'ചരിത്രപരമായ വിഡ്ഢിത്ത'ത്തെപ്പറ്റി ബസു
Posted on: 18 Jan 2010

'97 ജനവരിയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.ജെ. അക്ബറിനു നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് ബസു പാര്‍ട്ടിയുടെ 'ചരിത്രപരമായ' ആ വിഡ്ഢിത്തത്തെക്കുറിച്ചു പറഞ്ഞത്. 'തന്നെയും തന്റെ തത്ത്വശാസ്ത്രവും വിശ്വാസങ്ങളെയുംകുറിച്ച് അറിയാവുന്ന ആളുകളാണ് തന്നെ ക്ഷണിച്ചത്-ബസു അഭിമുഖത്തില്‍ പറഞ്ഞു. അവരെല്ലാം ഏകകണ്ഠമായി പ്രധാനമന്ത്രിക്കസേരയിലേക്കുതന്നെ ക്ഷണിക്കുകയായിരുന്നു. ബി.ജെ.പി. അധികാരത്തില്‍ വരുന്നതു തടയാന്‍ മറ്റാരുമില്ലെന്ന് അവര്‍ പറഞ്ഞു.
'ഞങ്ങള്‍ അടിയന്തര കേന്ദ്രക്കമ്മിറ്റി ചേര്‍ന്നു', 'ഭൂരിപക്ഷ തീരുമാനമനുസരിച്ച്, എത്ര വോട്ടെന്ന് എനിക്കറിയില്ല. 35-ഓ 20-ഓ മറ്റോ ആണ് അത് (പ്രധാനമന്ത്രിപദം) സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഞാന്‍ ന്യൂനപക്ഷത്തിന്റെ കൂടെയായിരുന്നു. സുര്‍ജിത്തും ഞങ്ങള്‍ക്കൊപ്പമായിരുന്നു.
തീരുമാനം അറിയിച്ചപ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് ശഠിച്ചു. അപ്പോഴേക്കും ചില കേന്ദ്രക്കമ്മിറ്റിയംഗങ്ങള്‍ സ്ഥലംവിട്ടിരുന്നു. എന്നിട്ടും തങ്ങള്‍ വീണ്ടും യോഗം ചേര്‍ന്നു. ചില അംഗങ്ങള്‍ ഇതിനിടെ മനസ്സുമാറ്റിയിരുന്നു. എന്നിട്ടും തങ്ങളുടേത് ന്യൂനപക്ഷമായിരുന്നു-ബസു പറഞ്ഞു.
ബസു പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്ത പ്രമുഖര്‍ ഇന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പി.ബി. അംഗം സീതാറാം യെച്ചൂരിയുമായിരുന്നു. എന്തായിരുന്നു അവരുടെ വാദഗതികള്‍ എന്ന ചോദ്യത്തിന് ബസു ചിരിച്ച് മറുപടി നല്‍കുന്നു-'പതിവുകാര്യങ്ങള്‍-ഇവയെല്ലാം ബൂര്‍ഷ്വാ പാര്‍ട്ടികളാണ്, എന്നിങ്ങനെ...'
അതേസമയം, കമ്മിറ്റിയിലെ 'ഭൂരിപക്ഷം' തന്നെ രക്ഷിച്ചുവെന്നും ബസു തമാശയായി പറയുന്നുണ്ട്. തന്റെ മോശം ആരോഗ്യം കാരണം പ്രധാനമന്ത്രിപദം ഒരു ഭാരമായിരുന്നേനെ-പിന്നീട് ബസു കൂട്ടിച്ചേര്‍ത്തു. 'പക്ഷേ, ഇതൊരു രാഷ്ട്രീയവിഡ്ഢിത്തമാണ്. ചരിത്രപരമായ വിഡ്ഢിത്തം'.
കേന്ദ്രത്തില്‍ അധികാരം കൈയാളുന്നതിനെപ്പറ്റി തന്റെ പാര്‍ട്ടി ഒരിക്കലും ചര്‍ച്ചചെയ്തിരുന്നില്ലെന്നും ബസു പറയുന്നു. 'അത് പൂര്‍ണമായും ഒരു സ്വപ്നമായാണ് ഞങ്ങള്‍ കരുതിയിരുന്നത്'-അദ്ദേഹം പറയുന്നു.