ഏതാണ്ട് നൂറു മുടികള്‍വരെ ഒരുദിവസം കൊഴിഞ്ഞുപോകുന്നത് സാധാരണമാണ്. അതില്‍ കൂടുമ്പോള്‍ മാത്രമാണ് സവിശേഷശ്രദ്ധ വേണ്ടിവരുന്നത്.
നവജാതരില്‍
നവജാതശിശുക്കളില്‍ ആദ്യത്തെ നാലു മാസങ്ങള്‍ക്കുള്ളില്‍ കഷണ്ടി കയറുന്നതുപോലെ നെറ്റിക്കു തൊട്ടുമുകളിലെ മുടി കൊഴിയുന്നു. ആറേഴുമാസത്തിനകം പുതിയ മുടി കിളിര്‍ക്കുകയും ചെയ്യും.
കുട്ടികളില്‍
കുട്ടികളില്‍ മുടികൊഴിച്ചില്‍ അത്ര പ്രശ്നമാകാറില്ല. പേന്‍. താരന്, ചൊറി എന്നിവ കൊണ്ടുണ്ടാകാവുന്ന കൊഴിച്ചിലും ട്രൈക്കോടില്ലോമാനിയ എന്ന തന്നത്താന്‍ മുടി പിഴുതുകളയുന്ന സ്വഭാവവും ആണ് പ്രധാന പ്രശ്നങ്ങള്‍.
വട്ടത്തില്‍ മുടികൊഴിഞ്ഞുപോകുന്ന അലോപീഷ്യ ഏരിയേറ്റയും ഫംഗസ് രോഗബാധയും കുട്ടികളില്‍ കാണാറുണ്ട്.
കൗമാരക്കാരില്‍
മാനസികപിരിമുറുക്കമാണ് ഈ പ്രായത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ, എന്‍ട്രന്‍സ് പരീക്ഷ എന്നിങ്ങനെയുള്ള കടമ്പകള്‍ സൃഷ്ടിക്കുന്ന മനഃസംഘര്‍ഷം മുടികൊഴിച്ചിലുണ്ടാകാന്‍ കാരണമാകും.
അമിതമായ മുടി ശുശ്രൂഷ, കളറിങ്, പെര്‍മിങ്, കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍, ഷാംപൂ എന്നിവ മൂലവും മുടിക്ക് കേടുപാടുണ്ടാകാം. മുടി പൊട്ടിപ്പോവുകയോ കൊഴിയുകയോ ചെയ്യാം.
പെണ്‍കുട്ടികള്‍ മുടി വലിച്ചുകെട്ടുന്നതുമൂലം മുകള്‍ഭാഗത്തെ മുടി കൊഴിഞ്ഞുപോകാം.
മുതിര്‍ന്നവരില്‍
പ്രസവം, ശസ്ത്രക്രിയ, മാനസിക പിരിമുറുക്കം, തേറോയ്ഡ് ഗ്രന്ഥികളുടെ രോഗങ്ങള്‍, വൈറല്‍ പനി, ന്യുമോണിയ, കായ, ഫംഗസ് രോഗം, അമിതശുശ്രൂഷ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാന്‍സറിനുള്ള കീമോതെറാപ്പി, ആന്റിബയോട്ടിക് ചികിത്സ, തലയോട്ടിയെ ബാധിക്കുന്ന രോഗങ്ങള്‍, പോഷകാഹാരക്കുറവ്, അനീമിയ തുടങ്ങിയവ മുതിര്‍ന്നവരിലെ മുടികൊഴിച്ചിലിന്റെ വിവിധ കാരണങ്ങളില്‍പ്പെടും.
തലമുടിയെ (ഹെയര്‍ ക്യൂട്ടിക്കളിനേയും കോര്ട്ടക്സിനേയും) ബാധിക്കുന്ന പ്രശ്നങ്ങള്‍മൂലം മുടി ദുര്‍ബലമായി പൊട്ടിപ്പോവുകയും കൊഴിഞ്ഞുപോകുകയും പതിവാണ്.