കഷണ്ടിയുടെ കാരണങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഇന്നും അവ മുഴുവനായി മനസ്സിലായിട്ടുമില്ല. കഷണ്ടിയുടെ വൈദ്യശാസ്ത്രനാമം സൂചിപ്പിക്കുന്നതു പോലെ ഇതില്‍ രണ്ടു ഘടകങ്ങളുണ്ട് - ആന്‍ഡ്രൊജന്‍ ഹോര്‍മോണും ജനിതക സവിശേഷതകളും. പലതരം ഹോര്‍മോണുകള്‍ മുടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കൂട്ടത്തില്‍ ഏറ്റവും ശക്തം ആന്‍ഡ്രൊജനുകളാണ്.
പ്രധാന പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണും അതിന്റെ ശക്തി കൂടിയ ഉപോല്‍പ്പന്നമായ ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണും (DHT) രോമവളര്‍ച്ചയില്‍ പങ്കുവഹിക്കുന്നുണ്ട്. കൗമാരത്തില്‍ താടിമീശകളിലെയും കക്ഷത്തിലെയുമൊക്കെ രോമകൂപങ്ങള്‍ (hair follicles) വലുതാക്കുന്നത് ഇവയാണ്. ഇതേ ഹോര്‍മോണുകള്‍ തന്നെയാണ് പില്‍ക്കാലത്ത് തലയിലെ രോമകൂപങ്ങള്‍ ചെറുതാക്കി മുടി നഷ്ടപ്പെടുത്തുന്നത്. ഈ വൈരുധ്യത്തിനു കാരണം ഓരോരുത്തരുടെയും ജനിതക സവിശേഷതകളാണ്.
അതുപോലെത്തന്നെ, ആന്‍ഡ്രോജനുകളുടെ സാന്നിധ്യത്തില്‍ ഓരോ രോമകൂപവും നശിച്ചുപോകുന്നതിന്റെ തീവ്രത നിശ്ചയിക്കുന്നതും രോമകൂപങ്ങളുടെ പൂര്‍വനിശ്ചിത ജനിതക സവിശേഷതകളാണ്. രോമകൂപം ചെറുതാവുമ്പോള്‍ രോമം നേര്‍ത്തും നീളം കുറഞ്ഞുമിരിക്കും. രോമം വളരുന്ന കാലഘട്ടം ഹ്രസ്വമാവും, കൂടുതല്‍ രോമം കൊഴിയും. രോമകൂപങ്ങളിലേക്ക് വേണ്ടത്ര രക്തസഞ്ചാരമുണ്ടാവുമെങ്കിലും അവ ചുരുങ്ങിക്കൊണ്ടിരിക്കും - കുറേയെണ്ണം തീര്‍ത്തും നശിക്കുകയും ചെയ്യും.
കാരണമെന്തായാലും പുരുഷന്റെ കഷണ്ടി (male pa-ttern baldness) പാരമ്പര്യമാണ്. ഇത് നിര്‍ണയിക്കുന്ന ഒന്നിലേറെ ജനിതക ഘടകങ്ങളുണ്ട്. അച്ഛന്‍ വഴിക്കോ അമ്മ വഴിക്കോ കഷണ്ടി വരാം. കഷണ്ടി വരുന്ന വേഗം, ശൈലി, തുടങ്ങുന്ന പ്രായം, കഷണ്ടിയുടെ തീവ്രത ഇവയെല്ലാം പാരമ്പര്യത്താല്‍ സ്വാധീനിക്കപ്പെടും. പൊതുവേ, എത്ര നേരത്തേ കഷണ്ടി തുടങ്ങുന്നുവോ അത്രയും തീവ്രമായിരിക്കും മുടികൊഴിച്ചിലിന്റെ തോത്.
പ്രതിരോധ സംവിധാനത്തിന്റെ പ്രശ്‌നം കൊണ്ടുണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ സിസ്റ്റമിക് ലൂപ്പസ് എറിത്മറ്റോസസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, കടുത്ത മനസ്സംഘര്‍ഷം, തൊലി കേടുവരല്‍, കാന്‍സര്‍ പോലുള്ള പലതരം രോഗങ്ങള്‍, കീമോതെറാപ്പി പോലുള്ള ചികിത്സകള്‍, ചിലയിനം മരുന്നുകള്‍, ഫംഗസ്ബാധ തുടങ്ങി നിരവധി കാരണങ്ങള്‍ കഷണ്ടിയുണ്ടാക്കാം. പക്ഷേ, ഇതൊന്നും പുരുഷന്റെ കഷണ്ടി എന്ന വകുപ്പില്‍ പെടുന്നില്ല. കഷണ്ടി വരുന്നുവെന്ന പരാതിയുമായി ചര്‍മരോഗ വിദഗ്ധനെ സമീപിച്ചാല്‍ അദ്ദേഹം പല വിവരങ്ങളും ചോദിച്ചറിഞ്ഞ് യഥാര്‍ഥ കാരണം - അല്ലെങ്കില്‍ കാരണമില്ലായ്മ - കണ്ടുപിടിക്കും.