അനുശോചനങ്ങള്‍ Posted on: 18 Jan 2010
ന്യൂഡല്‍ഹി: ജ്യോതിബസുവിന്റെ വിയോഗത്തോടെ ഇന്ത്യന്‍രാഷ്ട്രീയത്തിലെ ഒരു യുഗത്തിന് തിരശ്ശീല വീണതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായിരുന്ന രണ്ട് ദശാബ്ദത്തിലേറെക്കാലം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളാണെന്ന് അദ്ദേഹം സ്വയം തെളിയിച്ചു.
ദേശീയരാഷ്ട്രീയത്തിലെ കരുത്തുറ്റ പ്രാദേശിക ശബ്ദമായിരുന്നു ബസുവിന്റേത്. മതേതരമൂല്യങ്ങളോട് അഗാധമായ ഉദ്ബുദ്ധത പ്രകടിപ്പിച്ച നേതാവായിരുന്നു ബസു. പല പ്രശ്‌നങ്ങളിലും താന്‍ ബസുവിന്റെ വിലപ്പെട്ട ഉപദേശം തേടിയിരുന്നു. അപ്പോഴെല്ലാം തികച്ചും പ്രായോഗികമറുപടിയാണ് ലഭിച്ചിരുന്നത്-പ്രധാനമന്ത്രി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.
നഷ്ടമായത് മികച്ച ഭരണാധികാരിയെ -രാഷ്ട്രപതി
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ജ്യോതിബസുവിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത് ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളെയാണെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു.
ബസുവിന്റെ വിയോഗത്തില്‍ അഗാധ ദുഃഖമറിയിച്ച ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനതലത്തിലും അദ്ദേഹത്തിന്റെ നേതൃത്വം മറ്റുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശവും ഉത്തേജനവും പകര്‍ന്ന കാര്യം അനുസ്മരിച്ചു.
നഷ്ടമായത് മഹാനായ വിപ്ലവകാരിയെ -വി.എസ്.
ആലപ്പുഴ: ജ്യോതിബസുവിന്റെ മരണത്തിലൂടെ ഏറ്റവും മഹാനായ വിപ്ലവകാരിയെയാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണദ്ദേഹം. മുഖ്യമന്ത്രിപദത്തിലിരുന്ന അദ്ദേഹം ഭൂപരിഷ്‌കരണം നടപ്പിലാക്കി. ജനങ്ങളെ പട്ടിണിയില്‍നിന്ന് മോചിപ്പിച്ചു.
ആധുനിക ബംഗാളിന്റെ ശില്പിയാണ് അദ്ദേഹം.സി.പി.എമ്മിലെ പി. സുന്ദരയ്യ, ബസവപുന്നയ്യ, ഇ.എം.എസ്, എ.കെ.ജി, ബി.ടി. രണദിവെ, സുര്‍ജിത്‌സിങ് എന്നിവര്‍ക്കൊപ്പമാണ് ബസുവിന്റെ സ്ഥാനം-മുഖ്യമന്ത്രി പറഞ്ഞു.
ഇതിഹാസ നായകന്‍ -പിണറായി
മലപ്പുറം: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് ഇതിഹാസ നായകനെയാണ് ജ്യോതിബസുവിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും പാരമ്പര്യമുള്ള പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ബസു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സും ഇടതുപക്ഷ ഭരണപാതയുടെ രാഷ്ട്രീയ ശില്പിയുമായിരുന്നു-പിണറായി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പ്രായോഗിക മുഖം -ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് ശരിയായി ബോധ്യപ്പെടുകയും പ്രായോഗികമായി നിറവേറ്റുകയും ചെയ്ത നേതാവായിരുന്നു ജ്യോതിബസുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
തീരാനഷ്ടം -ചെന്നിത്തല
ജ്യോതിബസുവിന്റെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നീതിയുടെ പടയാളി -സോണിയ
ന്യൂഡല്‍ഹി: സാമൂഹിക നീതിയുടെ പടയാളിയായിരുന്നു ജ്യോതിബസുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ഗീയത, മതമൗലികവാദം, ജാതി സമ്പ്രദായം തുടങ്ങിയ എല്ലാ തരത്തിലുള്ള ഭീഷണികള്‍ക്കുമെതിരെ ബസു അക്ഷീണം പോരാടി-സോണിയ അനുശോചന സന്ദേശത്തില്‍ പരാമര്‍ശിച്ചു.
മഹാനായ നായകന്‍ -പ്രകാശ് കാരാട്ട്
സി.പി.എമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും ജ്യോതിബസു മഹാനായ നായകനായിരുന്നുവെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അനുസ്മരിച്ചു. ഏഴു പതിറ്റാണ്ട് നീണ്ട പൊതു-രാഷ്ട്രീയജീവിതത്തില്‍ ഉജ്ജ്വലനായ കമ്യൂണിസ്റ്റായിരുന്നു ബസു. ബസു അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച് ഇടതു ജനാധിപത്യ മതേതരശക്തികളുടെ പ്രതീകമായി മാറി-കാരാട്ട് പറഞ്ഞു.
ഇതിഹാസ ജീവിതം -ബുദ്ധദേവ്
ജീവിച്ചിരിക്കുമ്പോള്‍ ഇതിഹാസമായിരുന്ന ബസു ബംഗാളിലെ ഇടതുസര്‍ക്കാരിന്റെ പിതാവുകൂടിയായിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനും ഇടതു മതേതരപ്രസ്ഥാനങ്ങള്‍ക്കും മഹാനായ നേതാവിനെയാണ് നഷ്ടപ്പെട്ടത്- ഭട്ടാചാര്യ പറഞ്ഞു.
ഉജ്വലവ്യക്തിത്വം -എ.കെ. ആന്റണി
സമുജ്വലമായ വ്യക്തിത്വം കൊണ്ടും ശ്രദ്ധേയമായ കര്‍മശേഷികൊണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശാശ്വതയശസ്സുനേടിയ അതികായനായിരുന്നു ജ്യോതിബസുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
നഷ്ടമായത് മുതിര്‍ന്ന നേതാവിനെ -രവി
ഇന്ത്യയിലെ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അനുശോചിച്ചു. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധമുള്ള നേതാവും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു ബസുവെന്നും വയലാര്‍ രവി പറഞ്ഞു.
ഏറെ അടുപ്പമുള്ള നേതാവ് -മുല്ലപ്പള്ളി
കോഴിക്കോട്: ഇന്ദിരാഗാന്ധിയുടെ കാലംതൊട്ടേ കോണ്‍ഗ്രസ്സുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഏവരുടെയും ആദരവ് നേടി -കരുണാകരന്‍
രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരുടെയും ആദരവ് നേടിയിരുന്ന ജ്യോതിബസു രാജ്യതാല്പര്യമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് വിരോധം മാറ്റിവെച്ച് മുഖ്യധാരാ സമീപനങ്ങള്‍ സ്വീകരിച്ച നേതാവായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു.
അതുല്യസംഭാവനകള്‍ നല്‍കി -വെളിയം
തന്റെ ജീവിതം ഒരു നാടിന്റെ ചരിത്രമാക്കിമാറ്റിയ നേതാവായിരുന്നു ജ്യോതിബസുവെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അതുല്യ സംഭാവന നല്‍കിയ നേതാവായിരുന്നു ജ്യോതിബസുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അഭിപ്രായപ്പെട്ടു.
ആദരവ് പിടിച്ചുപറ്റിയ നേതാവ്-വീരേന്ദ്രകുമാര്‍
കോഴിക്കോട്: കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് പിടിച്ചുപറ്റിയ ഉന്നതനായ രാഷ്ട്രീയനേതാവായിരുന്നു ജ്യോതിബസുവെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.ബംഗാളിന്റെ മനഃസാക്ഷി അദ്ദേഹത്തിന്റെ കൂടെയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെക്കാലം പശ്ചിമബംഗാളിനെ അദ്ദേഹം മുന്നോട്ടുനയിച്ചു. പല വിഷയങ്ങളിലും സങ്കുചിതമായ വീക്ഷണങ്ങള്‍ക്കപ്പുറം ദേശീയമായി ചിന്തിച്ചിരുന്ന ഉന്നത ശീര്‍ഷനായിരുന്നു അദ്ദേഹം-വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടം -കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ജ്യോതിബസുവിന്റെ നിര്യാണം ഇന്ത്യന്‍ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അനുശോചനങ്ങള്‍ പ്രവാഹമായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന വിപ്ലവനായകന്റെ വേര്‍പാടില്‍ നേതാക്കളുടെ അനുശോചനപ്രവാഹം. എളിമയും ലളിതജീവിതവും അങ്ങേയറ്റത്തെ കമ്മ്യൂണിസ്റ്റ് സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു ജ്യോതിബസുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റ്-മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സമുജ്ജ്വല നേതൃത്വം നല്‍കിയ വ്യക്തിയാണ് ജ്യോതിബസുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അന്ത്യശ്വാസം വരെയും പോരാളിയായിരുന്നു ജ്യോതിബസുവെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആധുനിക ഇടതുപക്ഷനയം ആവിഷ്‌കരിച്ച ശില്പിയായിരുന്നു ബസുവെന്ന് സി.പി.ഐ. ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി സേവനമനുഷ്ഠിച്ച നേതാവായിരുന്നു ജ്യോതിബസുവെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് അഭിപ്രായപ്പെട്ടു.
കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് , ജനതാദള്‍ (യു) അധ്യക്ഷന്‍ ശരത് യാദവ്, എല്‍.ജെ.പി നേതാവ് രാം വിലാസ് പാസ്വാന്‍, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കെ. റോസയ്യ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി.ദേവരാജന്‍ തുടങ്ങിയവരും ജ്യോതിബസുവിന്റെ വേര്‍പാടില്‍ അനുശോചിച്ചു.
രാജ്യത്തിന്റെ നല്ലപുത്രന്‍ -കോണ്‍ഗ്രസ്
രാജ്യത്തിന്റെ നല്ല പുത്രന്മാരിലൊരാളായിരുന്നു ജ്യോതിബസുവെന്ന് കോണ്‍ഗ്രസ് അനുശോചനസന്ദേശത്തില്‍ വിശേഷിപ്പിച്ചു. ബംഗാളിനും സി.പി.എമ്മിനും മാത്രമല്ല രാജ്യത്തിനാകെ ദുഃഖകരമാണ് അദ്ദേഹത്തിന്റെ വിയോഗം. രാഷ്ട്രീയ ജീവിതത്തില്‍ ലാളിത്യവും ഉറപ്പും അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ഷക്കീല്‍ അഹമ്മദ് അനുസ്മരിച്ചു.
സമകാലിക രാഷ്ട്രീയത്തിലെ അതികായന്‍ -ബി.ജെ.പി.
സമകാലിക രാഷ്ട്രീയത്തിലെ അതികായനായിരുന്നു ജ്യോതിബസുവെന്ന് ബി.ജെ.പി. അനുസ്മരിച്ചു. മഹാന്മാരുടെ കൂട്ടത്തിലൊരാളായിരുന്നു ബസുവെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി പറഞ്ഞു. ആശയപരമായി വിഭിന്നതയുണ്ടെങ്കിലും ബസുവിന്റെ മഹാത്മ്യത്തെ ബഹുമാനിക്കുന്നു-അദ്വാനി പറഞ്ഞു.
ഇതിഹാസതുല്യനായ കമ്യൂണിസ്റ്റ് -ആര്‍.എസ്.എസ്.
പ്രതിബദ്ധതയും തത്ത്വദീക്ഷയുമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിനെയാണ് ബസുവിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് ആര്‍.എസ്.എസ്. അനുസ്മരിച്ചു. ഇതിഹാസതുല്യനായ കമ്യൂണിസ്റ്റ് നേതാവാണ് ബസുവെന്ന് അനുശോചന പ്രമേയത്തില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ബയ്യാജി ജോഷി പറഞ്ഞു. അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും നീണ്ട രാഷ്ട്രീയ പോരാട്ടത്തില്‍ ബസു തന്റെ ആശയം മുറുകെപ്പിടിച്ചു -അദ്ദേഹം വിലയിരുത്തി.