Home>Diseases>Kidney Diseases
FONT SIZE:AA

വൃക്കയുടെ രക്ഷയ്ക്ക് കോള ഒഴിവാക്കാം

കോള ഇനത്തില്‍പ്പെട്ട ലഘുപാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍. ദിവസേന രണ്ടിലേറെ തവണ കോള കുടിക്കുന്നവര്‍ക്ക് വൃക്കരോഗം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണത്രെ. കോളകള്‍ക്ക് രുചി പകരാനും അവ കേടാകാതിരിക്കാനുമായി ചേര്‍ക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ് വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നത്.

ഫോസ്‌ഫേറ്റുകള്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കൂടുതലായി കഴിച്ചാല്‍ വൃക്കരോഗങ്ങളും വൃക്കയില്‍ കല്ലും ഉണ്ടാകാന്‍ സാധ്യത കൂടുമെന്ന് നോര്‍ത്ത് കാരലീനയില്‍ നടത്തിയ പഠനങ്ങളാണ് വ്യക്തമാക്കിയത്.

വൃക്കരോഗ സാധ്യതയുള്ളവര്‍ കോള പോലുള്ള പാനീയങ്ങളും ഫോസ്‌ഫേറ്റ് കൂടുതലായി അടങ്ങിയ ആഹാരമായ ഇറച്ചിയും ഒഴിവാക്കുന്നതാണ് നല്ലതെന്ന് 'എപ്പിഡമിയോളജി' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വൃക്കരോഗങ്ങള്‍ തടയാനുള്ള പോംവഴികളിലൊന്ന് ധാരാളം ജലം കുടിക്കുകയെന്നതാണ്. ദിവസേന രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നവര്‍ക്ക് വൃക്കയില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 40 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.
എം.കെ.
Tags- Renal deceases, Kidney, Uremia
Loading