Mathrubhumi Logo
  JyothiBasu_MainBanner

അത്രമേല്‍ സ്‌നേഹാദരണീയന്‍

ശ്രീകണ്ഠത്ത് നാരായണമേനോന്‍ Posted on: 18 Jan 2010

ജ്യോതിബസു ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഏഴുവര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ലഭിക്കുകയുണ്ടായി. 1992 സപ്തംബറിലാണ് ഞാന്‍ മുഖ്യമന്ത്രിയുടെ ജോയിന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാവുന്നത്. 1999വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സാധാരണക്കാരന്റെ ആവശ്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് എനിക്ക് ഇക്കാലയളവില്‍ തിരിച്ചറിയാനായി. പഴയ തലമുറയിലെ മഹാന്മാരായ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ജനക്കൂട്ടത്തിന്റെ ഹൃദയവികാരം തൊട്ടറിയാന്‍ കഴിയുന്ന വലിയ രാഷ്ട്രീയനേതാവ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, മുഖ്യമന്ത്രി എന്നീ റോളുകള്‍ക്കിടയിലുള്ള അതിര്‍വരമ്പിനെക്കുറിച്ച് ബസുവിന് ഉത്തമബോധ്യമുണ്ടായിരുന്നു എന്നതാണ് ഏറ്റവും പ്രധാനം.
തിരക്കുപിടിച്ച ദിനചര്യയ്ക്കിടയിലും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും കാണാന്‍ അദ്ദേഹം ശ്രദ്ധിച്ചു. എല്ലായേ്പാഴും അവര്‍ക്ക് പറയാനുള്ളത് കേട്ടു. തനിക്കു യോജിപ്പില്ലാത്ത അഭിപ്രായങ്ങള്‍പോലും ക്ഷമയോടെ കേള്‍ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ആര്‍ക്കും ഏതു സമയവും ബസുവിനെ സമീപിക്കാമായിരുന്നു.

വീട്ടിലെ ഫോണ്‍ എടുത്തിരുന്നത് ബസുതന്നെയാണ്. പലപ്പോഴും ഞങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. എങ്കിലും അദ്ദേഹം തന്റെ രീതി തുടര്‍ന്നു.

ബുദ്ധികൂര്‍മതയും തികഞ്ഞ നര്‍മബോധവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. തെളിഞ്ഞ ഓര്‍മശക്തിയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ബസുവിന്റെ തലച്ചോറിനെ കമ്പ്യൂട്ടറെന്നാണ് ഞങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ആധുനിക കമ്പ്യൂട്ടറുകളെന്നപോലെ അടുക്കും ചിട്ടയോടെയുമാണ് അദ്ദേഹത്തിന്റെ മസ്തിഷ്‌കം പ്രവര്‍ത്തിച്ചിരുന്നത്.
ഇത്രമേല്‍ സാധാരണക്കാരുടെ സ്‌നേഹവും ആദരവും നേടാന്‍ കഴിഞ്ഞ മറ്റൊരു വ്യക്തിയെ എനിക്കെന്റെ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കൂടെ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തികളും അപൂര്‍വമാണ്. വാഹനത്തിന്റെ ഡ്രൈവര്‍വരെ ഭക്ഷണം കഴിച്ചോ എന്നദ്ദേഹം അന്വേഷിച്ചിരുന്നു.
അദ്ദേഹമൊരു ഉത്തമ കമ്യൂണിസ്റ്റും ജനനായകനും ദീര്‍ഘവീക്ഷണമുള്ള വ്യക്തിയുമാണെന്ന് നിസ്സംശയം പറയാം.





ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss