ജനങ്ങള്‍ക്കിടയിലെ വേരുകള്‍ Posted on: 17 Jan 2010

ബാരിസ്റ്റര്‍ പരീക്ഷ എഴുതിയശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. രണ്ടാം ലോക മഹായുദ്ധത്തോടൊപ്പമാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയതെന്ന് പറയാം. പിന്നെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പാര്‍ട്ടി പ്രവര്‍ത്തനം. കമ്യൂണിസമെന്ന പേര് അംഗീകരിക്കാന്‍ നാട്ടുകാര്‍ മനസ് കാണിക്കാതിരുന്ന കാലത്തായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തുന്ന ഒരു ബാരിസ്റ്റര്‍ക്ക് സാധാരണ കഴിയുന്നതിനെക്കാള്‍ വേഗത്തിലാണ് ജ്യോതിബസു ജനങ്ങളിലേക്ക് ഇറങ്ങിയത്. 1943 ല്‍ കൊല്‍ക്കത്തയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ പ്രവശ്യാകമ്മിറ്റി മീറ്റിങ് നടന്നപ്പോള്‍ കമ്മിറ്റി ഓര്‍ഗനൈസറായ ബസുവിന് റെയില്‍വെ തൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ ഉണ്ടാക്കാനുള്ള ചുമതല വീണുകിട്ടി. ഏറെ കടുത്ത ശ്രമത്തിനൊടുവിലാണ് ബംഗാള്‍, അസം റെയില്‍റോഡ് വര്‍ക്കേഴ്‌സ് യൂണിയന് ബസു അംഗീകാരം നേടിയെടുത്തത്. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. റെയില്‍വെ ജീവനക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വാധീനത്തിന് ദശകങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമുണ്ടായില്ല.
1946 ല്‍ ആയിരുന്നു ബസുവിന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം. ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റെയില്‍വെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹുമയൂണ്‍ കബീറിനെ തോല്‍പ്പിച്ച ബസിവിന് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ തോല്‍വി അറിയേണ്ടി വന്നിത് 1972 ല്‍ മാത്രം.
ആദ്യ നിയമസഭ മുസ്‌ലിം ലീഗിന്റേതായിരുന്നു. മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസും. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ബംഗാള്‍ വിഭജനം നടന്നു. ഭരണം കോണ്‍ഗ്രസിനായി. ബസു പ്രതിപക്ഷ നേതാവും. പ്രതിപക്ഷ നേതാവായിരിക്കെയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനവും ജ്യോതിബസുവിന്റെ അറസ്റ്റും. മൂന്നു മാസത്തിനുശേഷം വിട്ടയച്ചുവെങ്കിലും വീണ്ടും അറസ്റ്റിലായി. നിരോധനം നീക്കിയശേഷം 51 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൊല്‍ക്കത്ത മൈതാനത്ത് നടത്തിയ പ്രകടനവും സമ്മേളനവും രണ്ടു കാര്യങ്ങളാണ് ഉറപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്കും ബസുവിനുമുള്ള സ്വാധീനവും ബംഗാളില്‍ ബസുവിന്റെ നേതൃത്വവും.