പകര്‍ച്ചവ്യാധികളെ കുറിച്ച് പറയുമ്പോള്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന പകര്‍ച്ചപ്പനിയും മറ്റുമാണ് എപ്പോഴും ചര്‍ച്ചയില്‍ വരുന്നത്. എന്നാല്‍ ടി.ബി. അതുപോലല്ല. കാലങ്ങളായി നിലനില്ക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന രോഗമാണ്. നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹത്തിനാകെ അത് ഭീഷണിയായിത്തീരാം.
വളരെ വേഗം പകരുന്ന രോഗമാണ് ടി.ബി. മൈക്കോബാക്ടീരിയം
ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് രോഗാണു. ശരീരത്തിന്റെ ഏതു ഭാഗത്തയും ടി.ബി. ബാധിക്കാം. ഏറ്റവും വ്യാപകമായി കാണുന്നത് ശ്വാസകോശ ടി.ബി. യാണ്. ശ്വാസകോശ ടി.ബി.യുള്ള രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ സൂക്ഷ്മ കണികകളുടെ രൂപത്തില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. ഇത് ശ്വസിക്കുന്ന മറ്റൊരാള്‍ക്ക് അണുബാധയേല്‍ക്കുന്നു. ഇങ്ങനെ അണുബാധയേല്‍ക്കുന്ന എല്ലാവര്ക്കും ടി.ബി. വരണമെന്നില്ല. പ്രതിരോധശേഷി ഇല്ലാത്തവരില്‍ രോഗം വേഗം പ്രത്യക്ഷപ്പെടാം. അണുബാധയേല്‍ക്കുന്ന 10 ശതമാനമാളുകളില്‍ ജീവിതകാലത്ത് എപ്പോഴെങ്കിലും ടി.ബി. ഉണ്ടാകാം. ഇന്ത്യയില്‍ ഓരോ ദിവസവും നാല്പതിനായിരത്തോളം ആളുകള്‍ക്ക് ടി.ബി. അണുബാധയുണ്ടാകുന്നുണ്ട്. അയ്യായിരത്തില്‍ അധികം പേര് ടി.ബി. രോഗികളാകുന്നു.
ദിവസവും ആയിരത്തിലധികം രോഗികള്‍ ഈ രോഗം കാരണം മരണപ്പെടുന്നുണ്ട്. ടി.ബി. ഗൗരവത്തോടെ കാണേണ്ട പകര്ച്ചവ്യധിയാണിതെന്നതിന് വേറെ എന്ത് തെളിവ് വേണം. പുതുതായി രോഗനിര്‍ണയം ചെയ്തതും കഫത്തില്‍ അണുക്കള്‍ ഉള്ള രോഗികളില്‍ 90 ശതമാനം പേരെ കണ്ടുപിടിക്കാനും അവരില്‍ 90 ശതമാനം പേര്‍ക്കെങ്കിലും രോഗമുക്തി സാധ്യമാക്കാനുമാണ് പുതുക്കിയ ടി.ബി നിയന്ത്രണ പരിപാടി ലക്ഷ്യമിടുന്നത്. ഡോട്സാണ് ആ ലക്ഷ്യത്തിലേക്കുള്ള വഴി.