ജ്യോതിബാബു ഇടതുപ്രതീകം Posted on: 18 Jan 2010
പിന്നീട് രണ്ടുവര്‍ഷം ഞാന്‍ കൊല്‍ക്കത്തയിലുണ്ടായിരുന്നു. ഒരു കള്ളപ്പേരിലായിരുന്നു അവിടെ എന്റെ പ്രവര്‍ത്തനം. 'ലഖന്‍' എന്ന പേരില്‍. കാരണം സര്‍ക്കാര്‍ എന്നെ ഒളിവില്‍പ്പോയ ഒരാളായി പ്രഖ്യാപിച്ചിരുന്നു.
ജ്യോതിബാബു ബംഗാള്‍ സ്റ്റേറ്റ് അസംബ്ലിയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് ഞാനോര്‍ക്കുന്നു. '46-ലാണത്. ഒരുപ്രത്യേക റെയില്‍വേ തൊഴിലാളി മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത്. അന്ന് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക കമ്യൂണിസ്റ്റ് അംഗമാണ് അദ്ദേഹം.
'48-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. ഞങ്ങളെല്ലാം അറസ്റ്റിലായി. ജ്യോതിബാബുവും ജയിലിലായി. അതിനുശേഷം പുറത്തുവന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി.
അപ്പോഴേക്കും രാജ്യം സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിരുന്നു. കിഴക്കന്‍ ബംഗാള്‍ കിഴക്കന്‍ പാകിസ്താനായി. ഞാന്‍ ലഖന്‍സിങ് എന്ന പേരില്‍ത്തന്നെ കൊല്‍ക്കത്തയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നു. ആദ്യ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജ്യോതിബാബു എന്നെ വിളിച്ച് നാഗ്പുരിലേക്കുമടങ്ങാന്‍ ആവശ്യപ്പെട്ടു. പോലീസിന് കീഴടങ്ങാനാണ് അദ്ദേഹം ഉപദേശിച്ചത്. അദ്ദേഹം അന്ന് പാര്‍ട്ടി സെക്രട്ടറിയാണല്ലോ. ഞാനങ്ങനെ ചെയ്യുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ ട്രാംകൂലി ഒരു പൈസ കൂട്ടിയതിന് ജ്യോതിബാബു സമരംനയിച്ചത് ഞാനോര്‍ക്കുന്നു. പിന്നെ എ.ഐ.ടി.യു.സി. ജനറല്‍ കൗണ്‍സില്‍ സമരത്തിന്റെ റിപ്പോര്‍ട്ട് അദ്ദേഹം നല്‍കിയതും. സാധാരണക്കാരനുവേണ്ടിയുള്ള തീക്ഷ്ണമായ ഒരു സമരമായിരുന്നു അത്.
ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും ജ്യോതിബാബു ബംഗാള്‍ സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മൂന്ന് കമ്യൂണിസ്റ്റുകാര്‍ സഭയിലെത്തി. ഡോ. ബി.സി.റോയ് ആണ് മുഖ്യമന്ത്രി. സഭയില്‍ ബി.സി. റോയും ജ്യോതിബാബുവും പങ്കെടുത്ത ചര്‍ച്ചകള്‍ പത്രങ്ങളിലെല്ലാം വലിയ വാര്‍ത്തയായി. സാധാരണക്കാരന്റെ, ദരിദ്രന്റെ ശബ്ദമായിരുന്നു ജ്യോതിബാബുവിന്റെത്. ബംഗാള്‍ രാഷ്ട്രീയത്തില്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ജ്യോതിബാബു ഒരു വിഗ്രഹതുല്യനായി മാറുകയായിരുന്നു.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എം. രൂപവത്കരിച്ച നേതാക്കളോടൊപ്പം അദ്ദേഹവും പോയി. ഇരുപാര്‍ട്ടികളും തമ്മില്‍ കയേ്പറിയ ഏറ്റുമുട്ടലുകളും രാഷ്ട്രീയ വാഗ്വാദങ്ങളും ശാരീരിക കൈയേറ്റങ്ങളുംപോലും ഉണ്ടായി, ബംഗാളില്‍.
ബംഗാളില്‍ ആ സമയത്ത് ഐക്യമുന്നണി ഭരണമായിരുന്നു. അജോയ്മുഖര്‍ജി മുഖ്യമന്ത്രി, ജ്യോതിബാബു ഉപമുഖ്യമന്ത്രി. അജോയ്മുഖര്‍ജിയുടെ ബംഗ്ലാ കോണ്‍ഗ്രസ് കോണ്‍ഗ്രസ്സില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ഒരുകക്ഷിയായിരുന്നു. ഈ സര്‍ക്കാര്‍ ഏറെക്കാലമുണ്ടായില്ല. പിന്നീട് വന്നത് സിദ്ധാര്‍ഥ്ശങ്കര്‍റായ് സര്‍ക്കാര്‍. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കടുത്ത മര്‍ദനങ്ങളുണ്ടായകാലമാണത്. ജ്യോതിബാബുവിന്റെയും പ്രൊമോദ്ദാസ്ഗുപ്തയുടെയും നേതൃത്വത്തില്‍ സഭയില്‍ വാക്കൗട്ടുകളുണ്ടായി.
അടിയന്തരാവസ്ഥയ്ക്കുശേഷമാണ് ഇടതുമുന്നണിയുടെ ജയം. ജ്യോതിബാബു മുഖ്യമന്ത്രിയായി. ആദ്യ മുന്നണി സര്‍ക്കാറില്‍ സി.പി.ഐ. ഉണ്ടായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിലാണ് സി.പി.ഐ. മുന്നണിയില്‍ ചേര്‍ന്നത്.
ജ്യോതിബാബുവിന്റെ നേതൃത്വത്തിലാണ് ഇടതു സര്‍ക്കാര്‍'ഓപ്പറേഷന്‍ ബര്‍ഗ' നടത്തിയത്. ഭൂപരിഷ്‌കാരം ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കുടികിടപ്പുകാര്‍ക്ക് അവകാശമായി ലഭിച്ചു. വര്‍ഷങ്ങളോളം ഇടതുഭരണം ബംഗാളിലുണ്ടാവാന്‍ അടിത്തറയായത് ഇതാണ്.
പിന്നെ മറ്റൊരു പ്രധാനനടപടി പഞ്ചായത്ത് ആക്ട് ആയിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍ പഞ്ചായത്തുകള്‍ വെറും പേരുകള്‍ മാത്രമായിരുന്നകാലത്ത് ബംഗാളില്‍ അധികാരവികേന്ദ്രീകരണം നടന്നു. ഗ്രാമങ്ങളിലെ കര്‍ഷകര്‍ യഥാര്‍ഥത്തില്‍ അവരുടെ ഭരണാധികാരികളായി. ഇതുരണ്ടുമാണ് ബംഗാളില്‍ ഇടതുമുന്നണിയുടെ അടിത്തറയിട്ടതെന്ന് ഞാന്‍ കരുതുന്നു.
ജ്യോതിബാബുവിന്റെ കൈയില്‍ മുന്നണി ഭദ്രമായി പ്രവര്‍ത്തിച്ചുപോന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മാത്രമല്ല കാരണം, എല്ലാ പാര്‍ട്ടികളിലെയും എല്ലാവരെയും ഒന്നിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. നിലവിലുള്ള ഭരണത്തിന് എതിരായവികാരം എന്നൊന്ന് അന്നുണ്ടായിരുന്നില്ല. ഏറ്റവും അധികനാള്‍ ഭരണത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോഡും അദ്ദേഹം സൃഷ്ടിച്ചു.
കേന്ദ്രത്തില്‍ ഐക്യമുന്നണി ഭരണത്തില്‍ ഏറിയപ്പോഴാണ് ആര് പ്രധാനമന്ത്രിയാകും എന്ന ചോദ്യമുയര്‍ന്നത്. ഏവരുടെയും ഉത്തരം ജ്യോതിബാബു എന്നായിരുന്നു. ഐക്യമുന്നണി ഭരണം ബംഗാളില്‍ദീര്‍ഘകാലം വിജയകരമായി നിര്‍വഹിച്ച ജ്യോതിബാബുവാണ് അതിനുപറ്റിയ ആള്‍ എന്നതിനു സംശയമില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടി, സി.പി.എം. ഇതിനു തയ്യാറായിരുന്നില്ല. ജ്യോതിബാബുവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിതും ഇതിന് അനുകൂലമായിരുന്നു. പക്ഷേ, കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷവും എതിര്‍ത്തു. ഇതിനെയാണ് പിന്നീട് ജ്യോതിബാബു 'ചരിത്രപരമായ വിഡ്ഢിത്തം' എന്നു വിളിച്ചത്.
അന്ന് അദ്ദേഹം ആദ്യത്തെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയായിരുന്നെങ്കില്‍, ചരിത്രം തിരുത്തിക്കുറിക്കപ്പെടുമായിരുന്നു എന്നെനിക്കുറപ്പുണ്ട്. അത്തരമൊരു സര്‍ക്കാര്‍ എത്രനാള്‍ നീളുമായിരുന്നു എന്നു പറയാനാവില്ലെങ്കിലും.
പിന്നീട് ജ്യോതിബാബു തന്നെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ഇടതുസര്‍ക്കാറിന് ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജ്യോതിബാബു കാണിച്ചുകൊടുത്തു. ഇതൊരു പാഠംതന്നെയാണ്. ജനങ്ങള്‍ക്കുവേണ്ടി ഇത്തരമൊരു സര്‍ക്കാറിന് പലതും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കാണിച്ചുകൊടുത്തു. തീര്‍ച്ചയായും പരിമിതികളുണ്ടെങ്കിലും.
സി.പി.ഐ.യും സി.പി.എമ്മും രണ്ടുപാര്‍ട്ടികളാണെങ്കിലും ജ്യോതിബാബുവിന്റെ പാരമ്പര്യം ഇരുകൂട്ടര്‍ക്കും പങ്കുവെക്കാവുന്നതാണ്.
എ.ബി. ബര്‍ദന്‍