മനുഷ്യരില്‍ സ്മൃതിഭ്രംശമുണ്ടാക്കുന്ന അള്‍ഷിമേഴ്‌സ് രോഗത്തിലേക്ക് നയിക്കുന്ന ജീനുകളെ കണ്ടെത്തുന്നതില്‍ ഇംഗ്‌ളണ്ടിലെ ഒരുസംഘം ഗവേഷകര്‍ വിജയിച്ചു. പതിനാറുവര്‍ഷമായി തുടര്‍ന്നുവരുന്ന അള്‍ഷിമേഴ്‌സ് രോഗപ്രതിരോധ ഗവേഷണങ്ങളില്‍ വഴിത്തിരിവാകുകയാണ് പുതിയ കണ്ടെത്തല്‍. പതിനാറായിരം ഡി.എന്‍.എ. സാമ്പിളുകളില്‍ നടത്തിയ സൂക്ഷ്മപരിശോധനകള്‍ക്കൊടുവിലാണ് അള്‍ഷിമേഴ്‌സ് ബന്ധമുള്ള രണ്ടു ജീനുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. തലച്ചോറിനെ സംരക്ഷിക്കലാണ് ഈ ജീനുകളുടെ ധര്‍മം. ഇവയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് അള്‍ഷിമേഴ്‌സ് രോഗമുണ്ടാകുന്നത്.
ശരീരത്തില്‍ നീര്‍ക്കെട്ടും കൊള്‌സ്‌ട്രോളും വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ജീനുകള്‍ക്കാണ് അള്‍ഷിമേഴ്‌സുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്. ഇവ രണ്ടും നിയന്ത്രിച്ചാല്‍ മനുഷ്യരെ അള്‍ഷിമേഴ്‌സ് പിടിപെടാതെ രക്ഷപ്പെടുത്താനാവുമോ എന്ന വഴിക്കാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് ഗവേഷണസംഘാംഗമായ നോട്ടിങ്ഹാം സര്‍വകലാശാല പ്രൊഫസര്‍ കെവിന്‍ മോര്‍ഗന്‍ പറഞ്ഞു.
മധ്യവയസ്സ് കഴിയുന്നതോടെ സ്മൃതിനാശം വരുത്തുന്ന അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ഓരോവര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ മാത്രം ഏഴു ലക്ഷം അള്‍ഷിമേഴ്‌സ് രോഗികളുണ്ടെന്നാണ് കണക്കുകള്‍. 2050 ആകുമ്പോഴേക്ക് രോഗികളുടെ എണ്ണം 17 ലക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നു.
പുതിയ കണ്ടുപിടിത്തം അള്‍ഷിമേഴ്‌സ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത അള്‍ഷിമേഴ്‌സ് റിസേര്‍ച്ച് സെന്റര്‍ അധ്യക്ഷ ജൂലി വില്യംസ് പറഞ്ഞു. 'അള്‍ഷിമേഴ്‌സ് വരാനുള്ള കാരണമെന്താണെന്ന് ഇപ്പോഴും നമുക്കറിയില്ല. അതു കണ്ടെത്തുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ഘടകമാകും ഈ ജീനുകള്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രോഗത്തെക്കുറിച്ചുള്ള സമ്പൂര്‍ണചിത്രം നമുക്ക് ലഭിക്കുമെന്നുറപ്പ്'- ജൂലി വില്യംസ് വ്യക്തമാക്കി.
പി.എസ്