മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന കഫക്കെട്ടെങ്കില്‍ കാര്യം ഗൗരവമായി കരുതണം. കാരണം ഇത്തരം കഫക്കെട്ട് ഗുരുതരമായ പല ശ്വാസകോശ രോഗങ്ങളുടെയും ലക്ഷണമാണ്.
പുകവലിയാണ് ഏറ്റവും പ്രധാനകാരണം. പുകവലി കൊണ്ടുണ്ടാവുന്ന ക്രോണിക്‌ബ്രോങ്കൈറ്റിസിന്റെ ഏറ്റവും പ്രധാനലക്ഷണം രണ്ടുവര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കഫക്കെട്ടാണ്. 90 ശതമാനം ക്രോണിക് ബ്രോങ്കൈറ്റിസ് രോഗികളും പുകവലിക്കാരാണ്. ഉണങ്ങിയ പുകയില ഭാഗികമായി കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, ബെന്‍സീന്‍, മറ്റനേകം രാസവസ്തുക്കള്‍, അസംസ്‌കൃത പദാര്‍ഥങ്ങള്‍ എന്നിവയാണ് രോഗഹേതു. ശ്വാസകോശങ്ങളിലെത്തുന്ന ഈ പദാര്‍ഥങ്ങളും വാതകങ്ങളും ബ്രോങ്കൈകളുടെ പ്രതലത്തിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് ധാരാളം കഫം ഉത്പാദിപ്പിക്കുന്നു. എന്നാല്‍ പുകവലി മൂലം ഈ സിലിയകള്‍ക്ക് നാശമുണ്ടാകുകയും മലിനപദാര്‍ഥങ്ങള്‍ ഉള്ളില്‍ക്കടന്ന് ശ്വാസകോശത്തിനെ കൂടുതല്‍ കേടുവരുത്തുകയും ചെയ്യുന്നു.
പാസ്സീവ് സേ്മാക്കിങ് മൂലവും ക്രോണിക് ബ്രോങ്കൈറ്റിസ് ബാധിക്കാവുന്നതാണ്. പുകവലിക്കാരുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നവരും പുകവലിക്കാരുടെ കുടുംബാംഗങ്ങളുമാണ് ഇത്തരത്തില്‍ രോഗം ബാധിക്കുന്ന ഹതഭാഗ്യര്‍. പുകവലിക്കാരുടെ കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ ശ്വാസകോശരോഗങ്ങളും പിന്നീട് ക്രോണിക് ബ്രോങ്കൈറ്റിസും ഉണ്ടാവാനുള്ള സാധ്യത അധികമാണ്. പുകവലി കൂടാതെ അന്തരീക്ഷമലിനീകരണം, വിറകുപയോഗിച്ച് പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലെ ജോലി എന്നിവയും ക്രോണിക് ബ്രോങ്കൈറ്റിസിന് വഴിവെക്കുന്നു.
അലര്‍ജി മൂലമുള്ള രോഗമായ ആസ്ത്മയില്‍ കഫക്കെട്ടിനോടൊപ്പം ഇടവിട്ടുള്ള ശ്വാസ തടസ്സം, നെഞ്ചിനുള്ളില്‍ കുറുങ്ങല്‍, ചുമ, തുടര്‍ച്ചയായ ജലദോഷം, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. കുട്ടികളില്‍ പ്രത്യേകിച്ചും ഇടവിട്ടുള്ള കഫക്കെട്ട് മാത്രമായിരിക്കും ആസ്ത്മയുടെ ആദ്യലക്ഷണം.
ശരിയായ അര്‍ഥത്തില്‍ കഫക്കെട്ട് കാണപ്പെടുന്ന രോഗമാണ് ബ്രോങ്കിയാക്ടാസിസ്. അണുബാധമൂലം (ന്യൂമോണിയയെ തുടര്‍ന്നും മറ്റും) ചെറിയ ശ്വാസനാളങ്ങള്‍ സ്ഥായിയായി കേടുവന്ന് വികസിച്ച് അവയില്‍ കഫം കെട്ടിനില്‍ക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ കഫത്തോടൊപ്പം രക്തവും കാണപ്പെടാറുണ്ട്.
ശ്വാസകോശത്തിന്റെ ഉള്‍വശത്ത് ഒരുതരം നേരിയ നാരുകള്‍ പോലെയുള്ള 'സിലിയ'കള്‍ ഉണ്ട്. ഇവ തുടര്‍ച്ചയായി ഒരു ചൂല്‌പോലെ പ്രവര്‍ത്തിച്ച് ശ്വാസനാളത്തിലുണ്ടാവുന്ന ശ്ലേഷണത്തെ പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുന്നു. ഈ ശ്ലേഷ്മത്തില്‍ ഒട്ടിപ്പിടിച്ച് അന്യവസ്തുക്കളും പൊടിയും മറ്റും പുറം തള്ളപ്പെടുന്നു. ഈ സിലിയകളുടെ പ്രവര്‍ത്തനം ചുമയുടെ അവശ്യഘടകമാണ്. സിലിയകളുടെ ചലനശേഷി നഷ്ടപ്പെടുന്ന ചില രോഗാവസ്ഥകള്‍ ശ്വാസകോശത്തില്‍ കഫം അടിഞ്ഞു കൂടി ബ്രോങ്കൈറ്റിസിന് കാരണമാകാറുണ്ട് .കൂടാതെ കഫത്തിന്റെ രാസഘടനയില്‍ മാറ്റമുണ്ടാകുന്ന രോഗമായ സിസ്റ്റിക് ഫൈബ്രോസിസ്(*ള്‍ീറഹര ശഹയി്ീഹീ)മൂലവും ഇത് സംഭവിക്കാം.
അതീവ ദുര്‍ഗന്ധമുള്ള കഫം വലിയ അളവില്‍ കാണപ്പെടുന്ന രോഗമാണ് ലങ് ആബ്‌സസ്. ശ്വാസകോശത്തിന്റെ ചിലഭാഗങ്ങള്‍ പൂര്‍ണമായും നശിച്ച് (അണുബാധമൂലം) അവിടെ നിറയെ കഫം നിറയുന്ന അവസ്ഥയാണിത്. ഇത്തരം രോഗികള്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ചും രോഗമില്ലാത്ത ശ്വാസകോശം താഴെയായി കിടക്കുമ്പോള്‍ ശക്തമായ ചുമയോടൊപ്പം കഫം പുറത്തുവരുന്നു.