2. മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ(pharmaco-theraphy.):സെട്രിസിന്, ലീവോ സെട്രിസിന് മുതലായ ആന്റി ഹിസ്റ്റമിനുകാളണ് അലര്‍ജിക് റൈനൈറ്റസിന്റെ ചികിത്സയ്ക്ക് സാധാരണ ഉപയോഗിക്കാറ്. ഇവ താരതമ്യേന കുഴപ്പമില്ലാത്തവയാണെങ്കിലും ദീര്‍ഘകാലം കഴിക്കുന്നത് അഭികാമ്യമല്ല. മാത്രമല്ല, അമിതമായ ഉറക്കം, ക്ഷീണം, വണ്ണംവെക്കുക മുതലായ പാര്‍ശ്വഫലങ്ങള്‍ ഇതുമൂലം പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്.
അലര്‍ജിക് റൈനൈറ്റിസ് മൂക്കിനെ മാത്രം ബാധിക്കുന്ന അസുഖമായതിനാല്‍ മൂക്കിലടിക്കുന്ന സ്പ്രേയാണ് ഏറ്റവും ഉത്തമം. ആസ്ത്മ ചികിത്സയിലുപയോഗിക്കുന്ന ഇന്‍ഹേലറുകളെപ്പോലെ നേസല്‍ സ്പ്രേയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയാണ്. വാസ്തവത്തില്‍ അവ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പോലും സുരക്ഷിതമാണ്.
ദീര്‍ഘകാലം മരുന്നുകള്‍ കഴിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം. സ്പ്രേകള്‍ എത്രനാള്‍ ഉപയോഗിച്ചാലും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ല. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടയ്ക്കിടെ കൃത്യമായി ഡോസ് വ്യതിയാനങ്ങള്‍ നടത്തണമെന്നുമാത്രം. രോഗം കഠിനമാവുന്ന ഘട്ടങ്ങളില്‍ സ്റ്റീറോയ്ഡുകളും വേണ്ടിവരാം.