കഫത്തിന്റെ നിറം, അളവ് , ഗന്ധം എന്നിവയും രോഗനിര്‍ണയത്തിന് സഹായിക്കും. ആസ്തമയുള്ളവര്‍ ചിലപ്പോള്‍ കട്ടികൂടിയ മുത്തുപോലുള്ള കഫം തുപ്പാറുണ്ട്. മഞ്ഞനിറത്തിലോ പച്ചനിറത്തിലോ ഉള്ള കഫം ബാക്ടീരിയ മൂലമുള്ള അണുബാധകൊണ്ടുണ്ടാവുന്നു. ദുര്‍ഗന്ധമുള്ള കഫം വലിയ അളവില്‍ കാണപ്പെടുന്ന രോഗങ്ങളാണ് ലങ് ആബ്‌സസും ബ്രോങ്കിയക്ടാസിസും. ഹൃദ്രോഗം മൂലമുള്ള ശ്വാസം മുട്ടലില്‍ നേര്‍ത്ത പിങ്ക് നിറമുള്ള കഫമുണ്ടാവാം.
പുകവലിക്കാരുടെയും അന്തരീക്ഷമലിനീകരണമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും കഫം കറുത്തതായിരിക്കും. ശ്വാസകോശത്തില്‍ ഫംഗസ് മൂലമുള്ള അണുബാധയിലും ഇങ്ങനെ കാണപ്പെടാം. ശ്വാസകോശാര്‍ബുദമുള്ളവര്‍ അപൂര്‍വമായി കാന്‍സര്‍ ബാധിച്ച ഭാഗങ്ങള്‍ മാംസക്കഷ്ണമായി കഫത്തോടൊപ്പം ചുമച്ചുതുപ്പാറുണ്ട്. പ്രത്യേകതരം കഫം തുപ്പുന്ന രോഗികള്‍ ശേഖരിച്ച് ഡോക്ടറെ കാണിക്കുന്നത് ഉചിതമാണ്.
ചുമയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് കഫ്‌സിറപ്പുകളുടെ ദുരുപയോഗമാണ്. കാരണമറിയാതെ കഫ് സിറപ്പുകള്‍ വാങ്ങിക്കഴിക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഇത് പല തരത്തില്‍ അപകടകരമാണ്. രോഗകാരണം അറിയാന്‍ വൈകിപ്പോകുമെന്നതു തന്നെ പ്രധാനപ്പെട്ടത്. ക്ഷയരോഗം മൂലമുള്ള ചുമ കണ്ടുപിടിക്കാന്‍ വൈകിയാല്‍ രോഗിയുടെ കഫത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ചുറ്റുമുള്ളവരിലേക്ക് രോഗം പകരാനിടയാക്കും. കൂടാതെ ആവശ്യമില്ലാതെ കഴിച്ച മരുന്നുകള്‍ മൂലമുള്ള പാര്‍ശ്വഫലങ്ങളുമുണ്ടാവാം.