
'മാനസിക പിരിമുറുക്കം' അലര്‍ജി സാധ്യതയും അതിന്റെ കാഠിന്യവും വര്‍ധിപ്പിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒഹിയോ സര്‍വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം പ്രൊഫസറും മാനസിക പിരിമുറുക്കത്തെക്കുറിച്ചുള്ള ഗവേഷകയുമായ ജാന്‍ കീ കോള്‍ട്ട് ഗ്ലേസര്‍ ആണ് അലര്‍ജിയും മാനസിക പിരിമുറുക്കവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയത്.
മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജി ഏറെനേരം നീണ്ടു നില്ക്കുന്നതും കൂടുതല്‍ ശക്തവും ആണെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ അതേ അളവില്‍ നിലനിന്നാലും മാനസിക പിരിമുറുക്കം ഇല്ലാത്ത അവസരത്തില്‍ അവ അത്രകണ്ട് ബാധിക്കുന്നില്ലെന്നും സംഘം നിരീക്ഷിച്ചു.
അലര്‍ജിയുടെ പശ്ചാത്തലമുള്ള 28 പേരെ രണ്ടര ദിവസം വ്യത്യസ്തമായ മാനസിക സാഹചര്യങ്ങളില്‍ നിരീക്ഷിച്ച ശേഷമാണ് ഗവേഷകസംഘം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ച ഒരാള്‍ക്ക് അടുത്ത ദിവസം അലര്‍ജി വര്‍ധിക്കുന്നതായും ഡോ. ഗ്ലേസര്‍ പറയുന്നു. ഈ കണ്ടെത്തല്‍ അലര്‍ജി ചികിത്സയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അവര്‍ പറയുന്നു. കാരണം അലര്‍ജിക്ക് പ്രതിവിധിയായി സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിഹിസ്റ്റാമിന്‍സ് (Antihistamines) പിറ്റേ ദിവസം ഉണ്ടാവുന്ന അലര്‍ജിയെ നിയന്ത്രിക്കാന്‍ മതിയാവില്ല. 'ആസ്ത്മ' ഉള്ള അലര്‍ജിക്കാരില്‍ മാനസിക പിരിമുറുക്കം കൂടിയുണ്ടായാല്‍ അതു മാരകമായിരിക്കും എന്നും ഡോ. ഗ്ലേസര്‍ അഭിപ്രായപ്പെടുന്നു.
ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് വാര്‍ഷിക സമ്മേളനത്തിലാണ് ഡോ. ജാന്‍കി കോള്‍ട്ട് ഗ്ലേസര്‍ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
ജി.കെ.