പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനം പേര്‍ക്കും പുറംവേദനയും (നടുവേദന) അനുബന്ധപ്രശ്‌നങ്ങളും ഉണ്ടെന്ന് അമേരിക്കന്‍ ആര്‍ത്രൈറ്റിസ് ഫൗണ്ടേഷന്‍ പറയുന്നു. ഇതില്‍നിന്ന് അല്പമെങ്കിലും മോചനം നേടാന്‍ പത്തു മാര്‍ഗനിര്‍ദേശങ്ങള്‍ യു.എസ്. നാഷണല്‍ അത്‌ലറ്റിക് ട്രെയിനേഴ്‌സ് അസോസിയേഷന്‍ ഈയിടെ മുന്നോട്ട് വെച്ചു. അവയാണ് ചുവടെ:
1. ശരീരത്തിന് അനാരോഗ്യകരമായ ആയാസങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയണമെന്നതാണ് ഒന്നാമത്തെ കാര്യം. ഉദാഹരണമായി ശരിയായ രീതിയിലല്ലാത്ത ഇരിപ്പും കിടപ്പും, ഭാരം ഉയര്‍ത്തുന്നതിലെ അശാസ്ത്രീയ രീതി, അയവ് വേണ്ടിടത്ത് ഇല്ലാത്തതോ ദാര്‍ഢ്യം വേണ്ടിടത്ത് അയഞ്ഞോ നില്ക്കുന്ന പേശികള്‍. ഇക്കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കണം.
2. പേശികളുടെ ചലനക്ഷമത വര്‍ധിപ്പിക്കണം. യോഗ, നീന്തല്‍ തുടങ്ങി അനുയോജ്യമായ വ്യായാമങ്ങള്‍ ഇതിനായി പരിശീലിക്കാം.
3. ശരീരത്തിന്റെ ആകെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമം ചെയ്യണം. വയറ്, മുതുക്, ഇടുപ്പ്, തോള്‍, വസ്തിപ്രദേശം എന്നിവിടങ്ങളിലെ പേശികള്‍ക്ക് ശക്തി പകരുന്നതാവണം വ്യായാമം.
4. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങള്‍ ഒരുതവണ 20 മിനിറ്റ് എന്ന കണക്കില്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും ചെയ്യണം. പേശികളുടെ ബലം വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ നട്ടെല്ലിലൂടെയുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.
5. ഒരിടത്ത് ദീര്‍ഘനേരം ഇരിക്കാതിരിക്കുക. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കുക. ഇരിക്കുന്ന സമയത്ത് കാല്‍മുട്ടുകളും നിതംബവും ശരിയായ രീതിയിലായിരിക്കണം. കസേരയുടെ ആകൃതിയും പ്രധാനമാണ്.
6. നില്ക്കുന്ന സമയത്ത് തല ഉയര്‍ത്തി, ചുമലുകള്‍ നേരേ പിടിച്ചുവേണം നില്ക്കാന്‍. നെഞ്ച് നേരേയും വയര്‍ മുറുകിയുമിരിക്കണം. ഒരേ രീതിയില്‍ ഏറെ നേരം നില്ക്കുന്നതും നല്ലതല്ല.
7. തറയില്‍വെച്ചിട്ടുള്ള സാധനങ്ങള്‍ ഉയര്‍ത്തുന്ന സമയത്ത് ശരിയായ രീതിയില്‍ വേണം ചെയ്യാന്‍. വയറിലെ പേശികള്‍ മുറുക്കിയും മുതുക് നിവര്‍ത്തിപ്പിടിച്ചും ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തണം.
8. ഭാരം ശരീരത്തിന്റെ ഒരു ഭാഗത്ത് വരുന്ന രീതിയില്‍ സാധനങ്ങള്‍ ചുമക്കാന്‍ പാടില്ല. ഭാരമുള്ള സാധനങ്ങള്‍ ശരീരത്തോട് ചേര്‍ത്തുപിടിച്ചു വേണം കൊണ്ടുപോകാന്‍.
9. താഴ്ന്ന് പോകാത്ത ദൃഢതയുള്ള കിടക്കയില്‍ വേണം ഉറങ്ങാന്‍. മുതുകിന്റെ ശരിയായ വളവിന് അനുയോജ്യമായ രീതിയില്‍ കിടക്കണം.
10. ആരോഗ്യകരമായ ജീവിതരീതി അനുവര്‍ത്തിക്കുക. പൊണ്ണത്തടി, പുകവലി എന്നിവ പുറംവേദന വര്‍ധിപ്പിക്കും.
ഒ.കെ.