മുലപ്പാലിന്റെ ഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തിയാല്‍ നിരവധിയാണ്. ഇത്രയേറെ പോഷകസമ്പുഷ്ടമായ മറ്റൊരു പ്രകൃതിദത്ത വിഭവവും ഇല്ലതന്നെ. മുലപ്പാല്‍ വൃത്തിയും സുരക്ഷിതത്ത്വവും ഉള്ളതാണ്. അമ്മയ്ക്ക് കാര്യമായ രോഗാണുബാധകള്‍ ഇല്ലാത്തിടത്തോളവും ശുചിത്വപൂര്‍ണമായ സാഹചര്യങ്ങളില്‍ കൊടുക്കുന്നിടത്തോളവും അത് നൂറു ശതമാനം സുരക്ഷിതമാണ്.
നവജാതശിശുക്കള്‍ക്ക് ആവശ്യമായ അതേ ഊഷ്മാവിലാണ് മുലപ്പാല്‍ ലഭ്യമാവുന്നത്. മുലപ്പാലിനായി പ്രത്യേകിച്ച് പണം മുടക്കേണ്ടതില്ല. അത് നൂറ് ശതമാനം സൗജന്യമാണ്. ഗര്‍ഭാവസ്ഥയിലും അതിനു ശേഷവും അമ്മ കഴിക്കുന്ന പോഷകാഹാരങ്ങള്‍ക്കു വേണ്ടി ചെലവാക്കുന്ന പണമാണ് ഗുണമേന്‍മയുള്ള മുലപ്പാലിനു വേണ്ടിവരുന്ന ആകെ ചെലവ്.
ഇളംമഞ്ഞ നിറത്തോടു കൂടിയതും പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ 'കൊളസ്ട്രം' (Colostrum) കുഞ്ഞിനാവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. രോഗപ്രതിരോധ ശക്തിക്കാവശ്യമായ ഇമ്മ്യൂണോ ഗ്ലോബുലിന്‍, ലിംഫോസൈറ്റുകള്‍ (lymphocytes), മാക്രോഫേജുകള്‍ (macrophages), ലൈസോസൈം, ലാക്‌ടോഫെറിന്‍, ആന്റി സ്‌ട്രെപ്‌റ്റോകോക്കല്‍ ഫാക്ടര്‍ (anti streptococcal factor) എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ആദ്യത്തെ കുറെ മാസങ്ങളില്‍ വയറിളക്കം, ശ്വസനവ്യവസ്ഥയിലെ അണുബാധകള്‍ (Respiratory infection), കുടലിലെ ചില രോഗാവസ്ഥകള്‍ (eg:- Necrotising Enterocolitis) എന്നിവയില്‍ നിന്നൊക്കെ വലിയൊരളവു വരെ സംരക്ഷണം നല്‍കാന്‍ ഇവയ്ക്ക് കഴിയും.
മുലപ്പാല്‍ കുഞ്ഞിന്റെ ദഹനവ്യവസ്ഥയ്ക്ക് എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ്. കാരണം അതിലെ ഘടകങ്ങള്‍ പശുവിന്‍ പാലിനെയോ മറ്റ് കൃത്രിമപോഷണങ്ങളെയോ അപേക്ഷിച്ച് കുഞ്ഞിന്റെ ദഹനവ്യവസ്ഥയുടെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞുമായി മാനസികമായ ഒരു ബന്ധം (spychological bonding) ഊട്ടിയുറപ്പിക്കപ്പെടുന്നു. കുഞ്ഞിന്റെ പല്ലിന്റെയും താടിയെല്ലിന്റെയും വായുടെ മേല്‍ത്തട്ടിന്റെയും (palate) ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും മുലകുടി ഒരു നല്ല വ്യായാമമാണ്. നവജാത ശിശുക്കളിലുണ്ടാവുന്ന കാത്സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവുകള്‍ (hypocalcemia and hypomagnesemia) നികത്താന്‍ മുലപ്പാലിന് കഴിവുണ്ട്.