കുട്ടികളില്‍ കണ്ടുവരുന്ന ട്രൈക്കോടില്ലോമാനിയ (trichotillomania) എന്ന രോഗവും മാനസിക സംഘര്‍ഷ ഫലമാണ്. ബുദ്ധിമാന്മാരായ, ചുറുചുറുക്കുള്ള കുട്ടികളിലാണിത് കാണുന്നത്. പഠിക്കുമ്പോഴും സംസാരിക്കുമ്പോഴും ആലോചിക്കുമ്പോഴും സദാ കൈവിരല്‍ കൊണ്ട് തലയിലെ മുടി ചുറ്റിയെടുത്ത് പിഴുതുകളയുകയോ പൊട്ടിച്ചുകളയുകയോ ചെയ്യുന്നു.
തലയുടെ ഒരുവശത്തെ രോമങ്ങള്‍ പോയതായി കാണാം. പക്ഷേ, പല രോമക്കുറ്റികളും അവിടെ ബാക്കിനില്‍ക്കുന്നതായി കാണാം. കുട്ടികള്‍ ഇത് അബോധ മനസ്സാലാണ് ചെയ്യുന്നത്. ചുരുക്കം ചിലര്‍ ഇങ്ങനെ പൊട്ടിച്ചെടുത്ത രോമം തിന്നെന്നുവരാം. ഇതും അബോധ മനസ്സാലാണ് സംഭവിക്കുന്നത്. ഈ വിഴുങ്ങിയ രോമങ്ങള്‍ ആമാശയത്തില്‍ ഒരു പന്തുപോലെ കെട്ടിക്കിടന്ന് ഉദര രോഗത്തിനു കാരണമാകാം.