നവജാതശിശുക്കള്‍ക്ക് ബേബി പൗഡര്‍ ആവശ്യമാണോ? എല്ലാ ഉപഭോഗ വസ്തുക്കളുടെയും ആവശ്യം പരസ്യങ്ങള്‍ തീരുമാനിക്കുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ ചോദ്യമാണിത്. മിക്ക ശിശുരോഗ വിദഗ്ധരും ബേബി പൗഡര്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താറുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഇക്കാര്യത്തില്‍ കര്‍ശനമായി നിലപാടാണ് എടുത്തിട്ടുള്ളത്.
ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ ബേബി പൗഡര്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. ഫാക്ടറി ആവശ്യത്തിനുള്ള രാസവസ്തുവായ എഥ്‌ലിന്‍ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഈ ബേബി പൗഡറിനെതിരായ ആരോപണം. ഇവിടെ പ്രസക്തമായ ഒരു ചോദ്യം നവജാതശിശുക്കള്‍ക്ക് ബേബി പൗഡര്‍ ആവശ്യമാണോയെന്നതാണ്. എല്ലാ ഉപഭോഗ വസ്തുക്കളുടെയും ആവശ്യം പരസ്യങ്ങള്‍ തീരുമാനിക്കുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ ചോദ്യം കൂടിയാണിത്.
മിക്ക ശിശുരോഗ വിദഗ്ധരും ബേബി പൗഡര്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താറുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഇക്കാര്യത്തില്‍ കര്‍ശനമായി നിലപാടാണെടുത്തിട്ടുള്ളത്. ഇപ്പോള്‍ ചില ഉത്പന്നങ്ങളില്‍ കാണുന്നില്ലെങ്കിലും ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റാണ് ബേബി പൗഡറിലും അടങ്ങിയിരിക്കുന്നത്.
ഇതിന്റെ ചെറു കണികകള്‍ കുട്ടികള്‍ എളുപ്പത്തില്‍ ശ്വസിക്കുന്നു. ഇത് നാസികയിലും മറ്റുമുള്ള ശ്ലേഷ്മ സ്തരത്തില്‍ പറ്റിപ്പിടിച്ച് ഉണങ്ങുന്നു. ഇത് കുട്ടിയുടെ ശ്വാസോച്ഛാസത്തെ ബാധിക്കുകയും ശ്വസകോശങ്ങളുടെ പ്രവര്‍ത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ടാല്‍കം പൗഡറിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം സിലിക്കേറ്റ് ശ്വാസംതടസ്സത്തിനും നെഞ്ചില്‍ കുറുകലിനും കാരണമാകുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചിലകുട്ടികളില്‍ ഇത് ന്യൂമോണിയവരെയുണ്ടാക്കാന്‍ കാരണമായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ചോളത്തിന്റെ സ്റ്റാര്‍ച്ചാണ് പൗഡറിലെ മറ്റൊരു പകരക്കാരന്‍. കണികകള്‍ വലുതാവും എന്നതല്ലാതെ പൂര്‍ണമായി ഇതും സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. കൂടാതെ ആസ്ത്മയുള്ള കുട്ടികളില്‍ ഒരു കാരണവശാലും പൗഡര്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധരുടെ ഉപദേശം.
ഇനി അഥവാ ഉപയോഗിക്കുന്നെങ്കില്‍ കുട്ടിയുടെ ദേഹത്ത് കുടഞ്ഞിട്ട് (നവജാതശിശുക്കളെ പൗഡറില്‍ കുളിപ്പിക്കുന്നത് മലയാളിയുടെ ശീലമാണെന്നോര്‍ക്കുക) പൂശരുത്. കൈകളില്‍ അല്‍പ്പം പൗഡറെടുത്ത് പുരട്ടാമെന്ന് മാത്രം.
ഇനി മുതിര്‍ന്നവര്‍ക്ക് ടാല്‍ക്കം പൗഡര്‍ ആരോഗ്യകരമാണോയെന്ന ചോദ്യമുയരുന്നു. ആസ്ബസ്‌റ്റോസ് എത്രതന്ന കാന്‍സര്‍ ജന്യമാണോ അത്രതന്നെ ഹാനികരമാണ് ടാല്‍കം പൗഡറും എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ഗര്‍ഭാശയത്തിലും ശ്വാസകോശത്തിലും അര്‍ബുദമുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രം റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെക്കുന്നു.ആസ്ബസ്‌റ്റോസിന് സമാനമായ നാരുകളില്ലാത്ത പൗഡര്‍പോലും ട്യൂമറുണ്ടാക്കുമെന്നാണ് ഇതിലെ നിഗമനം.
വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ അടിവസ്ത്രങ്ങളില്‍ പൗഡര്‍ വിതറുന്നത് അത്യന്തം ഹാനികരമാണെന്നാണ് മറ്റൊരു നിഗമനം. ലോകാരോഗ്യ സംഘടനയുടെ ഭാഗമായി ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പഠനമനുസരിച്ച് ഇത്തരം ശീലം ഗുഹ്യഭാഗങ്ങളില്‍ അര്‍ബുദമുണ്ടാകാന്‍ കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.