
ആദ്യത്തെ 23 ദിവസങ്ങളില്‍ മുലപ്പാല്‍ ചുരത്തല്‍ തുടങ്ങുന്നതേയുള്ളൂ. ഈസമയത്ത് അമ്മയുടെ ആരോഗ്യസ്ഥിതി, ഭക്ഷണം, ജലപാനം, മാനസികാവസ്ഥ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. സമാധാനത്തോടെ കുഞ്ഞിന്റെ സാമീപ്യത്തില്‍ സന്തോഷിച്ച്, ക്ഷമയോടെ മുലയൂട്ടുക മാത്രമേ വേണ്ടൂ. മുലക്കണ്ണു വലിഞ്ഞിരിക്കുന്നത് കുഞ്ഞിന്റെ ജോലി ബുദ്ധിമുട്ടുള്ളതാക്കുന്നു.
തന്റെ തൊണ്ണു കൊണ്ട് മുലക്കണ്ണില്‍ പിടിച്ച് പാല്‍ പിഴിഞ്ഞെടുക്കുകയാണ് കുഞ്ഞ് ചെയ്യുന്നത്. ചില അമ്മമാരില്‍ ഇതിന് തക്ക മുലക്കണ്ണ് ഉണ്ടാകാതിരിക്കുകയോ ഉള്ളത് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയോ ചെയേ്തക്കാം. ഗര്‍ഭാരംഭം തൊട്ടുതന്നെ സ്വന്തം മുലക്കണ്ണുകള്‍ മെല്ലെ പുറത്തോട്ടു പിടിച്ച് നീട്ടുന്നത് വളരെ എളുപ്പമായ ഒരുപ്രതിവിധിയാണ്. പ്രസവശേഷം ഒരു വിദഗ്ധനേഴ്‌സിന്റെ സഹായത്തോടെയും ഇതാവാം. തീരെ സാധിക്കാത്ത അവസരങ്ങളില്‍ നിപ്പിള്‍ ഷീല്‍ഡ് എന്ന ലഘു ഉപാധി ഇതിനു സഹായകമാവും.
മുലപ്പാല്‍ വലിച്ചു കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വായ്ക്കുള്ളിലേക്ക് മുഴുവന്‍ മുലക്കണ്ണും കടന്നിരിക്കണം. ഇല്ലാതിരുന്നാല്‍ മര്‍ദ്ദം മുലക്കണ്ണിലെ നേര്‍ത്ത തൊലിയിലാവും അത് മുലക്കണ്ണില്‍ കീറലുണ്ടാക്കുകയും ചെയേ്തക്കാം. പുരട്ടാവുന്ന തികച്ചും സുരക്ഷിതമായ വേദന സംഹാരികളും വേണ്ടിവന്നാല്‍ തല്‍ക്കാലം നിപ്പിള്‍ ഷീല്‍ഡും ഇതിനു പരിഹാരങ്ങളാണ്.
പാലിറങ്ങിയ ശേഷം കുഞ്ഞ് തീര്‍ത്തും വലിച്ച് കുടിക്കാതിരുന്നാല്‍ മുലകളില്‍ കല്ലിപ്പുണ്ടായേക്കാം. ഇതിന്റെ പ്രധാന ചികിത്സ കുഞ്ഞ് മുലവലിച്ചു കുടിക്കുക തന്നെയാണ്. ആവശ്യം വന്നാല്‍ അമ്മയ്ക്ക് ആന്‍റിബയോട്ടിക്കുകള്‍ കഴിക്കാവുന്നതാണ്.