Mathrubhumi Logo
  JyothiBasu_MainBanner

ജ്യോതിബസു കാലഘട്ടത്തെ സ്വാധീനിച്ച അതികായന്‍ -നീലോത്‌പല്‍ ബസു

Posted on: 18 Jan 2010

ന്യൂഡല്‍ഹി: ഒരു കാലഘട്ടത്തെ സ്വാധീനിക്കുകയും ഒരു തലമുറയ്ക്ക് പ്രചോദനം നല്‍കുകയും ചെയ്ത നേതാവായിരുന്നു ജ്യോതിബസുവെന്ന് സി.പി.എം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നീലോത്പല്‍ ബസു പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമപ്പുറത്തേക്ക് വ്യാപിച്ചു. ഉറച്ച കമ്യൂണിസ്റ്റായിരുന്നെങ്കിലും തന്റെ സ്വാധീനമേഖല അതിനുമപ്പുറം കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. ജ്യോതിബസു ഇടതുപക്ഷത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും രാഷ്ട്രീയരംഗത്ത് ചെയ്ത സംഭാവനകളും ഈ സന്ദര്‍ഭത്തില്‍ ക്രോഡീകരിക്കാനോ ആലോചിക്കാനോപോലും സാധ്യമല്ല. അധികാരം കൈപ്പിടിയിലായിരിക്കെ സ്വമേധയാ സ്ഥാനമൊഴിഞ്ഞ മറ്റൊരു നേതാവിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാനാവില്ല. ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങളും അദ്ദേഹത്തിന്റെ പുരോഗന കാഴ്ചപ്പാടും ജനാധിപത്യരീതിയിലുള്ള പെരുമാറ്റവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള നിലപാടും മറ്റാരിലും കാണാത്തതാണ്.

ജ്യോതിബസുവിന്റെ മതേതരത്വത്തോടുള്ള ഉറച്ച നിലപാടും വര്‍ഗീയശക്തികളോടുള്ള വെറുപ്പും ഏത് വര്‍ഗീയവാദിയുടെ മനസ്സിലും ഭയപ്പാടുണ്ടാക്കുന്നതായിരുന്നു. ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നം സമാധാനത്തോടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയുണ്ടായി. എന്നാല്‍ ഒടുവില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് തെളിഞ്ഞു.
1996ലെ തിരഞ്ഞെടുപ്പിനുശേഷം വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്തുന്നതിന് പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ഡാര്‍ജിലിങ്ങില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സംസ്ഥാനത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി ഡാര്‍ജിലിങ് ഹില്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കാതെ ജനപക്ഷത്തുനിന്ന് അദ്ദേഹം പോരാടി.
ജ്യോതിബസു പ്രധാനമന്ത്രിയാവണമെന്ന് 1996ലെ തിരഞ്ഞെടുപ്പിന് ശേഷം നിര്‍ദേശമുയര്‍ന്നപ്പോള്‍ എല്ലാം പാര്‍ട്ടി തീരുമാനിക്കുന്നതുപോലെയായിരിക്കുമെന്ന്അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം തുറന്നുപറഞ്ഞപ്പോഴും അദ്ദേഹം ഒരു വിമതനോ സമൂലപരിവര്‍ത്തനവാദിയോ ആയില്ല. ബസുവിന്റെ വിടവു നികത്തുക സാധ്യമല്ല -നീലോത്പല്‍ ബസു പറഞ്ഞു.




ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss