നിവര്‍ന്നു നില്‍ക്കാനുള്ള ദൈവിക വരദാനത്തിന് മനുഷ്യന്‍ നല്‍കേണ്ടിവന്ന വിലയാണത്രെ വെരിക്കോസ് വെയിന്‍. ഈ അവസ്ഥ നൂറ്റാണ്ടുകളായി മനുഷ്യരാശിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 40 ശതമാനത്തോളം സ്ത്രീകളിലും 25 ശതമാനം പുരുഷന്മാരിലും ആണ് ഇത് കണ്ടു വരുന്നത്.
പൊതുവേ കാലിലെ മസ്സിലുകളെയാണ് സാധാരണയായി ഇത് ബാധിക്കുന്നത്. ആരോഗ്യവാനായ വ്യക്തിയില്‍ ഹൃദയത്തില്‍ നിന്ന് രക്തക്കുഴലുകളിലേക്ക് രക്തം പ്രവഹിക്കുകയും തിരിച്ച് ഈ രക്തം ഹൃദയത്തിലേക്ക് പോവുകയും ചെയ്യും. പക്ഷേ, വെരിക്കോസ് ബാധിച്ച വ്യക്തിയുടെ രക്തക്കുഴലിന് തിരിച്ചു രക്തം പ്രവഹിപ്പിക്കാനുള്ളശേഷി ഉണ്ടാവില്ല. രക്തക്കുഴലുകളിലെ വാല്‍വുകള്‍ പലകാരണങ്ങളാല്‍ ദുര്‍ബലമാകുകയും രക്തം കെട്ടി നില്‍ക്കാന്‍ കാരണമാവുകയും ചെയ്യും. തുടര്‍ന്ന് ഞരമ്പുകള്‍ വികസിക്കുകയും കെട്ടു പിണഞ്ഞതുപോലെ കാണപ്പെടുകയും ചെയ്യും.
ചരിത്രാതീതകാലം മുതല്‍ നാം ഈ രോഗാവസ്ഥയ്ക്ക് പ്രതിവിധി കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1500-ല്‍ പരം വര്‍ഷം പഴക്കമുള്ള പൗരാണിക സംസ്‌കാരങ്ങളിലെ തനതായ വൈദ്യ ഗ്രന്ഥങ്ങളില്‍ പോലും ഈ അസുഖത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്.
ശസ്ത്രക്രിയയാണ് വെരിക്കോസ് വെയിനിനുള്ള സാധാരണ ചികിത്സ. ഇപ്പോള്‍ ശസ്ത്രക്രിയ കൂടാതെയുള്ള അതിനൂതനമായ ലേസര്‍ ചികിത്സയും സാധ്യമാണ്. എന്‍ഡ്രാവെനസ് ലേസര്‍തെറാപ്പി ('ഢഘഠ) എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതി വളരെ ഫലവത്തും വേദന കുറഞ്ഞതുമാണ്.
ശരീരത്തിലുണ്ടാക്കുന്ന ഒരു ചെറിയ സുഷിരത്തിലൂടെ അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെ രോഗഗ്രസ്തമായ വെരിക്കോസ് വെയിനിലേക്ക് ഒരു ഫൈബര്‍ ട്യൂബ് മുഖേന ലേസര്‍ കടത്തിവിടുന്നു. ലേസര്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷം പതുക്കെ പിന്‍വലിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി രക്തക്കുഴല്‍ ചുരുങ്ങുന്നു. ഈ പ്രക്രീയ ചെയ്യപ്പെടുന്നത് രോഗിക്ക് ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയതിനു ശേഷമാണ്. ഇതു ചെയ്യുന്നതാകട്ടെ അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയും. അനസ്‌തേഷ്യ നല്‍കുന്നതുമൂലം രോഗിക്ക് ചികിത്സാ സമയത്ത് കാര്യമായ ബുദ്ധിമുട്ടുണ്ടാകുന്നില്ല. ഈ ലേസര്‍ തെറാപ്പിക്ക് ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ സമയം വരെ എടുത്തേക്കാം.
ചികിത്സയ്ക്കു ശേഷം ശരിയായ മര്‍ദം പ്രസ്തുത ശരീരഭാഗത്ത് ലഭിക്കാനായി ഇറുക്കമുള്ള സ്റ്റോക്കിങ്ങ്‌സ് ധരിക്കേണ്ടതുണ്ട്. ഇത്തരം ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത രോഗിക്ക് ചികിത്സയ്ക്കു ശേഷം നടന്നുപോകാമെന്നതാണ്. സാധാരണ പ്രവൃത്തികള്‍ തൊട്ടടുത്ത ദിവസം മുതല്‍ ചെയ്തു തുടങ്ങാമെങ്കിലും അത്യാധ്വാനമുള്ള പ്രവൃത്തികള്‍ ഒരാഴ്ചക്കുശേഷം ചെയ്യുന്നതാകും നല്ലത്.
വളരെ കുറഞ്ഞ ശതമാനം ആളുകളില്‍ വര്‍ഷങ്ങള്‍ക്കുശേഷം രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യതയും കാണാറുണ്ട്. സുരക്ഷിതവും അത്യധികം ഫലവത്തുമായ ഈ ലേസര്‍ തെറാപ്പി വെരിക്കോസ് ചികിത്സയിലെ ഒരു സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാം.
(ഡോ. ശക്തി പാര്‍വതി ഗോപാലകൃഷ്ണന്‍,
കണ്‍സള്‍ട്ടന്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി, കൊച്ചി)