ഒരു യുഗത്തിന്റെ അന്ത്യം: മന്‍മോഹന്‍ Posted on: 17 Jan 2010

കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസു സത്യസന്ധതയുടെയും സമന്വയത്തിന്റെയും വക്താവായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുസ്മരിച്ചു. രാഷ്ട്രീയക്കാരനെന്ന നിലയില്‍ പലകാര്യങ്ങളിലും അദ്ദേഹത്തെ മാതൃകയാക്കിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് രാഷ്ട്രീയത്തില്‍ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഭരണാധികാരികളില്‍ ഒരാളാണ് അദ്ദേഹം. മതേതരത്വത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിലാടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തി. വ്ക്തിപരമായി ബസുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പലകാര്യങ്ങളിലും ബസുവിന്റെ ഉപദേശം തേടിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ബസുവെന്ന് മന്‍മോഹന്‍സിങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ന് ദു:ഖത്തിന്റെ ദിനം: ചിദംബരം
ഇന്ന് ദുഖത്തിന്റെ ദിനമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം കൊല്‍ക്കത്തയില്‍ പറഞ്ഞു. ബസുവിന്റെ മരണം കനത്ത നഷ്ടമാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നതെന്നും ചിദംബരം അനുശോചിച്ചു. ബസുവിനെ പി ചിദംബരം ആസ്പത്രിയില്‍ സന്ദര്‍ശിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് മരണം സ്ഥിരീകരിച്ചത്.
അതികായനായ നേതാവ്: എ.കെ.ആന്റണി
ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇടതുപക്ഷ പ്രസ്ഥാനം സംഭാവന ചെയ്ത ഏറ്റവും അതികായനായ നേതാവായിരുന്നു ബസുവെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി അനുസ്മരിച്ചു. ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമായിരുന്നു ബസുവിന്റെ ശക്തിയെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അനുസ്മരിച്ചു. ദീര്‍ഘകാലം ബംഗാളിനെ നയിക്കാന്‍ ബസുവിന് കഴിഞ്ഞത് ഈ വ്യക്തിപ്രഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് തീരാനഷ്ടം: സോണിയാഗാന്ധി
ജ്യോതിബസുവിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് യു. പി. എ. അധ്യക്ഷ സോണിയാഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു.
ജനങ്ങള്‍ സ്‌നേഹിച്ച നേതാവ്: ഉമ്മന്‍ചാണ്ടി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെക്കുറിച്ച് ശരിയായ ബോധമുണ്ടായിരുന്ന നേതാവായിരുന്നു ജ്യോതിബസുവെന്നും അത് ഏറ്റവും പ്രായോഗികമായി നടപ്പിലാക്കിയ നേതാവുകൂടിയായിരുന്നു അദ്ദേഹമെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ജനങ്ങള്‍ സ്‌നേഹിച്ചത്-പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനങ്ങള്‍ എക്കാലത്തും ഓര്‍ക്കും: മമത
മുതിര്‍ന്ന ക്യൂണിസ്റ്റ് നേതാവ് ജ്യോതി ബസുവിന്റെ നേട്ടങ്ങള്‍ എക്കാലത്തും ജനങ്ങള്‍ ഓര്‍ക്കുമെന്ന് റെയില്‍വെ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. ഉന്നതനായ നേതാവായിരുന്നു അദ്ദേഹം. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ജ്യോതി ബസുവിന്റെ ബന്ധുക്കളെയും അനുയായികളെയും അവര്‍ അനുശേചനം അറിയിച്ചു. ബസുവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. രോഗശയ്യയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അടിത്തിടെ ബന്ധം വളരെയധികം വര്‍ദ്ധിച്ചിരുന്നുവെന്നും മമത അനുസ്മരിച്ചു. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.