Mathrubhumi Logo
  JyothiBasu_MainBanner

ഇടതുപക്ഷത്തിന് സൗഭാഗ്യം പകര്‍ന്ന നേതൃത്വം -സി.പി.എം.

Posted on: 18 Jan 2010

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായരിലൊരാളെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പാര്‍ട്ടിക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്ന അദ്ദേഹം പൊളിറ്റ്ബ്യൂറോയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. ജ്യോതിബസുവിന്റെ നേതൃത്വം ഇന്ത്യന്‍ ഇടതുപക്ഷത്തിനു ലഭിച്ച സൗഭാഗ്യമായിരുന്നുവെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രമോദ് ദാസ് ഗുപ്തയ്‌ക്കൊപ്പം പശ്ചിമബംഗാളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു ബസുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പുറത്തിറക്കിയ അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.
രാജ്യത്തെ ഇടതു-ജനാധിപത്യ മതേതര ശക്തികളുടെ പ്രതീകമായിരുന്നു ബസു.
മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്ന ബസു തന്റെ സമീപനത്തില്‍ സിദ്ധാന്തപരമായ പിടിവാശി പുലര്‍ത്തിയിരുന്നില്ല. പാര്‍ലമെന്ററി സ്ഥാപനങ്ങളിലും ജനങ്ങളെ സേവിക്കുന്നതിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് എല്ലാ കമ്യൂണിസ്റ്റ് പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ് അദ്ദേഹം.

ജനകീയ നേതാവായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായി അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. പ്രചോദനത്തിന്റെ ഉറവിടമായും ഉപദേശങ്ങളാലും രാജ്യത്തെ ഇടതുപ്രസ്ഥാനങ്ങളോടൊപ്പം നിന്നപ്പോഴും രാഷ്ട്രീയവ്യത്യാസങ്ങളില്ലാതെ ദേശീയനേതാവായാണ് അദ്ദേഹം സ്വീകരിക്കപ്പെട്ടത് -പി.ബി. അനുസ്മരിച്ചു.
വേര്‍പിരിഞ്ഞ പ്രിയസഖാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അദ്ദേഹമുയര്‍ത്തിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഇനിയും മുന്നോട്ടുകൊണ്ടുപോകുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിന്റെ മകന്‍ ചന്ദന്‍ ബസുവിനേയും പേരമക്കളെയും മറ്റു കുടുംബാംഗങ്ങളേയും അഗാധദുഃഖം അറിയിക്കുന്നുവെന്നും പി.ബി. അനുശോചനപ്രമേയത്തില്‍ അറിയിച്ചു.




ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss