സ്തനാര്‍ബുദ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ടവശം, സ്ത നാര്‍ബുദത്തെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാര്‍ബുദമാണെന്ന് കരുതി ചികിത്സയ്‌ക്കൊരുങ്ങുക; സ്തനമുഴ അര്‍ബുദജന്യമല്ലെന്ന് തീര്‍പ്പാകുന്നതുവരെ - ഇതാണ് ചികിത്സയെ നയിക്കുന്ന മുദ്രാവാക്യം.
രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവന്‍ തന്നെയോ മുറിച്ചുമാറ്റുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാതത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ട കക്ഷത്തിലെ ഗ്രന്ഥികള്‍ കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ കാതല്‍. എന്നാല്‍, ഈ രണ്ടാംപാദമില്ലാതെയും സ്തനങ്ങള്‍ നീക്കംചെയ്യാറുണ്ട്.
സ്തനം നീക്കംചെയ്യാതെ, അര്‍ബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.
ഗര്‍ഭിണികളിലെ സ്തനാര്‍ബുദം
ഗര്‍ഭിണികളെ ബാധിക്കുന്ന, ഏറ്റവും സാധാരണമായ അര്‍ബുദമാണ് സ്തനാര്‍ബുദം. ശരാശരി പ്രായം 32-38 വയസ്സിനിടെയാണ്. ഗര്‍ഭിണികളിലും മുലയൂട്ടുന്നവരിലും സ്തനാര്‍ബുദം കണ്ടെത്തുക ഏറെദുഷ്‌കരമാണ്. ഗര്‍ഭിണികളിലും സ്തനാര്‍ബുദം വരുത്തുന്ന പ്രയാസങ്ങള്‍ ഏറെവ്യത്യസ്തമല്ല. അതുപോലെത്തന്നെയാണ് ചികിത്സാമുറകളും. ഗര്‍ഭം അലസിപ്പിക്കല്‍, പ്രസവം നേരത്തെയാക്കല്‍ ഇവയൊന്നും ചികിത്സാഫലങ്ങളെ ഗുണപരമായി ബാധിക്കുന്നതേയില്ല. റേഡിയേഷന്‍ ചികിത്സ കഴിവതും പ്രസവശേഷമേ അനുവര്‍ത്തിക്കാവൂ. അര്‍ബുദത്തിനെതിരെയുള്ള കഠിന ഔഷധങ്ങളും ഗര്‍ഭിണികളില്‍ പ്രയോഗിക്കാറില്ല.