അപാനവായുവിനെ അനുലോമിപ്പിച്ച് പൗരുഷഗ്രന്ഥിയുടെ വീക്കവും വേദനയും കുറക്കുകയും മൂത്രസ്രവണസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കുകയുമാണ് ഈ രോഗത്തില്‍ ചികിത്സകൊണ്ടുദ്ദേശിക്കുന്നത്. വാത,കഫഹരങ്ങളായ ഔഷധങ്ങളാണ് പ്രധാനമായും ഉപയോഗയോഗ്യം. വൈദ്യനിര്ദേശത്തില് വാതശമനങ്ങളായ തൈലങ്ങള്‍, അരയ്ക്കു കീഴ്പോട്ട് പുരട്ടി, വാതത്തെ പ്രതിരോധിക്കുന്ന കരിനുച്ചിയില, ആവണക്കില തുടങ്ങിയ ഇലകളിട്ടു വെന്ത ചെറുചൂടുള്ള വെള്ളത്തില്‍ രോഗിയെ ഇരുത്തി 'അവഗാഹസ്വേദം' ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും. ഇങ്ങിനെ സ്വേദിപ്പിക്കുന്നതോടൊപ്പം മറ്റു ലക്ഷണങ്ങളെ ശമിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗപ്പെടുത്തുകയും വേണം.
പൗരുഷഗ്രന്ഥിയുടെ വീക്കം കുറയ്ക്കുന്നതിനായി തഴുതാമ, മഞ്ഞള്‍, നീര്‍മരുത്, മുരിങ്ങ എന്നിവ നന്നായരച്ച് വയറിന്റെ കീഴ്ഭാഗത്ത് ബാഹ്യലേപനത്തിനുപയോഗപ്പെടുത്തണം. ഞെരിഞ്ഞില്‍, വിഴാലരി, വെള്ളരിക്കുരു ഇവ ധാന്യാമ്ലത്തിലരച്ചും ചെറുചൂടോടെ ലേപനംചെയ്യാം. ഇതു വേദനയും വീക്കവും കുറയാന്‍ സഹായിക്കും. രോഗത്തിന്റെ ഘട്ടത്തിനനുസരിച്ച് വിദഗ്ധനിര്‍ദേശപ്രകാരം ഉപനാഹസ്വേദം, ധാര, അഭ്യംഗം, അനുവാസനവസ്തി, കഷായവസ്തി, ഉത്തരവസ്തി, വിരേചനം എന്നിവയും ഉപയോഗപ്പെടുത്തണം.