Mathrubhumi Logo
  JyothiBasu_MainBanner

നെഹ്രു കുടുംബത്തിന്റെ 'അങ്കിള്‍'

എം.കെ. അജിത്കുമാര്‍ Posted on: 18 Jan 2010

ന്യൂഡല്‍ഹി: നെഹ്രു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ജ്യോതിബസു. സി.പി.എമ്മും കോണ്‍ഗ്രസും കടുത്ത രാഷ്ട്രീയശത്രുത പുലര്‍ത്തിയിരുന്ന കാലത്തും പിന്നീട് കൈകോര്‍ത്ത വേളയിലും ആ ബന്ധം ഉലയാതെ നിന്നു. ജവാഹര്‍ലാല്‍ നെഹ്രുവിനോടുള്ള ആദരവും അടുപ്പവും ഫിറോസ്ഗാന്ധിയും ഇന്ദിരാഗാന്ധിയുമായുള്ള സൗഹൃദവും രാജീവിനോടുള്ള വാത്‌സല്യവും ബസുവിനെ മറ്റു മാര്‍ക്‌സിസ്റ്റ് നേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കി. രാജീവിന്റെ കാലശേഷം നെഹ്രുകുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യം സോണിയയുടെ ചുമലിലായപ്പോഴും ആ ബന്ധത്തിന് മാറ്റമുണ്ടായില്ല. രാജീവിനും സോണിയയ്ക്കും ജ്യോതിബസു 'അങ്കിള്‍' ആയിരുന്നു.

ലണ്ടനില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് നെഹ്രു കുടുംബവുമായുള്ള ജ്യോതിബസുവിന്റെ അടുപ്പം. സ്വാതന്ത്ര്യസമരം ശക്തമായിരുന്ന 1935 ലാണ് ബസു ലണ്ടനില്‍ പഠിക്കാനെത്തിയത്. ഇന്ത്യന്‍ ദേശീയപ്രക്ഷോഭത്തിനു പിന്തുണയുമായി വി.കെ.കൃഷ്ണമേനോന്റെ നേതൃത്വത്തില്‍ അവിടെ രൂപംകൊണ്ട ഇന്ത്യാ ലീഗുമായി ബസു ബന്ധംസ്ഥാപിച്ചു. തുടര്‍ന്ന് സഹപാഠികളായിരുന്ന ഫിറോസ്ഗാന്ധി, ഇന്ദിരാഗാന്ധി, ഭൂപേഷ് ഗുപ്ത, സ്‌നേഹാന്‍ഷു ആചാര്യ, എസ്.എസ്.ധവാന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അദ്ദേഹം ഇന്ത്യാ സ്റ്റുഡന്റ്‌സ് ലീഗ് രൂപവത്കരിച്ചു. ഇന്ദ്രജിത്ഗുപ്തയും പിന്നീട് ആ സംഘത്തിന്റെ ഭാഗമായി. ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമായി ബസു ബന്ധപ്പെടുന്നതിനു മുമ്പായിരുന്നു അത്. വിദ്യാര്‍ഥികളായിരുന്നപ്പോള്‍ തുടങ്ങിയ അടുപ്പവും സ്‌നേഹവും പിന്നീട് രാഷ്ട്രീയത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അവരെല്ലാം കാത്തുസൂക്ഷിച്ചു. ഇന്ദിരയും ഫിറോസ്ഗാന്ധിയുംതമ്മിലുള്ള വിവാഹം നടത്തുന്നതിന് രണ്ടുപേരുടേയും ഉറ്റ സുഹൃത്തായ ബസു കാര്യമായ പങ്കുവഹിച്ചിരുന്നു.
രാജ്യത്ത് മടങ്ങിയെത്തിയശേഷം ജ്യോതിബസുവിന്റേയും ഇന്ദിരാഗാന്ധിയുടേയും പ്രവൃത്തിമണ്ഡലങ്ങള്‍ രണ്ടുധ്രുവങ്ങളിലായിരുന്നെങ്കിലും വ്യക്തിപരമായ ബന്ധം ഇരുവരും നിലനിര്‍ത്തി. സി.പി.എം.കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്ത കാലത്തുപോലും ഇരുനേതാക്കളും നല്ല സൗഹൃദം പുലര്‍ത്തി. ബസുവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ നിഖില്‍ ഭട്ടാചാര്യ(നിഖില്‍ദാ) അതേക്കുറിച്ച് അനുസ്മരിച്ചത് ഇപ്രകാരമാണ് ''ജ്യോതിബസു ഡല്‍ഹിയില്‍ വന്നാല്‍ പലപ്പോഴും ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ അത്താഴത്തിനു പോവാറുണ്ടായിരുന്നു. പുറത്ത് അധികമാര്‍ക്കും അക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമാത്രം. ഇന്ദിരയെ ജ്യോതിബസു വിളിച്ചിരുന്നത് ഇന്ദുവെന്നാണ്. ഇന്ദിരയ്ക്ക് അദ്ദേഹം ബസുജി ആയിരുന്നു. രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്ത് പലപ്പോഴും ഇന്ദിര ബസുവിന്റേയും ഭൂപേഷ് ഗുപ്തയുടേയും ഉപദേശം തേടുമായിരുന്നു''.

ഇന്ദിരാഗാന്ധിയുടെ കാലശേഷം രാജീവ്ഗാന്ധിയും സോണിയയും പ്രതിസന്ധിഘട്ടങ്ങളില്‍ 'അങ്കിളിനെ' ആശ്രയിക്കാന്‍ മറന്നില്ല. ഇന്ദിര വധിക്കപ്പെട്ട 1984 ഒക്ടോബര്‍ 31നുതന്നെ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ സിഖുകാര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. ചിലസ്ഥലങ്ങളില്‍ രാജീവ് സന്ദര്‍ശനം നടത്തി. പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ രാജീവ് അങ്കലാപ്പിലായ മണിക്കൂറുകളായിരുന്നു അത്. നവംബര്‍ രണ്ടിന് രാത്രി ബംഗാള്‍ ഭവനിലേക്ക് രാജീവ് ഗാന്ധിയുടെ ഫോണ്‍. ''എനിക്ക് അങ്കിളിനെ കാണണം. ഞാന്‍ എപ്പോഴാണ് വരേണ്ടത്''? ലഹളബാധിതസ്ഥലങ്ങള്‍ ആ ഘട്ടത്തില്‍ സന്ദര്‍ശിക്കരുതെന്നും ആരേയും അങ്ങോട്ടുപോയി കാണരുതെന്നും ആയിരുന്നു ജ്യോതിബസുവിന്റെ ഉപദേശം. ''താങ്കള്‍ പ്രധാനമന്ത്രിയാണ്. എല്ലാവരേയും വിളിപ്പിക്കുകയാണ് വേണ്ടത്. എനിക്ക് സന്ദര്‍ശനസമയം തരൂ. ഞാന്‍ അവിടേക്കുവരാം''. പിറ്റേന്നു രാവിലെ രാജീവിന്റെ വസതിയില്‍ ജ്യോതിബസു എത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറന്നുകൊണ്ട് രാജീവ് അദ്ദേഹത്തെ വരവേറ്റു. ഇന്ദിരയുടെ അന്തിമകര്‍മങ്ങള്‍ നടക്കുന്നതിനു മുമ്പായിരുന്നു അത്. രാജീവിന് സര്‍വപിന്തുണയും ഉറപ്പുനല്‍കി, തന്റെ സ്‌നേഹവും അടുപ്പവും എപ്പോഴും ഉണ്ടാകുമെന്ന് ബസു അറിയിച്ചു.

1991 ല്‍ രാജീവിന്റെ കൊലപാതകത്തിനുശേഷം സോണിയ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ജ്യോതിബസു അവരെ ഉപദേശിച്ചിരുന്നുവത്രെ. പിന്നീട് സോണിയ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തിയപ്പോഴും ബസു അവരുമായുള്ള അടുപ്പം തുടര്‍ന്നു. കോണ്‍ഗ്രസിന്റെ നയപരിപാടികളെ സി.പി.എം. ശക്തമായി എതിര്‍ത്തുകൊണ്ടിരുന്നപ്പോള്‍ത്തന്നെയാണത്.




ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss