Home>Diseases>Diabetes
FONT SIZE:AA

പ്രമേഹമുണ്ടോ ? പല്ല് സൂക്ഷിക്കണേ!

പാര്‍വതി കൃഷ്ണ

പ്രമേഹം ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ്. ഹൃദ്രോഗം, ഞരമ്പു രോഗങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍, കാലിലെ ഉണങ്ങാത്ത വ്രണങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെല്ലാം പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങളാണ്.

അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് പ്രമേഹരോഗികളിലെ ദന്ത രോഗങ്ങള്‍. ദന്താരോഗ്യം മികച്ചതല്ലെങ്കില്‍ പ്രമേഹരോഗികള്‍ക്ക് മറ്റു പല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്.
മോണരോഗം, പൂപ്പല്‍, വായ്പുണ്ണ്, ഭക്ഷണത്തിന് രുചിയില്ലായ്മ, പെരിയോ ഡോണ്‍ന്റെറ്റിസ്, നാവിലുണ്ടാകുന്ന തരിപ്പ്, വേദന എന്നിവ പ്രമേഹരോഗികളില്‍ ഏറിവരാന്‍ കാരണം ദന്തസംരക്ഷണത്തില്‍ സംഭവിക്കുന്ന അശ്രദ്ധ കൂടിയാണ്.

ഈ രോഗങ്ങള്‍, പ്രത്യേകിച്ച് മോണരോഗം യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ പല്ലുകള്‍ ഇളകിപ്പോകാന്‍ വരെ കാരണമാകും. ദന്തരോഗങ്ങള്‍ ഉള്ളിടത്തോളം കാലം പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താനും ബുദ്ധിമുട്ടാണ്. പ്രമേഹ രോഗമുള്ളവരുടെ ഉമിനീരിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ത്തന്നെ അണുക്കള്‍ വളരെ വേഗം വ്യാപിക്കാനും ദന്തരോഗങ്ങള്‍ വളരെപ്പെട്ടെന്ന് മൂര്‍ച്ഛിക്കാനും കാരണമാകും. ചില പ്രമേഹരോഗികളില്‍ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞു പോകാം. അത്തരം സാഹചര്യത്തില്‍ വായിലും നാക്കിലും പുണ്ണുകളും വ്രണങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉമിനീരിന്റെ അളവു കുറയുന്നതിനാല്‍ വേദനയും കൂടും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


* ദിവസം രണ്ടു നേരം ബ്രഷ് ചെയ്യുക. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
* മൃദുവായ നൈലോണ്‍ ബ്രിസില്‍സോടു കൂടിയ, ഉരുണ്ട അഗ്രമുള്ള ബ്രഷുകളാണ് ഉത്തമം. ഓരോ വ്യക്തിക്കും ഉപയോഗിക്കാന്‍ കഴിയുന്ന ബ്രഷും പേസ്റ്റും ദന്തിസ്റ്റിനോട് തന്നെ ചോദിക്കുന്നതാണ് നല്ലത്.
* ബ്രഷ് ചെയ്യുമ്പോള്‍ വേദനയോ മോണയില്‍ നിന്നോ പല്ലില്‍ നിന്നോ ചോരയോ വരുന്നുവെങ്കില്‍ ഉടന്‍ ദന്തിസ്റ്റിനെ കാണുക.
* പല്ലിനും നാവിലുമുണ്ടാകുന്ന രോഗങ്ങള്‍ പ്രമേഹവുമായി ബന്ധപ്പെട്ടതാവാം എന്നോര്‍ക്കുക. ചെറിയ ദന്തരോഗങ്ങള്‍ പോലും ഗൗരവ പൂര്‍വ്വം ശ്രദ്ധിക്കുക

* ദന്തിസ്റ്റിനോട് പ്രമേഹത്തിന്റെ കാര്യവും കഴിക്കുന്ന മരുന്നുകളും പറയുക.
* ദന്തിസ്റ്റിനെ കാണുമ്പോള്‍ കഴിയുന്നതും രാവിലെ തന്നെ കാണാന്‍ ശ്രമിക്കുക. രാവിലത്തെ ഭക്ഷണത്തിന് ശേഷം കാണുന്നതാവും ഉത്തമം.
* ഏതെങ്കിലും വിധത്തിലുള്ള ശസ്ത്രക്രിയ പല്ലിലോ വായിലോ നടത്തുന്നുവെങ്കില്‍ അതിനു തൊട്ടു മുന്‍പായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. അളവു കൂടുതലാണെങ്കില്‍ അത് നിയന്ത്രണ വിധേയമാകുന്നതു വരെ പല്ലെടുക്കുന്നതും വായിലെ ശസ്ത്രക്രിയയുമെല്ലാം ഒഴിവാക്കുക.
* ദന്തിസ്റ്റ് നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പു തന്നെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക. അത് രോഗാണുബാധ തടയാന്‍ സഹായിക്കും.
* പ്രമേഹരോഗികള്‍ എല്ലാ ആറുമാസം കൂടുമ്പോഴും ദന്തിസ്റ്റിനെ കണ്ട് പരിശാധന നടത്തണം.
* കൃത്രിമപ്പല്ല് ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ അവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
* പുകവലി ഉപേക്ഷിക്കുക. പുകയിലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പല്ലിനും വായിലെ മൃദു ചര്‍മ്മത്തിനും വളരെ ദോഷകരമാണ്.


Loading