Home>Diseases>Alzheimers Disease
FONT SIZE:AA

ഓര്‍മ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ആശ്രയ ഭവനം

സപ്തംബര്‍ 21 ലോക അല്‍ഷൈമേഴ്‌സ് ദിനം

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവരുടെ സുരക്ഷാഉദ്യോഗസ്ഥരുടെ സംഘത്തിലുണ്ടായിരുന്ന ഐ.പി.എസ്സുകാരനായിരുന്നു ഖാസിയാബാദ് സ്വദേശി ബാലി. ചുറുചുറുക്കും കുശാഗ്രബുദ്ധിയും പ്രകടിപ്പിച്ച് സഹജീവനക്കാരുടെ പ്രശംസപിടിച്ചുപറ്റിയ ബാലിയുടെ അന്ത്യം കോഴിക്കോട്ടെ ഒരു കാരുണ്യകേന്ദ്രത്തിലായിരുന്നു. മറവിരോഗം ബാധിച്ച് തന്നെത്തന്നെ തിരിച്ചറിയാനാവാതെ കഴിഞ്ഞ അദ്ദേഹത്തിന്റെ അവസാന നാളുകള്‍ക്ക് ആ കാരുണ്യകേന്ദ്രം കാവല്‍നിന്നു.

അതിരൂക്ഷമായ സ്മൃതിനാശം സംഭവിച്ച് അല്‍ഷൈമേഴ്‌സ് രോഗത്തിന് അടിമപ്പെട്ടവരെ താമസിപ്പിച്ച് മരണം വരെ ശുശ്രൂഷിക്കുന്ന രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നായ മലബാര്‍ ഹാര്‍മണി ഹോമായിരുന്നു അത്. തൊട്ടുമുമ്പ് കഴിച്ച ഭക്ഷണം ഉള്‍പ്പെടെ സ്വന്തം പേരും വിലാസവും ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാതെവരുന്ന ഒട്ടേറെ പേരുടെ ആശ്രയകേന്ദ്രമായി മാറുകയാണ് ഈ ഹാര്‍മണി ഹോം.

കോഴിക്കോട് ചെറൂട്ടി റോഡിന് സമീപം കുരിയാല്‍ ലെയ്‌നില്‍ നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹാര്‍മണി ഹോമില്‍ ഇതിനകം ഒട്ടേറെ പേര്‍ സ്വാന്തനംതേടി എത്തിക്കഴിഞ്ഞു. ഓണ്‍ ലൈന്‍ ക്യാമറയില്‍ രോഗബാധിതരുടെ അവസ്ഥ വിദൂരങ്ങളിലുള്ള ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന ഈ കാരുണ്യകേന്ദ്രം ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഷൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ (എ.ഡി.ഐ.) എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ചണ്ഡീഗഢ് സ്വദേശിയും അവിടത്തെ വനം വകുപ്പ് ഡി.എഫ്.ഒ.യുമായ എഴുപത്തിമൂന്നുകാരന്‍, കണ്ണൂര്‍ സ്വദേശിനി റിട്ട. അധ്യാപിക തുടങ്ങി അഞ്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ ഈ ഭവനത്തിലുള്ളത്. ഇവര്‍ക്ക് സമയാസമയങ്ങളില്‍ ചികിത്സയും മറ്റും നല്‍കുന്നതിന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഒരാള്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായും മറ്റൊരാള്‍ കെയര്‍ മാനേജറായും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം, ഏതാനും കെയര്‍ ടേക്കര്‍മാരും. ഇതിന് പുറമെ, സൈക്യാട്രിസ്റ്റായ ഡോ. മീനു പോത്തന്‍, ഡോക്ടര്‍മാരായ ആദര്‍ശ്കുമാര്‍, കുമിതാബായി, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കറായ ഡോ. സിനി മാത്യു എന്നിവരുടെ സേവനവും ലഭ്യമാകുന്നുണ്ട്.

കോഴിക്കോട് ചെറൂട്ടി റോഡ് കൂരിയാല്‍ ലെയ്‌നിലെ മലബാര്‍ ഹാര്‍മണി ഹോം


മുഴുവന്‍ സമയ പരിചരണ സംവിധാനത്തോടൊപ്പം അല്‍ഷൈമേഴ്‌സുകാര്‍ക്കുള്ള പകല്‍വീട് പദ്ധതിയും ഇവിടെ ഒരുങ്ങുന്നുണ്ട്. നേരത്തേ അത്തരമൊരു പദ്ധതി ആരംഭിച്ചിരുന്നെങ്കിലും അസുഖബാധിതരെ വീടുകളില്‍ പോയി കൂട്ടിക്കൊണ്ടുവന്ന് വൈകിട്ട് വീടുകളില്‍ തിരികെ എത്തിക്കുന്നതിനായി വാഹനം ഇല്ലാത്തത് മൂലം അത് മുടങ്ങി. ഡോ. സിനി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഓര്‍മ ക്ലിനിക്കും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ഫോണ്‍: 0495-4022978, 8893270500.

ആഷിക് കൃഷ്ണന്‍
Loading