Home>Kids Health
FONT SIZE:AA

പൊരുതാം ഓട്ടിസത്തിനെതിരെ

പേരെന്താണെന്ന് ചോദിച്ചാല്‍ പോലും പറയാന്‍ കഴിയാത്ത കുട്ടികളെ കണ്ടിട്ടില്ലേ. തനിച്ചിരിക്കാനും തങ്ങളുടെ സ്വപ്നലോകത്ത് വിഹരിക്കാനും ഇഷ്ടപ്പെടുന്നവര്‍. താത്പര്യമുള്ള ഒരു കാര്യം ചെയ്തു തുടങ്ങിയാല്‍ അത് നിര്‍ത്താന്‍ കഴിയാത്തവര്‍. ഇതാണ് ഓട്ടിസം എന്ന അവസ്ഥ.

കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ രൂപപ്പെടുന്ന ഒരു അവസ്ഥയാണിത്. ശരിയായ ആശയവിനിമയം, സാമൂഹിക ഇടപെടല്‍, സഹജീവികളുമായുള്ള ബന്ധം എന്നിവയെയെല്ലാം ഓട്ടിസം പ്രതികൂലമായി ബാധിക്കുന്നു. ഇവര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. ഓട്ടിസം ബാധിച്ചവരില്‍ ചിലര്‍ അസാമാന്യമായ ബുദ്ധിശക്തിയും കഴിവുകളും പ്രദര്‍ശിപ്പിക്കുന്നു. മറ്റു ചിലര്‍ മാനസിക വൈകല്യമുള്ളവരും ക്രമരഹിതമായി പെരുമാറുന്നവരുമാകുന്നു. ചെറിയ പഠനവൈകല്യവും സാമൂഹിക അവബോധക്കുറവും മുതല്‍ ഉയര്‍ന്ന തോതിലുള്ള മാനസികവൈകല്യവും അപ്രതീക്ഷിത സ്വഭാവവിശേഷങ്ങളും വരെ ഓട്ടിസത്തിന്റെ ലക്ഷണമാകാം.

കാരണം അജ്ഞാതം, പരിഹാരവും

ലോകത്ത് 67 ദശലക്ഷം പേര്‍ ഓട്ടിസം ബാധിച്ചവരായുണ്ടെന്നാണ് കണക്ക്. ആണ്‍കുട്ടികളിലാണ് ഈ അവസ്ഥ കൂടുതല്‍. പക്ഷേ ഇതിന്റെ കാരണമെന്താണെന്നത് ഇന്നും അജ്ഞാതം. ചികിത്സയോ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. നേരത്തെ തിരിച്ചറിയുക, ചിട്ടയായ പരിശീലനം നല്‍കുക - ഇതുരണ്ടും മാത്രമാണ് ഓട്ടിസത്തെ പ്രതിരോധിക്കാനുള്ള വഴി.

ലക്ഷണങ്ങള്‍

ആറുമാസം പ്രായമായിട്ടും കുട്ടി ചിരിക്കുകയോ സന്തോഷകരമായി പ്രതികരിക്കുകയോ ചെയ്യാതിരിക്കുക.
ഒമ്പതുമാസമായിട്ടും മറ്റുള്ളവരുടെ ശബ്ദത്തോടോ ചിരിയോടോ മുഖഭാവങ്ങളോടോ ഒരു തരത്തിലും പ്രതികരിക്കാതിരിക്കുക
10 മാസം തികഞ്ഞിട്ടും പേരു വിളിക്കുമ്പോള്‍ മനസ്സിലാകാതിരിക്കുക
ഒരു വയസ്സായിട്ടും അവ്യക്തമായ ശബ്ദങ്ങള്‍പോലും പുറപ്പെടുവിക്കാതിരിക്കുക.
14 മാസമായിട്ടും വിരല്‍ ചൂണ്ടുക, എത്തിപ്പിടിക്കുക, കാണിച്ചുതരിക, കൈ വീശുക തുടങ്ങിയ ആംഗ്യങ്ങള്‍ ഇല്ലാതിരിക്കുക.
16 മാസത്തിനുശേഷവും ഒറ്റവാക്ക് ഉച്ചരിക്കാതിരിക്കുക.
രണ്ട് വയസ്സായിട്ടും രണ്ടു വാക്കുകളുള്ള അര്‍ഥപൂര്‍ണ്ണമായ വാചകം സ്വയം പറയാതിരിക്കുക.
ഏതെങ്കിലും പ്രായത്തില്‍ അതുവരെയുണ്ടായിരുന്ന സംസാരം, പ്രതികരണം, സാമൂഹികബോധം എന്നിവ നഷ്ടപ്പെടുക.

ഓട്ടിസം ബോധവത്കരണ ദിനം

എല്ലാ വര്‍ഷവും ഏപ്രില്‍ രണ്ട് ഐക്യരാഷ്ട്രസംഘടന ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നു. ഓട്ടിസം ബാധിച്ചവര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കാനും അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള പാതയൊരുക്കാനുമാണ് ദിനാചരണം.

കൂടുതല്‍
Tags- Autism
Loading