അന്ത്യാഭിലാഷവും അതുല്യം Posted on: 18 Jan 2010
സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ പിറന്ന് കമ്യൂണിസത്തിന്റെ പാതയിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളായി ഉയര്‍ന്ന ബസു തന്റെ മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു ദാനംചെയ്തുകൊണ്ടാണ് മരണത്തിലും മാതൃകയായത്. ബസു നിഷ്‌കര്‍ഷിച്ച പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച അന്ത്യോപചാരമര്‍പ്പിച്ചശേഷം എസ്.എസ്.കെ.എം. ആസ്പത്രിയിലേക്കാണു കൊണ്ടുപോവുക.
ദാനംചെയ്ത കണ്ണുകളുടെ നേത്രപടലം ഞായറാഴ്ചതന്നെ എടുത്തുമാറ്റിയിരുന്നു. മരണാനന്തരവും ബസു തങ്ങളോടൊപ്പമുണ്ടെന്നുള്ള അറിവ് പക്ഷേ, ബംഗാളിന് ആശ്വാസമാകുന്നില്ല. അദ്ദേഹം ആസ്പത്രിയിലായ നിമിഷംമുതല്‍ കൊല്‍ക്കത്ത നിശ്ശബ്ദമായിരുന്നു.
ഞായറാഴ്ച സമയം രാവിലെ 11.47. എ.എം.ആര്‍.ഐ. ആസ്പത്രിക്കു മുന്നില്‍നിന്ന് ആ നിശ്ശബ്ദത സംസ്ഥാനമെമ്പാടും വ്യാപിച്ചു. ഞായറാഴ്ച ബസുവിന്റെ നില അത്യന്തം ഗുരുതരാവസ്ഥയിലായെന്ന വാര്‍ത്തകേട്ട് കൂടിനിന്നവര്‍ക്കിടയിലാണ് ബിമന്‍ബോസ് ഇടറിയ ശബ്ദത്തില്‍ മരണവിവരം അറിയിച്ചത്. മരണവാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി. 'ജ്യോതിബസൂ, ഞങ്ങള്‍ ഞെട്ടലിലാണ്' എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ സഖാക്കള്‍ നിശ്ശബ്ദരായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ആസ്പത്രിക്ക് പുറത്ത് കാത്തുനിന്നു.
ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് മൃതദേഹം സംസ്ഥാന സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ എത്തിക്കും. നാലു മണിക്കൂര്‍ സംസ്ഥാന നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. വിദേശപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇവിടെ അന്തിമോപചാരമര്‍പ്പിക്കും. പിന്നീട് അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു മുതല്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം. തുടര്‍ന്ന് സര്‍ക്കാര്‍ ആസ്പത്രിയായ എസ്.എസ്.കെ.എമ്മിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.