Mathrubhumi Logo
  JyothiBasu_MainBanner

ബസുവിന് ശേഷം?

Posted on: 17 Jan 2010

''എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല,
സംശയങ്ങളും സങ്കടങ്ങളും മാത്രം,
പത്രം, റേഡിയോ, ടെലിവിഷന്‍-
ആരും നേരു പറയുന്നില്ല,
അവിടെ എന്തോ നടക്കുന്നുണ്ട്,
കാലം പഴയതല്ല''
-ബംഗാള്‍-കെ. ജി. ശങ്കരപ്പിള്ള

ബംഗാള്‍ രാഷ്ട്രീയം ജ്യോതിബസുവിന്റെ തന്റെ ഭാഷയില്‍ 'ചരിത്രപരമായ വിഡ്ഢിത്ത'ങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ കാലത്താണ് ബസു വിടപറയുന്നത്. ജ്യോതിദാ എന്ന വിളിപ്പേരിനെ വികാരപരമായി അതിജീവിക്കാന്‍ കഴിയുന്ന ഒരു നേതാവും ബംഗാളിലുണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ലെന്നത് തീര്‍ച്ചയാണ്. കാരണം ബംഗാള്‍ ആകെ മാറിപ്പോയിരിക്കുന്നു. വൈകാരിക രാഷ്ട്രീയ സാഹചര്യത്തെ ഉപജീവിക്കുകയും അതിജീവിക്കുകയും ചെയ്ത ബംഗാളിലെ ഇടതുപക്ഷം ഇപ്പോള്‍ ആ ജനതയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് പുതിയ കാലത്തെ കാഴ്ച്ചകളോട് പൊരുത്തപ്പെടാനാണ്. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയ്ക്ക് ശേഷവും മുമ്പും എന്ന വിലയിരുത്തല്‍ ബസുവിന് ശേഷം വഴിമാറുകയാണ്. ജ്യോതിബസു എന്ന മനുഷ്യന്‍ സൃഷ്ടിച്ച രാഷ്ട്രീയപ്രഭാവമാണ് തോട്ടിപ്പണിക്കാരുടേയും ഭിക്ഷയെടുക്കുന്നവരുടേയും വേശ്യകളുടേയും ഉന്തുവണ്ടിക്കാരുടേയും കല്‍ക്കട്ടയെ ഇന്നത്തെ കൊല്‍ക്കത്തയായി പരിവര്‍ത്തിപ്പിച്ചത്. ആ പരിവര്‍ത്തനത്തിന്റെ ഗതിയെന്തായി എന്നത് രാഷ്ട്രീയമായി മാത്രമല്ല സാമൂഹ്യശാസ്ത്രപരമായും വിലയിരുത്തപ്പെടേണ്ട ഒന്നാണ്.

ഒരു പാര്‍ട്ടിക്ക് ഇത്രയും കാലം ഭരിക്കാന്‍ കഴിഞ്ഞ ഒരു നാടിന് എന്തു സംഭവിച്ചാലും അത് ആ പാര്‍ട്ടിയുടെ കൂടി ആശയ-നടപടിയുടെ ഭാഗമായി വിലയിരുത്തുന്നത് സ്വാഭാവികം മാത്രം. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് കേവലം യാദൃശ്ചികതയോ മാര്‍ക്‌സ് പറഞ്ഞതുപോലുള്ള ചരിത്രത്തിന്റെ പ്രഹസനാത്മകമായ ആവര്‍ത്തനമോ അല്ല മറിച്ച്, ഒരു വലിയ കാലഘട്ടം കൊണ്ട് ഒരു ഭരണകൂടമോ ഒരു പാര്‍ട്ടിയോ സൃഷ്ടിച്ചെടുത്ത ന്യായ-അന്യായങ്ങളുടെ വിധിയെഴുത്തോ പൊളിച്ചെഴുത്തോ ആണത്. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രതിസന്ധിയെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ബംഗാളില്‍ രാഷ്ട്രീയമായി അഭിമുഖീകരിക്കുന്ന കാഴ്ച്ചയാകും ബസുവിന് ശേഷമുള്ള ബുദ്ധദേവ് അടക്കമുള്ള പുതിയ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഇനി കാണാനുള്ളത്.

എന്തുകൊണ്ട് ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തി എന്നതിന് അവിടെ ദാരിദ്ര്യമുണ്ടായിരുന്നു എന്നാണ് ഉത്തരം. മാത്രമല്ല വായനയുടേയും സാംസ്‌കാരികമായ ഉണര്‍വുകളുടേയും വലിയ ഊര്‍ജ്ജമുള്ള മണ്ണായിരുന്നു ബംഗാളിലേത് എന്നതും മറ്റൊരു കാരണമാകാം. ഇഎംഎസിനെ പോലെ തന്നെ സവര്‍ണ-ബ്രാഹ്മണകുടുംബങ്ങളില്‍ നിന്നാണ് ബംഗാളിലെ കമ്യൂണിസ്റ്റുകാരില്‍ പലരും വഴിമാറിയെത്തിയത്. മീനും കാളിദേവിയും കമ്യൂണിസവും കൃഷിയും ബ്രാഹ്മണിസവും ഇടകലര്‍ന്ന ദേശാന്തരപ്രകൃതിയാണ് ബംഗാളിന്‍േത്. അത്തരമൊരു പ്രദേശത്താണ് ഇടതുപ്രത്യയശാസ്ത്രം ഉറച്ചുവേരുകളാല്‍ ഉയര്‍ന്നുനിന്നത്. 70 കള്‍ക്ക് ശേഷം ബംഗാള്‍ രാഷ്ട്രീയം ചുവപ്പിന്റെ ഉരുക്കുകോട്ടകളായി മാറുന്ന കാഴ്ച്ച അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന് ഒട്ടും ദഹിക്കാത്തതായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയാധികാരം രാജ്യം മുഴുവന്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന ഒരുകാലത്ത്. കേരളം നിരന്തരമായ സമവായ-സമരസപ്പെടലിന്റെ രാഷ്ട്രീയത്തെ മാറിമാറി സൃഷ്ടിച്ചപ്പോഴും ബംഗാളില്‍ സ്ഥിതി അതായിരുന്നില്ല.

കോണ്‍ഗ്രസ് എന്ന എതിര്‍ചേരിയുടെ വോട്ടുകള്‍ 90-കളുടെ മധ്യത്തോടെ കൊഴിയുകയും മമതാ ബാനര്‍ജി എന്ന പുതിയ താരത്തിന്റെ ഉദയം പോലും അതുകൊണ്ടാണ് ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കാഞ്ഞത്. തിരിച്ചടിയായത് കോണ്‍ഗ്രസിന് മാത്രമായിരുന്നു അപ്പോഴെല്ലാം. 70-കളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ഭരണകൂട അപ്രമാദിത്വത്തെ പിന്നീട് കാവ്യനീതിയോടെ അതിജീവിക്കാനും പുതിയൊരു രാഷ്ട്രീയസാഹചര്യം കാണിച്ചുകൊടുക്കാനും ബസുവിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നതാണ് ബംഗാളിലെ ഇടതുനേട്ടം. അതുകൊണ്ടാണ് പ്രമോഷ് ആചാര്യ ഇ.പി.ഡബ്ലിയുവില്‍ (economc and political weekly) ഇങ്ങനെ എഴുതിയത് '' കോണ്‍ഗ്രസ് 90-കള്‍ക്ക് ശേഷം ഇടതുഭരണത്തെ അഴിമതി ആരോപണങ്ങളുടെ പേരിലേക്ക് ചേര്‍ത്തപ്പോള്‍ അത് ആരോപിച്ചവരുടെ സദാചാരത്തെപ്പറ്റിയാണ് ബംഗാള്‍ ജനത ആദ്യം ഓര്‍ത്തത്'' എന്ന്.

സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് രാജ്യം പച്ചക്കൊടി കാട്ടിയതോടെ വികസനത്തെ പ്രായോഗിക രാഷ്ട്രീയവുമായി സമാസമം ചേര്‍ക്കുന്ന പുതിയ രാസായനവിദ്യ ഏറ്റവും വിദഗ്ദ്ധമായി വിന്യസിച്ചതും ബംഗാളില്‍ തന്നെ. ഇന്ത്യന്‍ സാമ്പത്തിക കുത്തകളേയും വിദേശകുത്തകളേയും ഭരണകൂടം എന്ന നിലയില്‍ സ്വാഗതം ചെയ്യാനും വ്യവസായങ്ങളുടെ വന്‍ സാധ്യതകള്‍ ഒരുക്കാനും ബംഗാളിലെ പുതിയ ഇടതുനേതൃത്വവും ബുദ്ധദേവ് അടക്കമുള്ള നേതാക്കളും തയ്യാറായി. അങ്ങനെ ടാറ്റ മാത്രമല്ല സാലീം ഗ്രൂപ്പും റൂപ്പര്‍ട്ട് മര്‍ഡോക്കും അടക്കമുള്ള വമ്പന്മാരുടെ ഇഷ്ടദേശമായി അവിടം മാറി. ഐടി വികസനത്തിനായി കൃഷിസ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കുത്തകകള്‍ക്ക് നല്‍കി. കൃഷിക്കാര്‍ അതിനെ എതിര്‍ത്തു. അങ്ങനെ ഇന്നത്തെ നന്ദിഗ്രാമും സിംഗൂരും സൃഷ്ടിക്കപ്പെട്ടു.

ബുദ്ധദേവിന്റെ കയ്യില്‍ ഭരണമെത്തിയതോടെ വികസനചരിത്രത്തിലെ കുതിച്ചുചാട്ടത്തിന് അങ്ങനെ ബംഗാള്‍ സാക്ഷ്യംവഹിക്കുകയും ചെയ്തു. നഗരം വികസനത്തെ പിടിച്ചെടുക്കുമ്പോഴും ഗ്രാമങ്ങളെ തമസ്‌കരിക്കരുതെന്ന ചിന്ത കൈവിട്ടുതുടങ്ങിയിടത്താണ് ബംഗാളിലെ ഇടതുരാഷ്ട്രീയം നവശൈലിയുടെ പുതിയ മേച്ചില്‍പുറങ്ങളെ തെളിയിച്ചുതന്നത്. കോണ്‍ഗ്രസ് എന്ന പ്രതിപക്ഷത്തിന് ബദലായി മമത ബാനര്‍ജി എന്ന ഗ്രാമ്യപ്രകൃതിയും പ്രതിച്ഛായയുമുള്ള നേതാവ് രംഗത്തുവന്നതോടെ വെട്ടിലായത് ഈ ശൈലിയുടെ പരിമിതകളായിരുന്നുവെന്നും പറയാം.

ബംഗാള്‍ വിശാലമായി പടര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനമാണെന്നതും പല മേഖലകളും ഗ്രാമപ്രദേശങ്ങളും വികസനം എന്ന വാക്കുപോലും കേട്ടിട്ടില്ലെന്നതും മാധ്യമവിസ്‌ഫോടനത്തിന്റെ ഈ കാലത്ത് വന്‍ വാര്‍ത്താപ്രധാന്യം നേടി. അവിടങ്ങളിലെല്ലാം മാവോയിസവും ഒരുവശത്ത് തൃണമൂല്‍ കോണ്‍ഗ്രസും വളര്‍ന്നുപന്തലിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരേ പ്രത്യയശാസ്ത്രത്തിന്റെ വകഭേദങ്ങള്‍ തമ്മില്‍ പരസ്​പരം കൊല്ലാക്കൊല ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊല ചെയ്യപ്പെട്ടത് സിപിഎമ്മുകാരാണ്. അതും മാവോയിസ്റ്റുകളാല്‍. നന്ദി്ഗ്രാമിലും സിംഗൂരിലും സംഭവിച്ച രാഷ്ട്രീയ പാളീച്ചകളെ തിരുത്താനോ തിരിച്ചറിയാനോ കഴിയുമ്പോഴേക്കും രാഷ്ട്രീയമായ ക്ഷീണം ബാധിച്ചുകഴിഞ്ഞിരുന്നു എന്നതാണ് അവിടങ്ങളില്‍ സിപിഎമ്മിന് സംഭവിച്ച ദുര്‍ഗതി. അതേ സിംഗൂരിന്റെ പേരിലാണ് മമതയും തന്റെ അവസരത്തിനുയര്‍ന്നുള്ള രാഷ്ട്രീയം കളിച്ചതും.

ഇന്ന് ടാറ്റയെ ഒഴിപ്പിച്ച ഭൂമിയില്‍ കോച്ച് ഫാക്ടറി വരുമ്പോഴും ഭൂമി കൃഷിക്കാരന് പോക്കുതന്നെ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്. സുഭാഷ് ചക്രവര്‍ത്തിയെ പോലുള്ളവര്‍ കാലങ്ങളായി ജയിച്ചുപോന്ന മണ്ഡലങ്ങള്‍ അടക്കം കൈവിട്ടപ്പോള്‍ ബസുവാണ് ബുദ്ധദേവിനേയും പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസിനേയും വിളിച്ച് ശാസിച്ചത്. ''പോയി തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയൂ. അതിന് പോകേണ്ടത് ഗ്രാമങ്ങളിലേക്കാണെന്ന് പറയാനും ബംഗാളില്‍ ഒരു ജ്യോതിബസുവുണ്ടായി. വളര്‍ത്തി വലുതാക്കിയ കുടുംബം നഷ്ടപ്പെട്ടുപോകുന്ന ഒരാളിന്റെ വേദനയാണ് ഈ വാക്കുകളില്‍. ആ വാക്കുകള്‍ ഒരു പാഠമാണ്. രാഷ്ട്രീയകൂട്ടുകെട്ടുകള്‍ എത്ര വഴിപിഴച്ചാലും ഒരു തുറന്നുപറച്ചിലിനെങ്കിലുമുള്ള സഹൃദയത്വം തങ്ങള്‍ക്കില്ലെന്ന് അതേ പാര്‍ട്ടി തന്നെ ഈ മഅദനിബാന്ധവകാലം ബോധ്യപ്പെടുത്തുമ്പോള്‍ ചരിത്രത്തിന്റെ ആര് പാഠം പഠിക്കാനാണ്.

മരിച്ചുകിടക്കുന്ന സുഭാഷ് ചക്രവര്‍ത്തിക്കരികില്‍ നിന്ന് പൊട്ടിക്കരയുന്ന ബിമന്‍ ബോസിന്റെ ചിത്രം അടുത്തിടെയാണ് മാധ്യമങ്ങളില്‍ വന്നത്. ബംഗാളിലെ ഗ്രാമങ്ങളിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്ന ബുദ്ധദേവിന്റെ ചിത്രവും പല ഗ്രാമീണപാര്‍ട്ടിയോഗങ്ങളിലും നന്ദിഗ്രാമിലെ വെടിവെപ്പിന്റെ പേരില്‍ മാപ്പുപറയുന്ന ബുദ്ധദേവിന്റെ വാക്കുകളും സംഭവിച്ചത് അടുത്തകാലത്ത് തന്നെ. അങ്ങനെയെന്തെങ്കിലുമൊരു ഏറ്റുപറച്ചില്‍ കേരളത്തില്‍ കാണാനാകുമോ. അതാണ് ബംഗാളിന്റെ പ്രത്യേകത. ഒരുപക്ഷേ കെപിആര്‍ ഗോപാലന്റെ മൃതദേഹത്തിനരികെ നിന്ന് പൊട്ടിക്കരയുന്ന നായനാരെയാണ് അപ്പോള്‍ ഓര്‍മ്മവന്നത്. തലമുറകളുടെ വലിയ മാറ്റം രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സംഭവിക്കുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്നതും അത്തരമൊരു ഇഴയടുപ്പമാണ്. ജനങ്ങളുടെ മുന്നിലും കണ്ണിലും അത് പ്രകടമാകുന്നുവെന്നത് ഒരു സത്യം മാത്രം. ആക്രോശങ്ങളുടേയും ക്ഷോഭങ്ങളുടേയും പാര്‍ട്ടി നേതൃത്വശൈലിയ്ക്ക് വന്‍ മാര്‍ക്കറ്റുള്ള ഈ കാലത്ത് ബസുവിന്റെ തലമുറ പ്രകടിപ്പിച്ച സൗമനസ്യം എത്ര പേര്‍ ഇനി ഓര്‍ക്കും.

അതുകൊണ്ടാണ് ബംഗാളിലെ രാഷ്ട്രീയത്തില്‍ ഇപ്പോഴും വൈകാരികതയുടെ അടിയൊഴുക്കുകളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കൊല്‍ക്കത്തയെ 'സിറ്റി ഓഫ് ജോയ്' എന്ന് വിളിക്കാന്‍ ഡൊമിനിക് ലാപ്പിയറിനെ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ. തൃണമൂലിന്റെ വളര്‍ച്ചയും മാവോയിസ്റ്റ് മുന്നേറ്റങ്ങളുടേയും തിരിച്ചടികള്‍ ബംഗാളില്‍ സിപിഎമ്മിനെ നോക്കി ക്രൂരമായി ചിരിക്കുന്ന ഈ കാഴ്ച്ചകളുടെ അവസാനം കാണാന്‍ ഏതായാലും ഇനി ബസുവില്ല. കൊല്‍ക്കത്ത നഗരത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ മേധാവിത്വം കുറഞ്ഞുവരുന്നതിനെപ്പറ്റിയും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ചും അവിടത്തെ ഒരു സുഹൃത്ത് സൂചിപ്പിച്ചത് ഈയിടെയാണ്.

1977 മുതല്‍ സി പി എമ്മിനൊപ്പം നിന്നിട്ടുള്ള ബെല്‍ഗാച്ചിയ ഈസ്റ്റ് മണ്ഡലമാണ് സുഭാഷ് ചക്രവര്‍ത്തിയുടെ വിയോഗത്തിന്റെ ചൂട് മാറും മുമ്പെ ഒരു സഹതാപതരംഗത്തിന് പോലും വില കല്‍പ്പിക്കാതെ ഇത്തവണ തൃണമൂലിനെ വിജയിപ്പിച്ചത്. അതും സുഭാഷ് ചക്രവര്‍ത്തിയുടെ ഭാര്യയാണ് ഇവിടെ സി.പി.എമ്മിന് വേണ്ടി മത്സരിച്ചത് എന്നോര്‍ക്കുക. ഇങ്ങനെ പല മണ്ഡലങ്ങളുടേയും രാഷ്ട്രീയ ചരിത്രങ്ങള്‍ ഗ്രാഫുകളും പുതിയ ദിശകളിലേക്ക് മുന്നില്‍ വഴിമാറുകയാണ്. ബംഗാള്‍ ബസുവിന് ശേഷവും മുമ്പും എന്ന വര്‍ഗീകരണത്തിന് രാഷ്ട്രീയപ്രസക്തിയുണ്ടാകുന്നത് അതുകൊണ്ടാണ്. ബസുവിനെ സ്‌നേഹിച്ച ജനത ഗ്രാമങ്ങളില്‍ മാവോയിസ്റ്റുകളെ സ്വീകരിക്കാന്‍ തുടങ്ങുന്നതും പല പാര്‍ട്ടിപ്രവര്‍ത്തകരും കൊല്ലപ്പെടുന്നതും ആ വര്‍ഗീകരണത്തിന്റെ ആസന്നതയെ കൂടുതല്‍ ശക്തമാക്കുന്നുമുണ്ട്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ പ്രധാന്യമുള്ള തലയെടുപ്പുള്ള ഒരു നേതാവിനെയാണ് ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വിയോഗം പോലെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഴയ കമ്യൂണിസ്്റ്റുകള്‍ കാലഹരണപ്പെട്ടവരാകുന്ന നവ-ഇടതുപക്ഷ വികസനരാഷ്ട്രീയത്തില്‍ വിഎസ് അച്യുതാനനന്ദനെ ശക്തമായ പിന്തുണച്ച ആ നേതാവും ഓര്‍മ്മയായിരിക്കുന്നു. വി.എസിന് മുമ്പും ശേഷവും എന്ന് സി.പി.എമ്മിനെ വര്‍ഗീകരിക്കാവുന്ന സ്ഥിതിയിലേക്ക് കേരളവും മാറിപ്പോയിരിക്കുന്നുവെന്നതിലും ചരിത്രത്തിന്റേതായ ഒരു ഫലശ്രുതിയുണ്ട് എന്ന് തീര്‍ച്ച. 1964-ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിളര്‍പ്പില്‍ നിന്ന് സിപിഎമ്മുണ്ടാക്കാന്‍ ഇറങ്ങിപ്പോന്നവരില്‍ ഇന്ത്യയില്‍ ഇനി വിഎസിനും ശങ്കരയ്യയ്ക്കുമൊപ്പം ജ്യോതിബസുവില്ല. ബംഗാള്‍ രാഷ്ട്രീയത്തിന്റെ ചരിത്രഗതിയെ ഏത് രാഷ്ട്രീയവിദ്യാര്‍ത്ഥി രേഖപ്പെടുത്തിയാലും ബസുവിന് ശേഷം ഇനിയെന്ത് എന്ന ചോദ്യം പ്രസക്തമാകുന്നത് ആ അര്‍ത്ഥത്തിലാണ്.

വി എസ് സനോജ്‌



ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss