മരുന്നില്ലെന്നു പണ്ടേ പറയാറുള്ള സംഗതികളാണ് അസൂയയും കഷണ്ടിയും. (കഷണ്ടിക്കാരോടുള്ള അസൂയയോ!) അസൂയക്ക് വല്ല കൗണ്‍സലിങ്ങും ഫലിച്ചേക്കും. കഷണ്ടിയുടെ സ്ഥിതി അതിലും കഷ്ടമാണ്.
മറ്റസുഖങ്ങള്‍ കൊണ്ടല്ല മുടി കൊഴിയുന്നത്, ഇത് പുരുഷന്റെ കഷണ്ടി തന്നെയാണ് എന്നുറപ്പാക്കലാണ് ആദ്യപടി. പിന്നെ, മുടി ചീകിയൊതുക്കിയും മറ്റും 'അഡ്ജസ്റ്റ്' ചെയ്യാനാകുമോ എന്നുനോക്കുക. കഷണ്ടി കൊണ്ടുള്ള മനഃപ്രയാസം അത്രയ്ക്കധികമാണെങ്കില്‍ ഡോക്ടറോട് ചികിത്സയെപ്പറ്റി ചര്‍ച്ച തുടങ്ങാം. കഷണ്ടിക്ക് രണ്ടു മരുന്നുകള്‍ ഇന്നുണ്ട്.
മിനോക്‌സിഡില്‍ (minoxidil): രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണിത്. കഷണ്ടി മാറ്റാനും ഇത് ഇന്ന് പ്രയോഗിക്കാറുണ്ട്. ഈ ദ്രാവകം ദിവസം രണ്ടുനേരം തലയില്‍ പുരട്ടണം. 1020 ശതമാനം പേരില്‍ ഫലം ചെയ്യാറുണ്ടത്രേ. 90 ശതമാനം പേരിലും മുടികൊഴിച്ചിലിന്റെ തീവ്രത കുറയ്ക്കും. ഈ മരുന്നിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മുഴുവന്‍ കാര്യങ്ങളും അറിഞ്ഞുകൂടാ. ചെറുപ്പക്കാരിലാണ് ഇത് കൂടുതല്‍ ഫലിക്കുക.
ചെലവു കൂടിയ ഏര്‍പ്പാടാണിത്. ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുകയും വേണം. മരുന്നു നിര്‍ത്തിയാല്‍, വന്ന മുടി കൊഴിയുകയും ചെയ്യും. പുതിയ മുടിക്ക് പഴയതിന്റെയത്ര ഗുണമുണ്ടാവുകയുമില്ല. ചൊറിച്ചില്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടുതാനും.
ഫിനാസ്റ്റെറൈഡ് (Finasteride): പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള മരുന്നാണിത്. ഇതും കഷണ്ടി മാറ്റാന്‍ ഉപയോഗിക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ ഡി.എച്ച്.ടി.യായി മാറുന്ന പ്രക്രിയ മന്ദീഭവിപ്പിക്കുകയാണ് ഈ മരുന്നിന്റെ ജോലി. രക്തത്തിലും തലയോട്ടിയിലുമുള്ള ഡി.എച്ച്.ടി.യുടെ അളവ് കുറയും. പകുതിപ്പേരിലും ഈ ചികിത്സ ഫലിക്കുന്നുണ്ടത്രേ.
പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടു വരുത്തുന്നതിലും വലിയ ഉപദ്രവം ഈ മരുന്നു കൊണ്ടുണ്ടാവും. തലയ്ക്ക് 'ആണത്തം' കിട്ടാന്‍ ഇതുപയോഗിച്ചാല്‍ ലൈംഗിക താല്പര്യം കുറയും. താല്‍ക്കാലിക ഷണ്ഡത്വം, ശുക്ലത്തിന്റെ ഗുണം കുറയല്‍ എന്നീ പാര്‍ശ്വഫലങ്ങളും കുറച്ചുപേരില്‍ കാണാം. സ്ത്രീകള്‍ ഈ മരുന്ന് ഉപയോഗിക്കരുത്. കാരണം, പിന്നീട് ജനിക്കുന്ന കുട്ടിക്ക് വൈകല്യങ്ങള്‍ വരാം. പൊട്ടിയ ഗുളികകള്‍ സ്ത്രീകള്‍ തൊട്ടുനോക്കുക പോലും ചെയ്യരുതെന്നാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്.