വളരെ വ്യാപകമായി കേള്‍ക്കുന്ന പരാതിയാണിത്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല. വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും.
നമ്മള് വിചാരിച്ചത്ര കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല, നമുക്കാണ് വാശി!) വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താല്‍ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും. ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ തീറ്റാറ്.
ഡോക്ടറെയും മാഷെയും അനാവശ്യമായി വെറുക്കും എന്നതിനെക്കാള്‍ പ്രധാനം, ഭക്ഷണസമയമടുക്കുമ്പോള്‍ത്തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോള്‍ത്തന്നെ വിശപ്പ്കെടും. ആസമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം. ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.
വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിക്കും. പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല് കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ? നമ്മള് പത്തുഗ്ലാസ് പാല് കുടിക്കുന്ന പോലെയാണ് ചെറിയ കു ട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാന് പാകത്തിന് നേരത്തേ കൊടുക്കണം മറ്റു ഭക്ഷണങ്ങള്‍.
കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളി യും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ് നവുമില്ല. ''അയല്പക്കത്തെ കുട്ടിയെ നോ ക്കൂ, എത്ര നന്നായി തിന്നുന്നു'' തുടങ്ങിയ അ നാവശ്യ താരതമ്യങ്ങള്‍ ഒഴിവാക്കണം. പുതി യ അണുകുടുംബങ്ങളുടെ പൊതുപ്രശ്നമാണിത്. അമ്മൂമ്മമാര് കൂടെയുണ്ടെങ്കില്‍ കാക്കയേയും പൂച്ചയേയും കാണിച്ച് അവര്‍ കുട്ടി യെ കഴിപ്പിച്ചോളും. ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ? ഉച്ചയ്ക്ക് കു ട്ടിയെ തീറ്റിയിട്ടു വേണം രണ്ടുമണിക്ക് ഓഫീസിലെത്താന്‍ എന്ന ധൃതിയോടെ ബഹളം കൂ ട്ടിയിട്ട് കാര്യമില്ല. പ്രഷര്‍ വേണ്ട. കുട്ടി സ്വയം കഴിച്ചോളും.
അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങള്‍ (ബിസ്കറ്റും പാലുമൊക്കെ) ഒഴിവാക്കിയാല്‍ത്തന്നെ സമയത്ത് കുട്ടികള്‍ ആഹാരം കഴിക്കും.