മദ്യാസക്തി 
ഒരു തമാശയ്ക്കാണ് പലരും അത് തുടങ്ങുന്നത്. ആദ്യം ഒരു രസത്തിനൊന്ന് രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്ച്ച്, ചവര്‍പ്പ് നിറച്ച് എരിഞ്ഞ് കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത് കൈ കൊണ്ട് തൊടില്ലെന്ന് അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്. എപ്പോള്‍ ഉറങ്ങിയെന്ന് പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്ഓവര്‍. വേണ്ടായിരുന്നെന്ന് തോന്നും. പിന്നെ എേപ്പാഴെങ്കിലും ആരെങ്കിലും വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ ആ പഴയ അപ്പൂപ്പന്‍ താടി ഓര്‍മ്മ വരും. പിന്നെപ്പിന്നെക്കരുതും കുടിച്ചാലെന്താ തനിക്കിതെപ്പോഴും നിറുത്താനാവുമല്ലോ എന്ന്. നിറുത്താനാവില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും, എന്നും അപ്പൂപ്പന്‍ താടിയാകാന്‍. പക്ഷേ പാമ്പായിത്തുടങ്ങിയാലും ആത്മവിശ്വാസത്തിന് തൊണ്ണൂറ് കാരറ്റ് മാറ്റായിരിക്കും. പക്ഷേ അപ്പോഴേക്കും രസം രോഗമായി മാറിയിരിക്കും.
മദ്യാസക്തി വെറും ദുശ്ശീലമല്ല. രോഗമാണ്. ചികില്‍സിച്ചു മാറ്റേണ്ട രോഗം. വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും കുടുംബ, സാമുഹിക ബന്ധങ്ങളെയും ജോലിയുടെ ഉത്തരവാദിത്തങ്ങളെയും ബാധിച്ചു തുടങ്ങുമ്പേഴാണ് കുടി വെറും കുടിയല്ലാതായി മാറുന്നത്. അത് മദ്യാസക്തിയെന്ന രോഗമാണ്.
Tags- Alcoholism, Alcohol Abuse