ശരിയായ രോമവളര്‍ച്ചയ്ക്ക് വിറ്റാമിനുകളും ലവണങ്ങളും (പ്രത്യേകിച്ച് സിങ്ക്) പ്രോട്ടീനും അത്യാവശ്യമാണ്. പോഷകാംശങ്ങള്‍ കുറഞ്ഞ ഭക്ഷണം മുടികൊഴിച്ചിലുണ്ടാക്കും. പെട്ടെന്നു തടി കുറയ്ക്കാന്‍ ചിലര്‍ ഭക്ഷണം തീരെ വെട്ടിക്കുറയ്ക്കാറുണ്ട് (cra-sh diet). ഇത്തരക്കാരില്‍ പ്രോട്ടീനുകള്‍ പെട്ടെന്നു കുറയുന്നതിനാല്‍ മുടി കൊഴിയുന്നു. വിറ്റാമിന്‍ എ മുടിവളര്‍ച്ചയ്ക്ക് സഹായകരമാണെങ്കിലും അമിതമായി വിറ്റാമിന്‍ എ കഴിക്കുന്നവരില്‍ അത് ശരീരത്തില്‍ കെട്ടിക്കിടന്ന് മുടികൊഴിച്ചിലുണ്ടാക്കുകയാണ് ചെയ്യുക.
നേരത്തെ കണ്ട സിസ്റ്റമിക് ലൂപസ് എറിത്മറ്റോസിസ് (SLE), സ്ക്ലീറോഡെര്‍മ (sclero derma) തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരില്‍ തലയിലെ രോമത്തിന് കട്ടി കുറയുകയും വളര്‍ച്ച കുറയുകയും അധികമായി കൊഴിയുകയും ചെയ്യും.
കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തന മാന്ദ്യവും മുടിയുടെ വളര്‍ച്ചയെ ബാധിക്കും. ചെറുപ്പത്തിലേ വാര്‍ധക്യ ലക്ഷണങ്ങള്‍ കാട്ടുന്ന പ്രൊഗേറിയ (progeria), മോണിലെത്രിക്സ് (monilethrix), നഖത്തിനു കട്ടി കൂടുന്ന പാക്കിയോനൈക്കിയ (pachyony-chia) എന്നീ പാരമ്പര്യ രോഗങ്ങള്‍ ബാധിച്ച കുട്ടികളില്‍ നന്നെ ചെറുപ്പത്തില്‍ തന്നെ തലമുടി കുറഞ്ഞിരിക്കുന്നതു കാണാം.
ഡോ. കെ. പവിത്രന്
ചര്‍മ, ലൈംഗികരോഗ വിഭാഗം മുന്‍ തലവന്‍
മെഡിക്കല്‍ കോളേജ്, കോഴിക്കോട്