ആണുങ്ങള്‍ക്ക് വരുന്നതരം കഷണ്ടിയാണ് 'പുരുഷന്റെ കഷണ്ടി' (male pattern baldness). വൈദ്യശാസ്ത്രനാമം ആന്‍ഡ്രോജനിറ്റിക് അലോപേഷ്യ (androgenetic alopecia). ഇത് പുരുഷന്മാരിലാണ് അധികം കണ്ടുവരുന്നത്. പലതരം മുടികൊഴിച്ചിലുകളും ചികിത്സിച്ചു മാറ്റാനാവുമെങ്കിലും ഇതങ്ങനെയല്ല. നെറ്റി ഇരുവശത്തുനിന്നുമായി മേലോട്ടു കയറലും ഉച്ചിയില്‍ പിന്ഭാഗത്തേക്കായി വട്ടത്തില്‍ മുടി നഷ്ടമാവലും ഈതരം കഷണ്ടിയുടെ വികാസസ്വഭാവമാണ്.
പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും കഷണ്ടി തുടങ്ങാം-ചിലപ്പോള്‍ കൗമാരത്തില്‍ത്തന്നെ. മുഴുക്കഷണ്ടിയാവാം, പകുതിയില്‍ നില്ക്കാം.
വളരെപ്പതുക്കെ മാത്രം വികസിക്കുന്ന പ്രശ്നമാണ് പുരുഷന്റെ കഷണ്ടി. ചുവന്നു തടിക്കലോ ചൊറിച്ചിലോ വേദനയോ ഒന്നുമില്ലാതെ. ഇതു തടയാന്‍ ഇന്ന് മരുന്നൊന്നുമില്ല. ഇതിനെ ഒരു രോഗമായി ആരും കണക്കാക്കുന്നില്ല. തികച്ചും സ്വാഭാവികമായ അവസ്ഥയാണിത്.

















