തുടങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലെ അവസാന കണ്ണികളിലൊന്നാണ് ബസുവിന്റെ വേര്‍പാടോടെ അറ്റുപോകുന്നത്. തിളങ്ങുന്ന ആശയങ്ങളും കറകളഞ്ഞ രാഷ്ട്രീയവും പിന്തുടര്‍ന്ന കമ്യൂണിസ്റ്റുകാരുടെ പ്രതിനിധി.

ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss