Home>Sex>Sex (men)
FONT SIZE:AA

വാസ്‌ക്ടമി വേണ്ട; ഒരു ഡോസ് മരുന്ന് മതി

ഓരോ സംഭോഗത്തിലും പുരുഷന്‍ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ മാസത്തിലൊന്നുവീതം ഉല്‍പാദിപ്പിക്കുന്ന അണ്ഡവുമായി ചേരുമ്പോഴാണ് ഗര്‍ഭധാരണം സാധ്യമാകുന്നത്. പുരുഷന്മാരിലെ ബീജത്തെ തടഞ്ഞ് എങ്ങനെ ഗര്‍ഭധാരണം തടയാമെന്നതിന് വലിയ പുതുമയൊന്നുമില്ല. ഇങ്ങനെ ഗര്‍ഭധാരണം തടയുന്നതിന് പണ്ടുമുതലെ ചെയ്തുവരുന്ന ലളിതമായ ശസ്ത്രക്രിയയാണ് വാസക്ടമി.

ബീജവാഹിനിക്കുഴലുകളെ ഛേദിച്ച് കെട്ടിവെച്ചാണ് വാസക്ടമിവഴി ഗര്‍ഭധാരണം തടയുന്നത്. ഇങ്ങനെചെയ്താല്‍ വൃഷണത്തില്‍ ഉല്‍പാദിപ്പിക്കുന്ന ബീജങ്ങള്‍ ശുക്ലത്തിലൂടെ പുറത്തുവരില്ല. അതേസമയം ബീജോല്‍പാദനം നിന്നുപോകുകയുമില്ല. ഓപ്പറേഷന്‍ നിസാരമാണെങ്കിലും മൂന്നമാസമെങ്കിലും ലൈംഗിക ബന്ധം ഒഴിവാക്കണമെന്ന പ്രശ്‌നവുമുണ്ട്.

എന്നാല്‍ വാസക്ടമി പോലും കാലഹരണപ്പെട്ട സംവിധാനമാണെന്ന് ആരോഗ്യ ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നു. ഒറ്റ ഡോസ് മരുന്നുകൊണ്ട് പത്തുവര്‍ഷത്തോളം ഗര്‍ഭധാരണം തടയുന്ന മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍.

ബീജവാഹിനികുഴലില്‍ ഭാഗികമായി തടസ്സം സൃഷ്ടിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ രീതിയിലുള്ള ഗര്‍ഭനിരോധന സംവിധാനത്തിന്റെ പരീക്ഷണം ഇന്ത്യയില്‍നടന്നുവരികയാണ്.

പുതിയ മരുന്നിനെക്കുറിച്ച് കൂടുതലറിയാന്‍ ഒരു അമേരിക്കന്‍ കമ്പനി താല്‍പര്യം പ്രകടിപ്പിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഉപവിഭാഗമായ റിപ്രൊഡക്ടീവ് ഹെല്‍ത്തിലെ ഡോ. ആര്‍.എസ് ശര്‍മ പറഞ്ഞു. വിദേശ ആരോഗ്യ ഗവേഷണ ഏജന്‍സികള്‍ക്ക് പുതിയ മരുന്നിന്റെ സാങ്കേതികത കൈമാറാന്‍ സന്നദ്ധമാണെന്ന് ഗവേഷണ കേന്ദ്രം അറിയിക്കുകയുംചെയ്തിട്ടുണ്ട്. മരുന്ന് വ്യാപകമാകുന്നകാലം വിദൂരമല്ലെന്ന് ചുരുക്കം.

ഹെല്‍ത്ത് ഡെസ്‌ക്


Tags- Vasactomy
Loading