Home>Diseases>Diabetes
FONT SIZE:AA

പാദസംരക്ഷണം പ്രമേഹ രോഗികളില്‍

ശുചിത്വമുള്ള പാദങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കേണ്ടത് തന്നെയാണ്. പ്രമേഹ ചികിസ്തയില്‍ മസ്തിഷ്‌കം, കണ്ണ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് നല്കുന്ന അതേ പ്രാധാന്യം പാദങ്ങള്‍ക്കും നല്കണം.

രോഗത്തിന്റെ ആരംഭദശയില്‍ അത്ര അധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും, പിന്നീട് കാല്‍ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ (ഗില്ലറ്റിന് ആംപ്യുട്ടേഷനന്‍) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നതാണ് പാദങ്ങളുടെ പ്രശ്‌നങ്ങള്‍.


പ്രമേഹവും പാദരോഗങ്ങളും

പ്രമേഹത്തെ തുടര്‍ന്ന് നാഡികള്‍ നശിക്കുന്നതിനാല്‍ കാലുകളില്‍ സ്പര്ശനശേഷി കുറയുന്നു. ഇത് കാരണം, പാദങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടായാല്‍ പോലും അവ രോഗിയുടെ ശ്രദ്ധയില്‍ പെടാതെ പോകും. കാലുകളിലേയ്ക്കും പാദങ്ങളിലേക്കുമുള്ള രക്തചംക്രമണം താരതമ്യേന കുറവായതിനാല്‍ ശ്വേതാണുക്കളുടെ കുറവുമൂലം മുറിവുകള്‍ സുഖപ്പെടുവാന്‍ കാലതാമസമെടുക്കും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാകയാല്‍ മുറിവുകളില്‍ അണുബാധയുണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. ക്രമേണ ഇത് ഡയബെറ്റിക് ഗാന്ഗ്രീന്‍ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ലോകത്താകെയുള്ള കണക്കെടുത്താല്‍ ഓരോ മുപ്പതു സെക്കന്ഡിലും പാദരോഗങ്ങളുടെ ഗുരുതരാവസ്ഥ കാരണം ഒരു പ്രമേഹരോഗിയുടെ കാല്‍ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഇത് ഈ രോഗത്തിന്റെ ഭീകരത എത്രയെന്നു വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പാദശുശ്രൂഷ അഥവാ ഡയബെറ്റിക് പോഡിയാട്രി എന്ന ഒരു പ്രത്യേകവിഭാഗം തന്നെ പ്രമേഹരോഗചികിത്സയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹരോഗികളില്‍ പാദസംരക്ഷണവും പ്രതിരോധപാദശുശ്രൂഷയും ഒരുപോലെ പ്രധാനമാണ്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങള്‍ കഴുകി ഉണക്കണം.ഓരോ പാദത്തിന്റെയും അടിവശം തനിച്ചോ അല്ലെങ്കില്‍ മറ്റൊരാളിന്റെ സഹായത്തോടു കൂടിയോ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം. മുറിവുകളോ,ചതവുകളോ ഉണ്ടെങ്കില്‍ അവ നേരത്തെ തന്നെ കണ്ടെത്തുവാനും ചികിത്സ തേടുവാനും ഇത് സഹായിക്കും.

വീടിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും എല്ലായ്‌പ്പോഴും പാദരക്ഷകള്‍ ധരിക്കുക. കൃത്യമായ അളവിലുള്ള പാദരക്ഷകള്‍ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാല്‍ നഖങ്ങള്‍ മുറിക്കുമ്പോള്‍ നേരെ തന്നെ വെട്ടുന്നതാണ് ഉത്തമം. ഇല്ലെങ്കില്‍ നഖങ്ങളുടെ അറ്റം വിരലിന്റെ ഇരു വശങ്ങളിലേക്കും ആഴ്ന്നിറങ്ങി മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നത് ചൊറിച്ചില്‍ മൂലം തൊലി പൊട്ടുന്നത് തടയാന്‍ സഹായിക്കും.

മഴക്കാലത്ത് പാദങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ നല്കണം. നനഞ്ഞ പാദങ്ങള്‍ എത്രയും പെട്ടന്ന് തന്നെ തുടച്ചു ഉണക്കേണ്ടാതാണ്. ഇല്ലെങ്കില്‍ അവ പൂപ്പല്‍ ബാധയ്ക്കു ഇടയാക്കും. നനഞ്ഞതോ ഈര്‍പ്പമുള്ളതോ ആയ സോക്‌സുകള്‍ യാതൊരു കാരണവശാലും ധരിക്കരുത്.

ദിവസേന ഒരു നിശ്ചിത സമയം പാദസംരക്ഷണത്തിനായി നീക്കി വെയ്ക്കുവാന്‍ കഴിഞ്ഞാല്‍ പ്രമേഹവുമായി ബന്ധപ്പെട്ട പാദങ്ങളുടെ പല പ്രശ്‌നങ്ങളും ഒഴിവാക്കുവാന്‍ സാധിക്കും.

ആശ ദാസ്‌
Loading