ചരിത്ര നിയോഗം നിഷേധിക്കപ്പെട്ട കമ്യൂണിസ്റ്റ്
Posted on: 17 Jan 2010

1996ലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാം മുന്നണിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ചെറുപാര്‍ട്ടികളുടെ നാവിന്‍തുമ്പില്‍ ഒരൊറ്റ പേരെ ഉണ്ടായിരുന്നുള്ളൂ-ജ്യോതിബസു. ആര്‍ക്കും അക്കാര്യത്തില്‍ ഒരു സന്ദേഹവുമുണ്ടായിരുന്നില്ല-സി.പി.എമ്മിന് ഒഴികെ. ഈ നിര്‍ദേശം സി.പി.എം കേന്ദ്രകമ്മിറ്റി നിരാകരിക്കുകയും അതുവഴി ഒരു കമ്മ്യൂണിസ്റ്റുകാരന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുമുള്ള അവസരം കളഞ്ഞുകുളിക്കുകയും ചെയ്തു. ഇതിനെ ഏറ്റവും കുറഞ്ഞത് 'ചരിത്രപരമായ വിഡ്ഢിത്തം' എന്നെങ്കിലും വിശേഷിപ്പിക്കാഞ്ഞാല്‍ അത് നീതികേടായിരിക്കും എന്ന് ബസുവിന് തോന്നിയിട്ടുണ്ടായിരിക്കണം.
പിന്നീട് ഒരിക്കലും സി.പി.എമ്മിനോ ബസുവിനോ പിന്നാലെ ആരും പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് നടന്നിട്ടില്ല. ഈ സംഭവം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം കുറഞ്ഞത് ഒരുപിടി സഖാക്കളെങ്കിലും അന്ന് ബസു പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആശിക്കാത്തവരായിട്ടുണ്ടാകില്ല.
കൈവിരലുകളില്‍ എണ്ണാവുന്നത്ര പാര്‍ലമെന്റ് അംഗങ്ങള്‍ മത്രമുള്ളപ്പോഴായിരുന്നു സി.പി.എമ്മിന് ഈ സുവര്‍ണാവസരം ലഭിച്ചത്. രാജ്യം ഭരിക്കാനും അതുവഴി ഭരണരംഗത്തെ കമ്യൂണിസ്റ്റ് വൈവിധ്യം നൂറ് കോടിയലധികം ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള അവസരം. അത് സി.പി.എം പാഴാക്കുകയും ചെയ്തു. അന്ന് ബസുവിനെ പ്രധാനമന്ത്രിയാകാന്‍ മൂന്നാം മുന്നണി നേതാക്കള്‍ ക്ഷണിച്ചത് അത് ബസു ആയതുകൊണ്ടുമാത്രമായിരുന്നു. ഒരുപക്ഷേ മറ്റൊരു സി.പി.എം നേതാവിനെയും രാജ്യം ആ സ്ഥാനത്ത് അതിനുമുമ്പോ പിമ്പോ ആലോചിച്ചിട്ടുപോലുമുണ്ടാകില്ല. ഭരണരംഗത്തെ നൈപുണ്യം, നേതാവെന്ന നിലയിലുള്ള തലയെടുപ്പ്, എല്ലാത്തിനുമപ്പുറം ഒരു ഭരണാധികാരിയുടെ ആജ്ഞാശക്തി ഇതൊക്കെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ അര്‍ഹതയ്ക്ക് അടിവരയിടുന്നതായിരുന്നു.
വ്യക്തിപരമായ സ്ഥാന നഷ്ടമാണോ അദ്ദേഹത്തെ ഈ വിവാദ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത് എന്ന ചോദ്യം അവശേഷിക്കുന്നു. ആകാം, അല്ലായിരിക്കാം. ഒരുപക്ഷേ ഇതിലും നല്ലൊരവസരം തന്റെ പാര്‍ട്ടിയ്ക്ക് ഇനി ലഭിക്കാനിടയില്ലെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം. അതുവഴി രാജ്യത്തെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കാം എന്നും അദ്ദേഹം ആശിച്ചിട്ടുണ്ടാകാം. അന്ന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ബസുവിന് സി.പി.എം അനുമതി നല്‍കിയിരുന്നെങ്കില്‍ ഇന്ന് ആ പാര്‍ട്ടിയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നേനെ എന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അതങ്ങിനെയാകുമായിരുന്നോ എന്ന് ഇപ്പോള്‍ നമ്മുക്ക് സങ്കല്പിക്കാന്‍ മാത്രമെ കഴിയൂ.
എന്തായാലും ബസു ആ തീരുമാനത്തില്‍ നിരാശനായിരുന്നു എന്ന് കാര്യത്തില്‍ സംശയമില്ല. ആ നിരാശയാണ് 'ചരിത്രപരമായ വിഡ്ഢിത്ത'മായി ആ നാവില്‍ നിന്ന് പുറത്തുവന്നത്. അത് വ്യക്തിപരമോ പാര്‍ട്ടി താല്പര്യമോ എന്നത് അദ്ദേഹത്തിന്റെ ഹൃദയത്തിന് മാത്രം അറിയാവുന്ന കാര്യം. ആ ഹൃദയത്തിന്റെ ശ്വാസം നിലച്ചതോടെ ആ രഹസ്യത്തിനും അന്ത്യമായിരിക്കുന്നു. എന്നാലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ആ പ്രയോഗം ഇനിയും ഏറെക്കാലം മുഴങ്ങിക്കേള്‍ക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പങ്കപ്പാടോടെ ഓടിനടക്കുന്ന ഈ കാലത്തും ഇനി വരും കാലത്തും...