Home>Diseases>Kidney Diseases
FONT SIZE:AA

വൃക്കരോഗങ്ങള്‍

ദിവസം 180 ലിറ്റര്‍ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്‍ ഇല്ല. മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. സൂക്ഷ്മരക്തക്കുഴലുകളുടെ കൂട്ടമാണ് വൃക്ക എന്നു പറയാം. നെഫ്രോണുകളാണ് ഇവയുടെ പ്രവര്‍ത്തനഘടകം. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകളുണ്ട്.

നെഫ്രോണിനകത്ത് മുന്തിരിക്കുല പോലുള്ള രക്തക്കുഴലുകളുടെ കൂട്ടമുണ്ട്. അരിപ്പപോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. രക്തം ഇതിലൂടെ കടന്നുപോകുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ളതും വലിപ്പം കൂടിയതുമായ വസ്തുക്കളെ രക്തത്തില്‍ തന്നെ നിലനിര്‍ത്തുന്നു. പ്രോട്ടീന്‍, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍ എന്നിവ ഇതില്‍പ്പെടും. വെള്ളവും ലവണങ്ങളും നെഫ്രോണിന്റെ അടുത്ത ഭാഗമായ ടൂബ്യൂളുകളിലെത്തും. ആവശ്യമുള്ള വെള്ളവും ലവണങ്ങളും ടൂബ്യൂളുകളില്‍ വെച്ച് ആഗിരണം ചെയ്യും. അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുന്നു. ഈ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.

180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് ഒന്നരലിറ്റര്‍ മാത്രമാണ് മൂത്രമായി വേര്‍തിരിച്ചെടുക്കുന്നത്. ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്‍ അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്‌നത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്‍ കാര്യമായ തകരാറുണ്ടായാല്‍ സ്ഥിതി മാറും. അനുബന്ധ പ്രശ്‌നങ്ങള്‍ വൃക്കകളില്‍ ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്. ഹൃദ്രോഗങ്ങള്‍ക്ക് നല്‍കുന്നത്ര തന്നെ പ്രാധാന്യം ഇപ്പോള്‍ വൃക്കസ്തംഭനത്തിനും നല്‍കുന്നുണ്ട്. രണ്ടവയവങ്ങളെയും ബാധിക്കുന്ന അസുഖങ്ങള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായിരിക്കും.


Tags- Renal deceases, Kidney, Uremia, Acute Renal Failure
Loading