പ്രമേഹ രോഗികള്‍ക്കുണ്ടാവുന്ന അനേകം വിഷമതകളില്‍ ഒന്നാണ് ബോധക്കേട് അഥവാ ഷോക്ക്. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇത് സംഭവിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയരുന്ന രോഗികളില്‍ പഞ്ചസാരയ്ക്ക് പുറമെ കീറ്റോണ്‍ ബോഡികളും മൂത്രത്തിലൂടെ പുറത്തുപോകുന്നു. ഇത്തരം രോഗികള്‍ ബോധംകെട്ട് വീഴുന്നു. ഈ അവസ്ഥയെ ഡയബറ്റിക് കോമ എന്ന് പറയുന്നു.
വളരെ കാലമായി ചികിത്സ നിരസിക്കുകയും ഡോക്ടറുടെ സേവനം ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നവരിലാണ് ഇപ്രകാരം സംഭവിക്കുന്നത്. പ്രഥമശുശ്രൂഷ: ഈ രോഗിയെ എവിടെയെങ്കിലും സ്വസ്ഥമായി കിടത്തുക. നാഡി മിടിപ്പും ശ്വാസോച്ഛ്വാസവും പരിശോധിക്കുക. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക. ഈ രോഗിക്ക് വായിലൂടെ യാതൊന്നും നല്‍കാതിരിക്കുക. എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക.
പ്രമേഹ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന രോഗികളുടെ രക്തത്തിലെ പഞ്ചസാര ചില സന്ദര്‍ഭങ്ങളില്‍ വളരെയധികം താഴ്ന്നുപോകാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ രോഗി ബോധംകെട്ടുവീഴുന്നു. ഇത്തരം ബോധക്കേടിനെ ഇന്‍സുലിന്‍ ഷോക്ക് അഥവാ ഹൈപ്പോ ഗ്ലൈസീമിക് ഷോക്ക് എന്ന് പറയുന്നു.
കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെയോ, എടുത്തുകൊണ്ടിരിക്കുന്ന ഇന്‍സുലിന്റെയോ ഡോസ് കൂടിപ്പോകുന്ന രോഗികളിലോ മരുന്ന് സ്വീകരിച്ചശേഷം കൃത്യമായി ഭക്ഷണംകഴിക്കാത്ത രോഗികളിലോ ഇപ്രകാരം സംഭവിക്കാം.
പ്രഥമശുശ്രൂഷ: ഇയാളെ എവിടെയെങ്കിലും സ്വസ്ഥമായി കിടത്തുക. രോഗിയുടെ നാക്കില്‍ അല്പം ഗ്ലൂക്കോസോ പഞ്ചസാരയോ വെച്ചുകൊടുക്കുക. അധികം വൈകാതെ രോഗി സാധാരണസ്ഥിതിയിലേക്ക് തിരിച്ചുവരുന്നു. പ്രമേഹരോഗിക്കുണ്ടാകാന്‍ സാധ്യതയുള്ള രണ്ടുതരം ഷോക്കുകളെയും വേര്‍തിരിച്ചു മനസ്സിലാക്കുന്നതിനുള്ള ചില പ്രത്യേകതകള്‍ ചുവടെ ചേര്‍ക്കുന്നു.
ഡയബറ്റിക് കോമ ഉണ്ടാകുന്ന രോഗിയുടെ ത്വക്ക്, നാക്ക് എന്നിവ വരണ്ടിരിക്കും. ഇയാളുടെ ത്വക്കിനും വിയര്‍പ്പിനും പഴവര്‍ഗങ്ങളുടെ ഗന്ധമായിരിക്കും. ഇത്തരം ബോധക്കേട് സാവധാനം ഉണ്ടാകുന്നു.
ഹൈപ്പോഗ്ലൈസീമിക് ഷോക്കുണ്ടാകുന്ന രോഗിയുടെ ത്വക്ക്, നാക്ക് എന്നിവ ഈര്‍പ്പമുള്ളതായിരിക്കും. ത്വക്കിനു ഗന്ധം ഉണ്ടാകാറില്ല. ഇത്തരം ബോധക്കേട് പെട്ടെന്ന് വരുന്നു. ഈ രോഗി പ്രമേഹത്തിനുള്ള ചികിത്സ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ആളായിരിക്കും. അന്വേഷണത്തില്‍ ഈ രോഗി ഭക്ഷണം കൃത്യമായി കഴിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും.