സ്ത്രീകഷണ്ടിയുടെ മുഖ്യകാരണം പുരുഷന്മാരിലേതു പോലെ ഹോര്‍മോണ്‍ പ്രശ്‌നം തന്നെ. സ്ത്രീകഷണ്ടിയുടെ ശാസ്ത്രനാമവും ആന്‍ഡ്രോജനിറ്റിക് അലോപേഷ്യ എന്നാണ്. പുരുഷ കഷണ്ടിക്കു കണ്ട കാരണങ്ങളെല്ലാം ഇവിടെയും സംഗതമാണ്.
എന്നാല്‍ സ്ത്രീകളില്‍ മറ്റു പലതരം മുടികൊഴിച്ചിലാണ് അധികവും. ഗര്‍ഭാവസ്ഥ, പ്രസവം, ഗര്‍ഭനിരോധന ഗുളികകള്‍, മാനസിക സംഘര്‍ഷങ്ങള്‍, പെട്ടെന്ന് ഭക്ഷണം കുറയ്ക്കല്‍ തുടങ്ങി നിരവധി കാരണങ്ങളുണ്ട് മുടികൊഴിച്ചിലിന്. ഇതൊന്നും സ്ത്രീകഷണ്ടിയെന്ന വിഭാഗത്തില്‍ പെടില്ല. മുടി അധികമായി കൊഴിയുമ്പോള്‍ (പ്രതിദിനം 100 125 മുടിയിലധികം) കൃത്യമായ കാരണം കണ്ടുപിടിക്കണം.
ആന്‍ഡ്രോജനിറ്റിക് അലോപേഷ്യ എന്ന പതിവു കഷണ്ടിയാണെങ്കില്‍ പ്രത്യേക ചികിത്സയൊന്നുമില്ല. ഇത് രോഗമല്ലതന്നെ. നേരത്തേ കണ്ട മിനോക്‌സിഡില്‍ മരുന്നു മാത്രമാണ് ഇതിന് ആകെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിന് ചെലവേറും, മരുന്നു നിര്‍ത്തിയാല്‍ മുടി പഴയപടി കൊഴിയുകയും ചെയ്യും.
മുടി മാറ്റിവെക്കല്‍ (hair transplantation) സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്നതാണ്. ഒരു ഭാഗത്തെ മുടി മൊത്തം കൊഴിഞ്ഞ് തലയോടു തെളിയുമ്പോള്‍ മാത്രമേ ഇത് ഫലപ്രദമാവൂ. മൊത്തം മുടിയുടെ സാന്ദ്രത കുറയുമ്പോള്‍ ഇത് ശരിയാവില്ല. എവിടെ നിന്നെടുത്ത് എവിടെ വെക്കും എന്ന പ്രശ്‌നം വരും.
ഹെയര്‍ വീവിങ്, ഹെയര്‍ പീസസ്, പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കല്‍ തുടങ്ങിയവയും ആവാം. വിഗ്ഗുകളും കൃത്രിമ മുടിയുമൊക്കെ സ്ത്രീകള്‍ക്കും ലഭ്യമാണല്ലോ.