Home>Diseases>Blood Pressure
FONT SIZE:AA

സമ്മര്‍ദത്തിലാക്കുന്ന സംശയങ്ങള്‍

ലോകത്ത് രക്തസമ്മര്‍ദമുള്ളവരില്‍ 20 ശതമാനം ഇന്ത്യയിലാണെന്നാണ് കണക്ക്. വര്‍ധിച്ചുവരുന്ന ഈ ജീവിതശൈലീരോഗത്തെക്കുറിച്ച് ജനങ്ങള്‍ മുമ്പത്തേക്കാളുപരി ബോധവന്മാരാണ് എന്നത് ആശ്വാസകരമാണ്. എങ്കിലും മരുന്ന് കഴിക്കുന്നവരിലും അല്ലാത്തവരിലും രോഗത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. അവയില്‍ ചിലതിനുള്ള വിശദീകരണങ്ങള്‍ ഇനിപ്പറയുന്നു.
കൃത്യമായ ലഘുവ്യായാമം കൊണ്ട് രോഗം ഭേദമാകുമോ?


രക്തസമ്മര്‍ദം കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യത്തിനും വ്യായാമം നല്ലതാണ്.എന്നാല്‍ ഏത് വ്യായാമം, എത്രനേരം എന്നത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് നിശ്ചയിക്കണം. പൊതുവേ ആഴ്ചയില്‍ അഞ്ചുദിവസം 30 മിനുട്ട് നേരം വേഗത്തിലുള്ള നടത്തം അനുയോജ്യമാണ്.നടത്തത്തിനിടയില്‍ പാട്ടുപാടാന്‍ കഴിയരുത്,വര്‍ത്തമാനം പറയാനാകണം എന്നിങ്ങനെയാണ് നടത്തത്തിന്റെ വേഗം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനം.

മാനസികപിരിമുറുക്കം സ്ഥിരമായ രക്തസമ്മര്‍ദത്തിന് കാരണമാകുമോയെന്ന സംശയം ഉയരാറുണ്ട്. പിരിമുറുക്കമുണ്ടാകുമ്പോള്‍ താത്കാലികമായി ഉയരുമെന്നല്ലാതെ സ്ഥിരമായി രക്തസമ്മര്‍ദമുണ്ടാകുമോയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുകവലി,അമിതമായ മദ്യപാനം,പൊണ്ണത്തടി,വ്യായാമക്കുറവ് എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാണ്. പ്രായവും ഒരു ഘടകമാണ്.

രക്തസമ്മസര്‍ദം ഏറെക്കാലം തിരിച്ചറിയാതെ പോയേക്കാം. ശാരീരികമായി പ്രശ്‌നങ്ങളൊന്നും തോന്നിയില്ലെങ്കിലും അത് ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും രക്തസമ്മര്‍ദം പരിശോധിപ്പിക്കുന്നത് നല്ലതാണ്.
120/80 ആണ് പൊതുവേ അംഗീകരിച്ചുള്ള സുരക്ഷിതമായ രക്തസമ്മര്‍ദം. ഇത് 129/89 എന്നതിലേക്ക് നീങ്ങുന്നുവെങ്കില്‍ അമിത രക്തമ്മര്‍ദം എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.

രോഗാവസ്ഥയുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്നവര്‍ക്ക് വ്യായാമം ചെയ്തും മദ്യപാനവും പുകവലിയും ഒഴിവാക്കല്‍, ഉപ്പിന്റെ ഉപയോഗം കുറയ്ക്കല്‍ എന്നിങ്ങനെ മരുന്നില്ലാതെ രോഗം നിയന്ത്രിക്കാം. അല്ലെങ്കില്‍ മരുന്ന് കഴിക്കേണ്ട്ി വരും. മരുന്ന് കഴിക്കാന്‍ തുടങ്ങിയാല്‍ വിദഗ്ധനിര്‍ദേശമില്ലാതെ നിര്‍ത്താന്‍ പാടില്ല.ഒപ്പം ജീവിതശൈലീ ക്രമീകരണം തുടരുകയും വേണം.

ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ രണ്ടാമതാണ്. രോഗം വൃക്കയെ കഠിനാധ്വാനത്തിലേക്ക് നയിക്കുന്നു. ക്രമേണ അവയവം പ്രവര്‍ത്തനരഹിതമാകുന്നു. ഗുരുതരമായ വൃക്കരോഗമുള്ളവര്‍ രക്തസമ്മര്‍ദം 130/90നുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കണം.
Loading