Home>Healthy Hair>Baldness
FONT SIZE:AA

കഷണ്ടിക്കു പറ്റിയ രണ്ടു ശസ്ത്രക്രിയാ ചികിത്സകളിതാ

മുടി മാറ്റിവെക്കല്‍
(hair transplantation)
തലയിലെ തന്നെ മുടി ധാരാളമുള്ള ഭാഗത്തുനിന്ന് (donor site) രോമകൂപങ്ങള്‍ (hair follicles) എടുത്ത് കഷണ്ടിയുള്ളിടത്ത് നട്ടുപിടിപ്പിക്കുന്ന രീതിയാണിത്. ഒറ്റ രോമകൂപമോ രണ്ടെണ്ണം ഒരുമിച്ചോ ഇങ്ങനെ എടുക്കാറുണ്ട്. ഇതിനെ മൈക്രോഗ്രാഫ്റ്റ്‌സ് എന്നു പറയും. തലയുടെ വശങ്ങളില്‍ നിന്നോ പിന്നില്‍ നിന്നോ വലിയ അഭംഗിയുണ്ടാവാത്ത വിധമാണ് ഇങ്ങനെ രോമം പിഴുതെടുക്കുക. പതുക്കെ ഇവ പുതിയ സ്ഥലത്ത് വളര്‍ന്നുതുടങ്ങും. പത്തു മുടി വരെയുള്ള താരതമ്യേന വലിയ കഷണങ്ങളും മുറിച്ചെടുത്ത് നട്ടുപിടിപ്പിക്കാറുണ്ട് - ഇതാണ് കൂടുതല്‍ ഫലപ്രദം.


മുടി അടര്‍ത്തിയെടുക്കുന്ന ഭാഗത്തുണ്ടാവുന്ന വടുക്കളാണ് ഇതിന്റെ പ്രധാന പോരായ്മ. മാത്രവുമല്ല, നട്ടുപിടിപ്പിച്ച മുടി സ്ഥിരമായി നില്‍ക്കണമെന്നുമില്ല. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് നശിച്ചുപോവാം.

സ്ട്രിപ് ഇന്‍സിഷന്‍, ലേസര്‍ ഗ്രാഫ്റ്റിങ്, 20 മുടിയോളം ഒരുമിച്ചെടുക്കുന്ന പഞ്ച് ഗ്രാഫ്റ്റ്‌സ് തുടങ്ങി പലതരം മാറ്റിവെക്കലുകളുണ്ട്. മിക്കതിനും ഓരോതരം പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതേമട്ടില്‍ കൃത്രിമമുടി (synthetic hair)യും വച്ചുപിടിപ്പിക്കാമെങ്കിലും ഇതില്‍ അണുബാധാസാധ്യത വളരെ കൂടുതലാണ് - അപകടവും.

ശിരോചര്‍മം ചെറുതാക്കല്‍

(scalp reduction)
തലയോട്ടിയിലെ കഷണ്ടിയുള്ള ഭാഗത്തെ തൊലി മുറിച്ചുനീക്കി, മുടിയുള്ള ഭാഗത്തെ തൊലി വലിച്ചുനീട്ടി ഇവിടേക്കു കൂടിയെത്തിക്കുന്ന പ്ലാസ്റ്റിക് സര്‍ജറിയാണിത്. എത്ര ഭാഗം കഷണ്ടിയുണ്ട്, മുടിയുള്ള ഭാഗത്തെ തൊലിയുടെ ഇലാസ്തികത എത്രയുണ്ട് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ വിജയസാധ്യത. അണുബാധ, മുറിപ്പാട് തുടങ്ങിയ റിസ്‌കുകള്‍ ഇതിനുമുണ്ട്.
Tags- Hair, Hair loss
Loading