എന്റെ സുഹൃത്ത് പാര്‍ട്ടിയുടെ അഭിമാനം
ഇ.എം.എസ്.നമ്പൂതിരിപ്പാട് Posted on: 17 Jan 2010
50കളിലും 60കളിലും പശ്ചിമബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ബസു. 1967ലാണ് അദ്ദേഹം ആദ്യമായി മന്ത്രിസഭയിലെത്തുന്നത്്. അധികാരക്കസേരയിലില്ലാത്തിരുന്ന ഇടവേളകളിലും സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ രാഷ്ട്രീയ നേതാവ് ബസു തന്നെയായിരുന്നു. 1977ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. അത് ദീര്‍ഘകാലം തുടര്‍ന്നു. ഒരു സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയും ഇത്രയും സുദീര്‍ഘമായ കാലയളവില്‍ അധികാരത്തില്‍ തുടര്‍ന്നിട്ടില്ല. അദ്ദേഹത്തിനു തൊട്ടുപിന്നിലുള്ളത് പശ്ചിമബംഗാളിന്റെതന്നെ മുഖ്യമന്ത്രിയായിരുന്ന ഡോ.ബി.സി.റോയിയാണ്. അദ്ദേഹത്തിന്റെ റെക്കോഡാണ് ബസു മറികടന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്കസേരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഇതുവഴി ദേശീയതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെടുന്ന നേതാവായി മാറി. മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളെല്ലാംതന്നെ ആദരവോടെ നോക്കിക്കാണുന്ന നേതാവാണ് ബസു. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി മൂന്നാംമുന്നണി രൂപവത്കരിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെല്ലാം അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്കാണ് കാതോര്‍ത്തത്. രാജ്യത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകാരും സഖാവ് ബസുവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു.
യോജിച്ചു പ്രവര്‍ത്തിച്ച ഉറ്റ സുഹൃത്ത് എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു
( 1995-ല്‍ മുഖ്യമന്ത്രിക്കസേരയില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയ
ബസുവിനെ അഭിനന്ദിച്ച് ഇ.എം.എസ്. തയ്യാറാക്കിയ കുറിപ്പ് )